തിരയുക

സാന്താ മാര്‍ത്തിയിലെ വചനവേദി സാന്താ മാര്‍ത്തിയിലെ വചനവേദി  (Vatican Media)

നല്ലമ്മയും പാപികളായ മക്കളും : സഭയുടെ മാനുഷികരൂപം

സെപ്തംബര്‍ 20-‍Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ വചനഭാഗത്തെ ആസ്പദമാക്കി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭയെ സദാ കാത്തുരക്ഷിക്കണേയെന്നു യേശുവിനോടും പ്രാര്‍ത്ഥിക്കാം, തന്‍റെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് അവളെ സംരക്ഷിക്കട്ടെ, മക്കളായ  നമുക്കു മാപ്പു നല്കി നമ്മെ ഓരോരുത്തരെയും അവിടുന്നു പരിപാലിക്കട്ടെ. കാരണം അമ്മ വിശുദ്ധയാണെങ്കിലും മക്കള്‍ പാപികളും കുറവുകളുള്ളവരുമാണ്. ആദ്യ വായന പൗലോസ് അപ്പോസ്തോലന്‍ കൊറീന്തിയര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തെയും, വിശുദ്ധ ലൂക്കായുടെ സുവിശേഷ ഭാഗത്തെയും ആധാരമാക്കിയാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (1കൊറി. 15, 1-11... ലൂക്ക 7, 36-50).

ക്രിസ്തു തിരിച്ചിയുന്ന എളിയ സ്നേഹം
യേശു നമ്മുടെ ചെറിയ സ്നേഹചെയ്തികളെ തിരിച്ചറിയുന്നു. ദിവ്യബലിയിലെ വചനഭാഗത്തുനിന്നും മൂന്നുതരം വ്യക്തിത്വങ്ങളെ പാപ്പാ
ചിന്തയ്ക്ക് ആധാരമാക്കി. ക്രിസ്തുവും ശിഷ്യന്മാരും, പൗലോസും പാപിനിയായ സ്ത്രീയും. ചിലപ്പോള്‍ രഹസ്യമായി പാപിനിയെ സന്ദര്‍ശിച്ചിരുന്നു കപടനാട്യക്കാരായ ഫരീസേയരും നിയമജ്ഞന്മാരും ദേവാലയ പ്രമാണികളും. എന്നിട്ടും അവര്‍ തന്നെയാണ് അവളെ ക്രിസ്തുവിന്‍റെ മുന്നില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുവന്നത്. അവള്‍ ക്രിസ്തുവില്‍ ശരണപ്പെടുന്നു. അവള്‍ അനുതാപത്തോടും സ്നേഹത്തോടുംകൂടെയാണ് അവള്‍ അവിടുത്തെ കാണുന്നത്. ഇത്തിരി സുഖവും സന്തോഷവും തേടിയവള്‍ തന്‍റെ മ്ലേച്ഛാവസ്ഥയില്‍നിന്നുമുള്ള രക്ഷയ്ക്കായി ദൈവത്തില്‍ ശരണപ്പെടുവാനുള്ള തുറവും ധൈര്യവും കാട്ടുന്നു. ഇതുതന്നെയാണ് പൗലോസ് അപ്പസ്തോലന്‍ ചെയ്തത്. ക്രിസ്തുവിന്‍റെ മറ്റ് അപ്പോസ്തോലന്മാരെപ്പോലെയല്ല താന്‍. താന്‍ നിസ്സാരനും പാപിയുമാണെന്ന് പൗലോസ് ഏറ്റുപറയുന്നു. അകാലജാതനാണ് താനെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. താനൊരു പാപിയും ബലഹീനനുമാണെന്ന സത്യം പൗലോസു മറച്ചുവയ്ക്കുന്നില്ല. തന്‍റെ ഹൃദയം ക്രിസ്തുവിനും അവിടുത്തെ വെളിപാടിനും എതിരെ കൊട്ടിയടച്ചവാനായിരുന്നെന്നും, ക്രൈസ്തവരെ പീഡിപ്പിച്ചിരുന്നവനായിരുന്നെന്നും പൗലോസ് ഏറ്റുപറയുന്നു. അത് നിയമത്തെ പ്രതിയുള്ള അപക്വമാര്‍ന്ന സ്നേഹമായിരുന്നെന്ന് പൗലോശ്ലീഹ തന്‍റെ ലേഖനത്തില്‍ ഏറ്റുപറയുന്നു. ഇത്തിരി സുഖവും പ്രശസ്തിയും സൗകര്യങ്ങളും തേടി ജീവിച്ചവര്‍ ക്രിസ്തുവിന്‍റെ മുന്നില്‍ മാനസാന്തരപ്പെടുന്നു. അവള്‍ ഒഴുക്കിയ ഒത്തിരി സ്നേഹം അവളുടെ വലിയ പാപങ്ങള്‍ ക്ഷമിക്കപ്പെടാന്‍ കാരണമായി. ഇങ്ങനെ സ്നേഹം തേടിയ പാപികള്‍ മറ്റാര്‍ക്കുംമുന്നെ ദൈവരാജ്യത്തില്‍ പ്രവേശിക്കുമെന്ന് ഈശോ പറയുന്നു.

