തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 19-10-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 19-10-18  (Vatican Media)

ഫരിസേയരുടെ "പുളിപ്പി"നെ സൂക്ഷിക്കുക-പാപ്പാ

നമ്മെ പുറത്തേക്കു വളര്‍ത്താന്‍ കഴിവുറ്റ പരിശുദ്ധാരൂപിയുടെ പുളിപ്പിനെ സ്വീകരിക്കുന്നതില്‍ വിമുഖരായിരിക്കും കാപട്യമുള്ള ക്രൈസ്തവര്‍ -പാപ്പായുടെ വചനസമീക്ഷ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധാരൂപി, ക്രൈസ്തവര്‍ രക്ഷപ്രാപിക്കുന്നതിന് ആവശ്യമായ പുളിമാവാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(19/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിക്കാനും ഭയം കൂടാതെ സാക്ഷ്യമേകാനും യേശു തനിക്കു ചുറ്റും കൂടിയ ജനങ്ങളെ ഉപദേശിക്കുന്ന സുവിശേഷ ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12,1-7 വരെയും, ദൈവമഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള നമ്മുടെ അവകാശത്തിന്‍റെ അച്ചാരമാണ് പരിശുദ്ധാരൂപിയെന്ന് പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ പഠിപ്പിക്കുന്ന ഭാഗം, ഒന്നാം അദ്ധ്യായം, 11-14 വരെയുള്ള വാക്യങ്ങളും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

നമ്മെ പുറത്തേക്കു വളര്‍ത്താന്‍ കഴിവുറ്റ പരിശുദ്ധാരൂപിയുടെ പുളിപ്പിനെ സ്വീകരിക്കുന്നതില്‍ വിമുഖരായിരിക്കും കാപട്യമുള്ള ക്രൈസ്തവര്‍ എന്ന് പാപ്പാ വിശദീകരിച്ചു.

കര്‍ത്താവ് നമുക്കേവര്‍ക്കുമായി നല്കിയിട്ടുള്ള അവകാശത്തിലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധാരൂപിയുടെ പുളിപ്പുമായിട്ടായിരിക്കണം നാം മുന്നേറേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മെ വളര്‍ത്തുന്ന പുളിപ്പിനെപ്പോലെതന്നെ നമ്മെ നശിപ്പിക്കുന്ന, നമ്മെ നമ്മിലേക്കു തന്നെ ചുരുക്കുന്ന പുളിപ്പുമുണ്ടെന്ന അപകടസൂചനയും പാപ്പാ നല്കി.

ഈ പുളിപ്പുള്ള മനുഷ്യര്‍ അവനവനില്‍ സ്വയം അടച്ചിടുന്നവരും പ്രകടനപരതയില്‍ തല്പരരും, അതായത്, ദാനം ചെയ്യുകയും അതു കൊട്ടി ഘോഷിക്കുകയും ചെയ്യുന്നവരും ആയിരിക്കുമെന്നു വിശദീകരിച്ച പാപ്പാ ഇങ്ങനെയുള്ളവര്‍ അവരുടെ ഉള്ളിലുള്ളവയെ, അതായത്, സ്വാര്‍ത്ഥതയെ  സംരക്ഷിക്കുന്നതില്‍, സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഉത്സുകരായിരിക്കുമെന്നു കുറ്റപ്പെടുത്തി.

ഇക്കൂട്ടര്‍, അവര്‍ക്ക് ഹിതകരമല്ലാത്ത എന്തെങ്കിലും ഉണ്ടാകുമ്പോള്‍, ഉദാഹരണമായി, അക്രമികള്‍ മൃതപ്രായനാക്കി വഴിയില്‍ ഉപേക്ഷിച്ച ഒരുവനെയോ, ഒരു കുഷ്ഠരോഗിയെയോ കണ്ടാല്‍, സ്വന്തം ആന്തരികനിയമങ്ങള്‍ക്കനുസൃതം, മുഖം തിരിച്ചു കടന്നു പോകുന്നവരായിരിക്കുമെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

എന്നാല്‍ പരിശുദ്ധാരൂപി പുളിമാവായുള്ളവര്‍ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും പോലും, സന്തോഷഭരിതരായിരിക്കുമെന്നും കപടനാട്യക്കാരാകാട്ടെ  ആനന്ദത്തിന്‍റെ  പൊരുളെന്തെന്ന് മറന്നുപോയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2018, 13:19
വായിച്ചു മനസ്സിലാക്കാന്‍ >