തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 09-10-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 09-10-18  (Vatican Media)

ധ്യാനാത്മകതയും ശുശ്രൂഷയും ക്രിസ്തീയ ജീവിത ശൈലി

ക്രൈസ്തവന്‍റെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് മാര്‍ത്ത, മറിയം എന്നീ രണ്ടു സഹോദരികളുടെ പ്രവര്‍ത്തന ശൈലി നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവന്‍റെ ജീവിതം കര്‍ത്താവിനോടുള്ള പ്രയണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (09/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10,38-42 വരെയുള്ള വാക്യങ്ങള്‍, മാര്‍ത്തയുടെ ഭവനത്തില്‍ പ്രവേശിക്കുന്ന യേശുവിന്‍റെ ചാരെ അവളുടെ സഹോദരി മറിയം അവിടത്തെ വചനം ശ്രവിച്ചിരിക്കുന്നതും മാര്‍ത്തയാകട്ടെ ശ്രുശ്രൂഷകളില്‍ മുഴുകിയിരിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഭാഗവും വിശുദ്ധ പൗലോസ് ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 1,13-24 വരെയുള്ള വാക്യങ്ങളും ആയിരുന്നു പാപ്പായുടെ ചിന്തകള്‍ക്ക് അവലംബം.

മാര്‍ത്തയും മറിയവും ഏകുന്ന പാഠം

മാര്‍ത്ത, മറിയം എന്നീ രണ്ടു സഹോദരികളുടെ പ്രവര്‍ത്തന ശൈലി നമ്മെ പഠിപ്പിക്കുന്നത് ക്രൈസ്തവന്‍റെ ജീവിതം എങ്ങനെ ആയിരിക്കണം എന്നാണെന്ന് പാപ്പാ പറഞ്ഞു.

മറിയം കര്‍ത്താവിനെ ശ്രവിച്ചുകൊണ്ടിരുന്നുവെന്നും എന്നാല്‍ മാര്‍ത്തയാകട്ടെ ശുശ്രൂഷകളില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്നും തന്‍റെ സഹോദരന്‍ ലാസര്‍ മരിച്ചപ്പോള്‍ യേശു അടുത്തില്ലാതിരുന്നതിന് അവിടത്തെ കുറ്റപ്പെടുത്തുകപോലും ചെയ്ത ധൈര്യമുള്ളവളും മുന്നി‌ട്ടിറങ്ങുന്ന ഒരു സ്ത്രീയും യേശുവിനെ നോക്കിയുരുന്നു സമയം ചിലവഴിക്കാന്‍ കഴിവില്ലാത്തവളും, അതായത്, ധ്യാനാത്മകത ഇല്ലാത്തവളും ആയിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ധ്യാനാത്മകതയും ശുശ്രൂഷയും ആയിരിക്കണം ക്രൈസ്തവരുടെ ജീവിത ശൈലിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വ്യഗ്രതയില്‍ ജീവിതം

ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ പോകും എന്നാല്‍ ഒന്നിനും സമയമില്ലാത്ത, സ്വന്തം കുഞ്ഞുങ്ങളുടെ കൂടെപ്പോലും ചിലവഴിക്കാന്‍ സമയമില്ലാത്ത വ്യഗ്രചിത്തരായ നിരവധി ക്രൈസ്തവരുണ്ടെന്നും അതു ശരിയായ രീതിയല്ലയെന്നും പാപ്പാ പറഞ്ഞു.

“പ്രാര്‍ത്ഥനയും പ്രവര്‍ത്തവും”

പൗലോസപ്പസ്തോലന്‍റെ ജീവിതത്തെപ്പറ്റി സൂചിപ്പിച്ച പാപ്പാ ദൈവം അദ്ദേഹത്തെ തിരഞ്ഞടുത്തപ്പോള്‍ അദ്ദേഹം ഉടനെ പ്രസംഗിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നില്ല, മറിച്ച്, പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്, അദ്ദേഹത്തിനു വെളിപ്പെടുത്തപ്പെട്ട ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനിക്കയാണ് ചെയ്തതെന്ന് വിശദീകരിച്ചു.

“പ്രാര്‍ത്ഥനയും പ്രവര്‍ത്തവും” “ഓറ ഏത്ത് ലബോറ” (ORA ET LABORA) എന്ന   വിശുദ്ധ ബെനഡിക്ടിന്‍റെ ജീവിതനിയമം പൗലോസപ്പസ്തോലന്‍റെ ജീവിതത്തില്‍ സമൂര്‍ത്തമാക്കപ്പെട്ടിരുന്നതായി കാണാമെന്നും അദ്ദേഹം ഒരോ പ്രവര്‍ത്തിയും പ്രാര്‍ത്ഥനാ ചൈതന്യത്തിലായിരുന്നു, കര്‍ത്താവില്‍ നയനങ്ങളൂന്നിയായിരുന്നു ചെയ്തിരുന്നതെന്നും, കര്‍ത്താവിനോടു പ്രയണത്തിലായിരുന്ന പൗലോസിന്‍റെ  ഹൃദയത്തില്‍ നിന്ന് കര്‍ത്താവായിരുന്നു സംസാരിച്ചിരുന്നതെന്നും പാപ്പാ പറഞ്ഞു.

ആത്മശോധന

കര്‍ത്താവിനോട് പ്രണയത്തിലാണോ എന്ന് നാം ഒരോരുത്തരും സ്വയം ചോദിക്കണമെന്നും യേശുവിന്‍റെ രഹസ്യം ധ്യാനിക്കാന്‍ അനുദിനം എത്ര സമയം നീക്കിവയ്ക്കുന്നുണ്ടെന്ന് നാം ഒരോരുത്തരും ചിന്തിക്കണമെന്നും അതു പോലെതന്നെ വിശ്വാസത്തിനും സുവിശേഷത്തിനുമനുസൃതമാണോ നമ്മുടെ തൊഴില്‍ അതോ, ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്നതാണോ അത് എന്നും ചിന്തിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2018, 12:53
വായിച്ചു മനസ്സിലാക്കാന്‍ >