തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 16-10-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 16-10-18  (@Vatican Media)

"പ്രകടനപരതയുടെ പണ്ഡിതരെ" സൂക്ഷിക്കുക-പാപ്പാ

കര്‍ക്കശക്കാരായി, പരിപൂര്‍ണ്ണരായി പ്രത്യക്ഷപ്പെടുന്ന ക്രൈസ്തവര്‍ക്കു മുന്നില്‍, അവര്‍ അല്മായരാകാം, വൈദികരാകാം, മെത്രാന്മാരാകാം, ജാഗ്രതയുള്ളവരായിരിക്കുക- പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ക്കശക്കാരും പരിപൂര്‍ണ്ണരുമായി പ്രത്യക്ഷപ്പെടുന്ന ക്രൈസ്തവരെ സൂക്ഷിക്കുക- മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (09/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം 11,37-41 വരെയുള്ള വാക്യങ്ങള്‍, അതായത്, കപടനാട്യക്കാരായ ഫരിസേയരെയും നിയമജ്ഞരെയും യേശു വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഭാഗം, ആയിരുന്നു പാപ്പായുടെ ചിന്തകള്‍ക്ക്  അവലംബം.

ഈ ഫരിസേയരും നിയമജ്ഞരും ഔപചാരികതയുടെ മാതൃകകളായിരുന്നുവെന്നും അവരില്‍ ചൈതന്യം തുടിച്ചിരുന്നില്ലെന്നും അവരുടെ ഉള്ളം യേശുവിന് അറിയമായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

പാപങ്ങള്‍ പൊറുക്കുക, സാബത്തില്‍ രോഗസൗഖ്യം ഏകുക തുടങ്ങിയ യേശുവിന്‍റെ പ്രവൃത്തികള്‍ അവര്‍ക്ക് ഉതപ്പിനു കാരണമായിരുന്നുവെന്നും അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് ജനങ്ങളായിരുന്നില്ല, മറിച്ച്, നിയവും, ശാസനകളും, ചിട്ടവട്ടങ്ങളും ആയിരുന്നുവെന്നും പാപ്പാ പറഞ്ഞു.

പുറം മാത്രം നോക്കിയിരുന്ന അവരെ യേശു “വെള്ളയടിച്ച കുഴിമാടങ്ങള്‍” എന്നു വിളിച്ചത് അതുകൊണ്ടാണെന്നും പുറമെ പരിപൂര്‍ണ്ണരായി കാണപ്പെട്ട അവരുടെ അകം മലിനമായിരുന്നുവെന്നും അത്യാര്‍ത്തി, ദുഷ്ടത തുടങ്ങിയവയാല്‍ നിറഞ്ഞിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

യേശു ബാഹ്യരൂപവും ആന്തരികരൂപവും വേര്‍തിരിച്ചു കാട്ടുകയാണെന്നും ഈ ഫരിസേയരും നിയമജ്ഞരും “പ്രകടനപരതയുടെ പണ്ഡിതര്‍” ആയിരുന്നുവെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ കര്‍ക്കശക്കാരായി, പരിപൂര്‍ണ്ണരായി പ്രത്യക്ഷപ്പെടുന്ന ക്രൈസ്തവര്‍ക്കു    മുന്നില്‍, അവര്‍ അല്മായരാകാം, വൈദികരാകാം, മെത്രാന്മാരാകാം, ജാഗ്രതയുള്ളവരായിരിക്കാന്‍ പാപ്പാ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

രക്ഷ കര്‍ത്താവേകുന്ന ദാനമാണെന്നും  അവിടന്ന് സ്വാതന്ത്ര്യത്തിന്‍റെ അരൂപിയെ പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ കപടനാട്യക്കാരില്‍ ഈ അരൂപിയുടെ അഭാവം ഉണ്ടെന്നും  അവരുടെ ഹൃദയം കൃപയ്ക്കായി തുറന്നിട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

16 October 2018, 13:23
വായിച്ചു മനസ്സിലാക്കാന്‍ >