ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 18-09-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 18-09-18  (� Vatican Media)

ഇടയന്‍റെ അധികാരം എളിമയില്‍ നിന്ന്!

ശക്തന്മാരുടെ വൃന്ദത്തിന്‍റെയല്ല ജനങ്ങളുടെ കൂടെ ആയിരിക്കണം ഇടയന്‍-പാപ്പായുടെ വചനസമീക്ഷ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇടയന്‍ എളിയമുള്ളവനും ജനത്തിന്‍റെ ചാരെ ആയിരിക്കുന്നവനും ആകണം, പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച (18/09/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ കുര്‍ബ്ബാനയില്‍ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7,12-19 വരെയുള്ള വാക്യങ്ങള്‍, നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുന്ന സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഭാഗം, ആയിരുന്നു പാപ്പായുടെ ചിന്തകള്‍ക്ക് അവലംബം.

യേശുവിന് ഇടയന്‍ എന്ന നിലയിലുള്ള അധികാരം  അവിടത്തെ എളിമയുടെയും ജനങ്ങളോടുള്ള സാമീപ്യത്തിന്‍റെയും അവരോടുള്ള അനുകമ്പയുടെയും ഫലമാണെന്ന് പാപ്പാ വിശദീകരിച്ചു.

ആകയാല്‍ ഈ മനോഭാവങ്ങളാണ്, ഈ ഗുണങ്ങളാണ് ഓരോ ഇടയനും ഉണ്ടായിരിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഇടയന്മാര്‍ ശക്തന്മാരുടെ സംഘങ്ങളോടും ആത്മാവിനെ വിഷലിപ്തമാക്കുന്ന സിദ്ധാന്തങ്ങളോടും അല്ല, ജനങ്ങളോടാണ് അടുത്തിരിക്കേണ്ടതെന്നു ഉദ്ബോധിപ്പിച്ചു.

താന്‍ മിശിഹായാണെന്നും, പ്രവാചകനാണെന്നും ഉച്ചത്തില്‍ വിളിച്ചുപറയകയും അത്ഭുത രോഗസൗഖ്യം നല്കിയപ്പോഴും അപ്പവര്‍ദ്ധപ്പിച്ചപ്പോഴുമൊന്നും കാഹളമൂതുകയും ചെയ്തില്ല മറിച്ച് വിനയത്തോടെ, ജനങ്ങളുടെ ചാരെ ആയിരുന്നുകൊണ്ടാണ് ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും പ്രസംഗങ്ങള്‍ നടത്തിയതുമെന്ന് പാപ്പാ വിശദീകരിച്ചു.

മറിച്ച് നിയമജ്ഞരാകട്ടെ സിംഹാസനത്തില്‍ ഇരുന്നു പഠിപ്പിക്കുകയും ജനങ്ങളില്‍ നിന്ന് അകന്നു നില്ക്കുകയുമായിരുന്നു, അവര്‍ക്ക് ജനങ്ങളുടെ കാര്യത്തില്‍ താല്പര്യില്ലായിരുന്നു, കല്പനകള്‍ നല്കുകമാത്രമായിരുന്നു, പാപ്പാ പറഞ്ഞു.

ജനങ്ങളുടെ അടുത്തല്ലാത്തപ്പോഴൊക്കെ യേശു പിതാവിന്‍റെ കൂടെ ആയിരുന്നു, പിതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്ന് സുവിശേഷങ്ങളില്‍ വ്യക്തമാണെന്ന് പാപ്പാ അനുസ്മരിച്ചു.

ദു:ഖവെള്ളിയാഴ്ച, ജനം തന്നെ നിന്ദിക്കുകയും തന്നെ ക്രൂശിക്കണമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തപ്പോള്‍ യേശു മൗനം പാലിക്കുകയും ധനത്തിന്‍റെയും ആധികാരത്തിന്‍റെയും ശക്തിയാല്‍ വഞ്ചിതരായ ആ ജനത്തോടു അനുകമ്പകാട്ടുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയുമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

സാത്താന്‍ അഴിഞ്ഞാടുമ്പോള്‍, ഇടയന്‍ കുറ്റാരോപിതനാകുമ്പോള്‍, സഹനത്തിന്‍റെ  നിമിഷങ്ങളില്‍, ജനങ്ങളിലൂടെ, നിരവധിയായ ശക്തന്മാരിലൂടെ ആ വലിയ ആരോപകന്‍ കുറ്റം ആരോപിക്കുമ്പോള്‍ ഇടയന്‍ സഹിക്കുകയും ജീവന്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

യേശു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന കുരിശിലേറുന്നതിന് അവിടത്തേക്കു ധൈര്യം പകര്‍ന്നു. പാപ്പാ പറഞ്ഞു.

യേശുവിന്‍റെ ഇടയനടുത്ത ആ അധികാരം സഭയില്‍ ഇടയന്മാരായ എല്ലാവര്‍ക്കും   ഉണ്ടെന്നു പറഞ്ഞ പാപ്പാ ഈ അധികാരം പരിശുദ്ധാരൂപിയുടെ ദാനമാണെന്ന് ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2018, 13:39
വായിച്ചു മനസ്സിലാക്കാന്‍ >