തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 05-10-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 05-10-18  (Vatican Media)

ഔപചാരിക ക്രിസ്തീയ ജീവിത ശൈലി യേശുവിനെ കരയിക്കുന്നു-പാപ്പാ

ക്രിസ്തുവില്ലാത്ത ഒരു ക്രിസ്തീയ ജീവിതം നയിക്കുമ്പോള്‍, ഉപരിപ്ലവമായ ക്രിസ്തീയ ജീവിതം നയിക്കുമ്പോള്‍ നാം യേശുവിനെ നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് തുരത്തുകയാണ്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുവിശഷത്തെ യേശുവുമായുള്ള വൈക്തിക ബന്ധമായി കാണാതെ വെറും സാമൂഹ്യ-സമൂഹശാസ്ത്രപരങ്ങളായ ഒരു യാഥാര്‍ത്ഥ്യമായി കാണുന്ന പ്രവണത ഹാനികരമെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(05/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സുവിശേഷത്തിലൂടെ യേശു എന്നോടും നിങ്ങളോടും, നമ്മോടോരോരുത്തരോടും സംസാരിക്കുന്നു. അവിടത്തെ പ്രസംഗം നമുക്കോരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്, പാപ്പാ ഉദ്ബോധിപ്പിച്ചു.

എന്തുകൊണ്ടാണ് യേശുവിന്‍റെ പ്രസംഗം ശ്രിവിച്ചയുടനെ വിജാതീയര്‍ അവിടത്തോടൊപ്പം പോയതെന്നും  ക്രൈസ്തവ സമുദായത്തില്‍ ജനിച്ച വ്യക്തി ക്രിസ്തുമതത്തെ ഒരു സാമൂഹ്യവസ്ഥയായി കാണുന്നതെന്നും ചോദിച്ച പാപ്പാ നാം ക്രൈസ്തവികതയെ അതായിരിക്കുന്ന രീതീയില്ലാതെ വെറും ഔപചാരികമായി ജീവിക്കുമ്പോള്‍ യേശു കണ്ണീര്‍ പൊഴിക്കുന്നുവെന്നു പറഞ്ഞു.

കാപട്യത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ പാപികളുടെ ദ്വൈമുഖത്തെയും നീതിമാന്മാരുടെ ദ്വൈമുഖത്തെയും കുറിച്ച് വിശദീകരിച്ചു.

യേശുവിന്‍റെ സ്നേഹത്തോടുള്ള ഭയം, യേശുവിനാല്‍ സ്നേഹിക്കപ്പെടാന്‍ സ്വയം അനുവദിക്കുന്നതിനുള്ള ഭയമാണ് നീതിമാന്മാരുടേതെന്നും അത്തരക്കാര്‍ യേശുവുമായുള്ള ബന്ധത്തെ സ്വന്തം ഹിതാനുസാരം ക്രമപ്പെടുത്തുന്നവരാണെന്നും പാപ്പാ പറഞ്ഞു.

ദേവാലയത്തില്‍ പോകുന്ന അവര്‍ യേശുവിനെ അവിടെ നിറുത്തുന്നു, തങ്ങളോടൊപ്പം ഭവനത്തിലേക്കു പോരാന്‍ അവര്‍ അവിടത്തെ അനുവദിക്കുന്നില്ല എന്ന് പാപ്പാ വ്യക്തമാക്കി.

അപ്പോള്‍ യേശു നമ്മോടൊപ്പം ഭവനത്തിലേക്കു വരുന്നില്ല, കുടുംബത്തില്‍, മക്കളുടെ ശിക്ഷണത്തില്‍, വിദ്യാലയത്തില്‍, നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ അവിടത്തെ സാന്നിധ്യം ഉണ്ടാകില്ല എന്നു പറഞ്ഞ പാപ്പാ ഒരു ആത്മശോധന നടത്താന്‍ എല്ലാവരെയും ക്ഷണിച്ചു.

ക്രിസ്തുവില്ലാത്ത ഒരു ക്രിസ്തീയ ജീവിതം നയിക്കുമ്പോള്‍, കപടമായ ക്രിസ്തീയ ജീവിതം, ഉപരിപ്ലവമായ ക്രിസ്തീയ ജീവിതം നയിക്കുമ്പോള്‍ നാം യേശുവിനെ നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് തുരത്തുകയാണ്, യേശു നമ്മോടുകൂടെയുണ്ടെന്ന് ഭാവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും ക്രൈസ്തവരെന്ന് അഭിമാനിക്കുകയും വിജാതീയരെപ്പോലെ ജീവിക്കുകയുമാണെന്നും പാപ്പാ കുറ്റപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2018, 13:15
വായിച്ചു മനസ്സിലാക്കാന്‍ >