തിരയുക

Vatican News
സാന്താ മാര്‍ത്തയിലെ വചനവേദി സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

ജീവിതത്തിന്‍റെ വേരുകള്‍ മറന്നുപോകരുത്!

അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ മത്തായിയുടെ അനുസ്മരണ നാള്‍, സെപ്തംബര്‍ 21-‍Ɔο തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തു വിളിച്ച ചുങ്കക്കാരന്‍
മത്തായി ചുങ്കക്കാരനായിരുന്നു. പണത്തോടുള്ള ആര്‍ത്തിമൂലം അയാള്‍ അഴിമതിക്ക് അടിമയായി. അയാള്‍ സ്വന്തം ജനങ്ങളെ വഞ്ചിച്ചും റോമാക്കാര്‍ക്കുവേണ്ടി പണപ്പിരിവു നടത്തിയും ധനികനായി ജീവിച്ചു. നാടിന്‍റെ വഞ്ചകന്‍! അപ്പോള്‍ ചിലരെങ്കിലും ചിന്തിക്കാം, ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതില്‍ ക്രിസ്തുവിനു യാതൊരു മാനദണ്ഡവുമില്ലെന്ന്. കാരണം, മത്തായിയെ തിരഞ്ഞെടുത്തതുപോലെ മറ്റു പലരെയും തിരഞ്ഞെടുത്തത് വളരെ ലോലമായ ഇടങ്ങളില്‍നിന്നായിരുന്നെന്നു കാണാം. ഉദാഹരണത്തിന് സമറിയക്കാരി സ്ത്രീ വരുന്നത് വിജാതീയ ദേശത്തുനിന്നാണ്. പിന്നെ ഇവരെയെല്ലാം അവിടുന്നു തന്‍റെ അടുത്ത സഹപ്രവര്‍ത്തകരായ അപ്പസ്തോലന്മാരായും നിയോഗിച്ചു.

വിളി കേട്ടിറങ്ങിയവര്‍
അങ്ങനെ ദൈവം ഏറെ താഴ്മയില്‍നിന്നും വിനീതാവസ്ഥയില്‍നിന്നുമാണ് വിശുദ്ധാത്മാക്കളെ വിളിച്ചിട്ടുള്ളതെന്ന് സഭാചരിത്രത്തില്‍ കാണാം. ഏറ്റവും താണ അവസ്ഥയില്‍നിന്നു വിളിക്കപ്പെട്ട എത്രയോ പേരാണ് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്‍റെ താഴ്മയുടെ ചുറ്റുപാടുകളെക്കുറിച്ച് ക്രൈസ്തവന് നല്ല അവബോധം ആവശ്യമാണ്. നമ്മുടെ ജീവിതവേരുകളെക്കുറിച്ചും, അവസ്ഥയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും നല്ല അവബോധമുള്ളവരായി ജീവിക്കാം. നമ്മുടെ ജീവിത തിരഞ്ഞെടുപ്പില്‍ വിളിച്ചവന്‍റെ ഔദാര്യവും സ്നേഹവും കാരുണ്യവും സീമാതീതമാണ്, അളവില്ലാത്തതാണ്. ദൈവം തന്ന ദാനങ്ങളെക്കുറിച്ച് ഓര്‍മ്മയുള്ളവരായും, എന്നെ ഒരു ക്രിസ്ത്യാനിയും പ്രേഷിതനുമായി വിളിച്ച ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കുക!

ജീവിതത്തിന്‍റെ വേരുകള്‍ മറക്കാത്ത മത്തായി
വിളി കേട്ട് യേശുവിനെ അനുഗമിച്ച ചുങ്കക്കാരനായ മത്തായി പിന്നെ വ്യത്യസ്ത മനുഷ്യനാണ്. അയാള്‍ പിന്നൊരിക്കലും തന്‍റെ പണസഞ്ചിയുടെ പൊങ്ങച്ചം കാണിക്കയോ, തന്‍റെ അധികാര സ്ഥാനത്തെക്കുറിച്ചു പറയുകയോ ഒന്നും ചെയ്യുന്നില്ല, ജീവിതത്തില്‍ ഉടനീളം ക്രിസ്തുവിന്‍റെ സുവിശേഷത്തിനായി അയാള്‍ ജോലിചെയ്യുകയായിരുന്നു. എന്നാല്‍ പ്രേഷിതന്‍ തന്‍റെ മൂലം മറന്ന് തന്‍റെ ശുശ്രൂഷയുടെ സ്ഥാനം ഒരു തൊഴിലായി കാണുമ്പോള്‍, അയാള്‍ ക്രിസ്തുവില്‍നിന്ന് അകന്നുപോകുന്നു. അയാള്‍ പിന്നെ ഒരു ഉദ്യോഗസ്ഥനായി മാറും. ചിലപ്പോള്‍ അയാള്‍ എല്ലാജോലിയും നന്നായി ചെയ്യുന്നുണ്ടാകാം, പക്ഷെ അയാള്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ പ്രേഷിതനാകണമെന്നില്ല. അങ്ങനെ അയാളുടെ ജീവിതത്തില്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനാവാത്തവരായി മാറും. അയാള്‍ ധാരാളം അജപാലന പദ്ധതികളുള്ള മനുഷ്യനാകാം, പക്ഷെ അവസാനം ഒരു കച്ചവടക്കാരനെപ്പോലെയായിരിക്കും. ദൈവരാജ്യത്തിലെ ഒരു കച്ചവടക്കാരന്‍ പക്ഷെ, എവിടെനിന്ന് എന്തിനായി വിളിക്കപ്പെട്ടുവെന്ന കാര്യം അയാള്‍ മറന്നുപോയെന്നു മാത്രം! അതിനാല്‍ നമ്മുടെ ജീവിതത്തിന്‍റെ ആരംഭം എവിടെനിന്നാണെന്നും, മൂലം എന്താണെന്നും മറന്നുപോകരുത്.