കപടനാട്യക്കാരുടെ ഉതപ്പ്
കപടതയുടെ ഉതപ്പ് എന്താണ്? സമൂഹത്തില്‍ സ്വയം നന്മയെന്നും നല്ലതെന്നും നടിക്കുന്നവര്‍... ദ്വൈമുഖം അണിയുന്നവര്‍.... ഇരട്ടത്താപ്പു നയമുള്ളവരാണ്. അവര്‍ സ്വാര്‍ത്ഥതയില്‍ സുഖലോലുപരായി ജീവിക്കുന്നു. വെള്ളയടിച്ച കുഴിമാടങ്ങളെന്ന് ക്രിസ്തു അവരെ വിശേഷിപ്പിച്ചിട്ടുണ്ട്. കാപട്യം ക്രിസ്തുശിഷ്യര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.  വിശുദ്ധരെന്നും നീതിമാന്മാരെന്നുമുള്ള മൂടുപടമണിഞ്ഞ് ജീവിക്കാനാകുമോ? എന്നിട്ട് ബാഹ്യമായ നേട്ടങ്ങളിലും സംവിധാനങ്ങളിലും വിജയം ഘോഷിച്ചും സ്വയം ന്യായീകരിച്ചു മുന്നോട്ടു പോകാനാകുമോ? തിരുത്തേണ്ടിയിരിക്കുന്നു. മൂല്യങ്ങളില്‍ അടിയുറച്ചു ജീവിക്കേണ്ടിയിരിക്കുന്നു.

കപടന്മാരുള്ളിടത്ത് ‘പിശാചു’ ഭരിക്കും
പാപികള്‍ക്കും, വിവാഹബന്ധം തകര്‍ന്നുപോയവരും ദൈവത്തിങ്കലേയ്ക്ക് അടുക്കാന്‍ സഭ വഴിതുറക്കണം. ദേവാലയ കവാടങ്ങള്‍ അവര്‍ക്കായ് തുറന്നുകൊടുക്കണ​! ആരെയും നാം ക്രിസ്തുവിന്‍റെ രക്ഷയില്‍നിന്നും തടയരുത്. അധികാരത്തിലുള്ളവര്‍ വിശുദ്ധ പദത്തില്‍ എത്തിയവരെന്നു നടിച്ച് മറ്റുള്ളവരെ വിധിക്കുരുത്. കപടനാട്യക്കാര്‍ തിന്മയുടെ പിടിയിലാണ്. അവര്‍ സഭയെ ഭരിച്ചാല്‍ പാപികള്‍ക്ക് രക്ഷയില്ല. കാരണം പാപികള്‍ രക്ഷ തേടിയാണ് സഭയില്‍ വരുന്നത്. കപടന്മാര്‍ സഭയ്ക്കുള്ളിലിരുന്നാല്‍ പാപികള്‍ അകന്നുപോകും. അവര്‍ക്ക് രക്ഷയില്ലാതാകും. തിന്മ, പിശാച് കപടന്മാരിലൂടെ വിജയം വരിക്കും. സഭയില്‍ നന്മയില്ലാതാകും, സമൂഹത്തില്‍ നന്മയില്ലാതാകും.

ദൈവികകാരുണ്യത്തില്‍ അഭയം തേടുന്നവര്‍
യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ കരുണതേടുന്നവര്‍, അനുതാപത്തോടെ ദൈവത്തിന്‍റെ കരുണതേടുന്നവര്‍ രക്ഷപ്രാപിക്കുന്നു. അവര്‍ക്ക് ദൈവത്തിന്‍റെ കരുണ സമൃദ്ധമായി ലഭിക്കുന്നു. ഇതാണ് യേശുവിന്‍റെ കാരുണ്യം. അവിടുന്ന പാപികളെ സ്വീകരിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യുന്നു. ക്രിസ്തു കരുണയുള്ളവനായിരുന്നതുപോലെ നമുക്കും കരുണയുള്ളവരായിരിക്കാം. പീഡകനും ക്രിസ്തുമത വിദ്വേഷിയുമായിരുന്ന പൗലോസിന് ക്രിസ്തു മാനസാന്തരം നല്കി. അതുപോലെ പാപിനിയായ സ്ത്രീക്കും. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച യഥാര്‍ത്ഥമായ സ്നേഹത്തിലുള്ളതാകുമ്പോള്‍ വ്യക്തിക്ക് രക്ഷയും നവജീവനും ലഭിക്കുന്നു. കാപട്യത്തിന്‍റെ മുഖമുള്ളവര്‍ക്ക് രക്ഷയും നവജീവനും നഷ്ടമാകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2018, 09:44
വായിച്ചു മനസ്സിലാക്കാന്‍ >