തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 23-10-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 23-10-18  (Vatican Media)

പ്രത്യാശ: സമൂര്‍ത്ത പുണ്യം

പ്രത്യാശയെന്നത് യേശുവുമായുള്ള മുഖാമുഖ ദര്‍ശനം പ്രതീക്ഷിച്ചുള്ള ജീവിതം, അവിടന്നുമായുള്ള കൊച്ചു കൊച്ചു കൂടിക്കാഴ്ചകളില്‍ സന്തോഷിക്കാന്‍ അറിഞ്ഞിരിക്കുക- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പ്രത്യാശയെന്നത് അമൂര്‍ത്തമായ ഒരാശയമല്ല പ്രത്യുത നാം കാത്തിരിക്കുന്ന ഒരു അവകാശമാണ്, കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയാണ് എന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (23/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12,35-38 വരെയുള്ള വാക്യങ്ങള്‍, അതായത്, കല്ല്യാണവിരുന്നിനുപോയ യജമാനന്‍ തിരിച്ചുവരുന്നതും കാത്ത് ഭൃത്യന്മാര്‍ ഉണര്‍ന്നിരിക്കേണ്ടതിനെക്കുറിച്ചു യേശു പറയുന്ന ഭാഗവും, ക്രിസ്തുവില്‍ വിശ്വാസിക്കുന്നവര്‍ ഉടമ്പടിയുടെ വാഗ്ദാനത്തിന്‍റെ  അവകാശികളാണെന്ന് പൗലോസപ്പസ്തോലന്‍ എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ ഉദബോധിപ്പിക്കുന്ന ഭാഗവും, അതായത്, അദ്ധ്യായം 2,12-22 വരെയുള്ള വാക്യങ്ങളും, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

പ്രത്യാശയെന്നത് യേശുവുമായുള്ള മുഖാമുഖ ദര്‍ശനം പ്രതീക്ഷിച്ചുള്ള ജീവിതമാണെന്ന് പാപ്പാ പിറക്കാനിരിക്കുന്ന ശിശുവുമായുള്ള സന്തോഷസംദായക സമാഗമം കാത്ത് കഴിയുകയും ഗര്‍ഭസ്ഥ ശിശുവിനെ തലോടുന്നതിന് അനുദിനം സ്വന്തം ഉദരത്തെ തഴുകുകയും ചെയ്യുന്ന ഗര്‍ഭിണിയുടെ ജീവിതാവസ്ഥ അവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

പ്രത്യാശയില്‍ ജീവിക്കുകയെന്നത് ഒരു യാത്ര, ഒരു സമ്മാനത്തിനായുള്ള, ഈ ലോകത്തിലല്ല പരലോകത്തില്‍ നാം കണ്ടെത്തുന്നതായ ആനന്ദത്തിലേക്കുള്ള യാത്രയാണെന്നും മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും എന്നാല്‍ ഏറ്റം എളിയതും വ്യാമോഹിപ്പിക്കാത്തതുമായ ഒരു പുണ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദിവ്യകാരുണ്യത്തിലും പ്രാര്‍ത്ഥനയിലും സുവിശേഷത്തിലും ദരിദ്രരിലും സമൂഹജീവിതത്തിലും നാം യേശുവുമായി കണ്ടുമുട്ടുമ്പോഴെല്ലാം അവിടന്നുമായുള്ള നിയതമായ കൂടിക്കാഴ്ചയിലേക്ക് ഒരോ ചുവടു മുന്നേറുകയാണെന്നും പാപ്പാ പറഞ്ഞു.

യേശുവുമായുള്ള ചെറിയചെറിയ കൂടിക്കാഴ്ചകളില്‍ സന്തോഷിക്കാന്‍ അറിഞ്ഞിരിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2018, 13:00
വായിച്ചു മനസ്സിലാക്കാന്‍ >