ജീവിതത്തില്‍ ഉദാരമതികളാകാം!
നമ്മിലെ കുറവുകളെക്കുറിച്ച് അവബോധമുള്ളവരാകണം. നമ്മിലേയ്ക്കു നോക്കുക. അപരന്‍റെ കുറവുകള്‍ കണ്ടുപിടിക്കാനും അതു വിളിച്ചു കൂവാനും എളുപ്പമാണ്. ഇങ്ങനെയുള്ളൊരു ‘പരവ്യഗ്രത,’  അപരനെക്കുറിച്ചുള്ള വ്യഗ്രത അപകടകാരിയാണ്. അതു നമ്മെ രോഗിയാക്കാം. നമ്മെ എവിടെനിന്നു വിളിച്ചു... വിളിച്ചവന്‍ എങ്ങോട്ടാണ് നയിക്കുന്നത് എന്നാണു ശ്രദ്ധിക്കേണ്ടത്. മഹത്തായ കാര്യങ്ങള്‍ക്കായിട്ടാണ് ദൈവം പ്രേഷിതരെ വിളിക്കുന്നത്. അതിനാല്‍ ക്രൈസ്തവനായിരിക്കുന്നത് മഹത്തരമാണ്, മനോഹരമാണ്. പക്ഷെ വിളികേട്ടവന്‍ മടിക്കുന്നു, പിന്‍തിരിയുന്നു, പാതി മനസ്സുകാട്ടുന്നു. ക്രിസ്തുവില്‍നിന്നും അകന്നുപോകുന്നു. നാം വിളിച്ചവനോട് ഉദാരമതികളാകേണ്ടിയിരിക്കുന്നു. അവിടുന്നു നമുക്കായി കാത്തിരിക്കുന്നു! അതിനാല്‍ വിളിയോടു സത്യസന്ധമായി പ്രതികരിച്ചുകൊണ്ട അനുദിനം ക്രിസ്തുവിനോട് അടുക്കേണ്ടിയിരിക്കുന്നു.

ക്രിസ്തു മത്തായിയുടെ ഭവനത്തില്‍
എല്ലാം ഉപേക്ഷിച്ച മത്തായി ക്രിസ്തുവിനെ തന്‍റെ ഹൃദയത്തില്‍ എന്നപോലെ ഭവനത്തിലും സ്വീകരിച്ചു. വീട്ടില്‍ വിരുന്നൊരുക്കി. തന്‍റെ ഗുരുവിന്‍റെ സാന്നിദ്ധ്യം ആഘോഷിക്കുന്ന വിരുന്നിലേയ്ക്ക് പഴയ കൂട്ടുകാരെയും വിളിച്ചു - നിയമജ്ഞരെയും ചില ഫരീസേയരേയും, സമൂഹത്തിലെ പ്രമാണികളെയും വിളിച്ചു. മത്തായിക്കൊപ്പമുള്ള ക്രിസ്തുവന്‍റെ സാന്നിദ്ധ്യം അവര്‍ക്കു പിടിച്ചില്ല. അവര്‍ ഉടനെ പിറുപിറുക്കാന്‍ തുടങ്ങി. ഇയാള്‍ കൈകഴുകാതെ വിരുന്നു മേശയില്‍ ഇരിക്കുന്നല്ലോ! ആരോപണമായി. വിരുന്ന് അശുദ്ധമാക്കുന്നു. അശുദ്ധരായയവരുടെ കൂടെയിരിക്കുന്നത് തൊട്ടുതീണ്ടലായി! ഇയാള്‍ പാപികളുടെകൂടെ സഞ്ചരിക്കുന്നവനാണ്! ആരോപണത്തിന്‍റെ നീണ്ട പട്ടിക.

കാരുണ്യമാണ് ദൈവികരഹസ്യം!
ദൈവത്തിന്‍റെ ഹൃദയം കരുണാര്‍ദ്രമാണ്!
ക്രിസ്തു മറുപടി പറഞ്ഞു. കരുണയാണ് എനിക്കാവശ്യം, ബലിയല്ല. ദൈവത്തിന്‍റെ കരുണ സകലരിലും എത്തുന്നു, അത് സകലര്‍ക്കുമുള്ളതാണ്. അവിടുന്നു സകലരോടും ക്ഷമിക്കുന്നു. അവിടുത്തെ കാരുണ്യം അനന്തമാണ്.

ക്രിസ്തുവിന്‍റെ വാക്കുകള്‍ കേട്ട് പതറിയവരോട്, വീണ്ടും അവിടുന്നു പറഞ്ഞു. ആരോഗ്യവാന്മാര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവികകാരുണ്യം മനസ്സിലാക്കാനാകുന്നത് അതിശ്രേഷ്ഠമാണ്. കാരണം ദൈവിക സത്തയാണ് കരുണ, മനുഷ്യരോടുള്ള ദൈവത്തിന്‍റെ പതറാത്ത കാരുണ്യം, ക്ഷമിക്കുന്ന സ്നേഹം. അതിനാല്‍ ദൈവത്തെ പ്രാപിക്കാന്‍ നമുക്ക് കാരുണ്യത്തിന്‍റെ വഴി തേടാം. നമുക്ക് കരുണയുള്ളവരായി ജീവിക്കാം!!

22 September 2018, 10:18
വായിച്ചു മനസ്സിലാക്കാന്‍ >