തിരയുക

Vatican News
2018-06-19 Papa Francesco celebra Messa santa Marta 2018-06-19 Papa Francesco celebra Messa santa Marta  (Vatican Media)

സ്ത്രീയെ ചൂഷണംചെയ്യുന്നത് ദൈവനിന്ദയാണ്!

വെള്ളിയാഴ്ച രാവിലെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷ വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ പാപംചെയ്യുന്നു. തന്‍റെ ഭാര്യയെ പരിത്യജിക്കുന്നവനും അവളെ വ്യഭിചാരത്തിന് ഇരയാക്കുകയാണ്. ക്രിസ്തുവന്‍റെ സുവിശേഷ വചനങ്ങളെ ആസ്പദമാക്കിയാണ് പാപ്പാ ഉദ്ബോധിപ്പിച്ചത് (മത്തായി 5, 27-32).

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തു നടപ്പാക്കിയ മൗലികമായ മാറ്റം
സ്ത്രീകളെ രണ്ടാം തരമായി കണ്ടിരുന്ന പഴയ സാമൂഹിക രീതിയെയാണ് ക്രിസ്തു ചോദ്യംചെയ്തതും മാറ്റിമറിച്ചതും. സഭ്യമായ ഭാഷയില്‍ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ, അടിമയെപ്പോലെ ക്രിസ്തുവിനു മുന്‍പുള്ള കാലത്ത് സ്ത്രീയെ കരുതിയിരുന്നു. എന്നാല്‍ ക്രിസ്തുവാണ് അവളെ മോചിപ്പിക്കുന്നത്. അങ്ങനെ സ്ത്രീകള്‍ ക്രിസ്തുവിനുമുന്‍പും ക്രിസ്തുവിനുശേഷവും എന്ന രണ്ടു വ്യക്തമായ അവസ്ഥ നമുക്ക് ചരിത്രത്തില്‍ നിരീക്ഷിക്കാവുന്നതാണ്.

അവിടുത്തെ പ്രബോധനത്തില്‍ പുരുഷനെപ്പോലെ തന്നെ സ്ത്രീയും ദൈവത്തിന്‍റെ പ്രതിച്ഛായയിലും അന്തസ്സിലും സൃഷ്ടിക്കപ്പെട്ടവളാണ്. അതിനാല്‍ ഒരിക്കലും സ്ത്രീയെ രണ്ടാംതരമായി കാണരുത്. ക്രിസ്തുവിന്‍റെ നിലപാടിനെയും പ്രബോധനത്തെയും ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. നമുക്കു ചുറ്റും അയല്‍പക്കങ്ങളില്‍ കാണുന്ന ഒമ്മയുടെയും, സഹോദരിയുടെയും, വധുവിന്‍റെയും, സഹപ്രവര്‍ത്തകയുടെയും, വേലക്കാരിയുടെയും, സ്നേഹിതയുടെയും അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടാതെ എങ്ങനെ പുരുഷനുമാത്രം തന്‍റെ ദൈവികപ്രതിച്ഛായയും അന്തസ്സും സംരക്ഷിക്കാനാവും? പാപ്പാ വചനചിന്തയില്‍ ആരാഞ്ഞു.

2. മനുഷ്യന്‍റെ തൃഷ്ണയ്ക്ക് ഇരകളാകുന്നവര്‍
ഇന്ന് സ്ത്രീകളെ ഉപഭോഗവസ്തുക്കളെപ്പോലെയാണ് സമൂഹം കാണുന്നത്. ടെലിവിഷന്‍ പരിപാടികളിലും, പത്രമാസികകളിലും സ്ത്രീകള്‍ ചിത്രീകരിക്കപ്പെടുന്നത് സൂപ്പര്‍ മാര്‍ക്കറ്റിലെ ഉപയോഗ സാധനങ്ങളെപ്പോലെയാണ്. ഒരു തക്കാളിയോ ആപ്പിളോപോലെ എവിടെയും സ്ത്രീകളെ വിവസ്ത്രരാക്കിയും തരംതാഴ്ത്തിയും, അന്തസ്സില്ലാതെ ചിത്രീകരിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുവഴി ക്രിസ്തു പഠിപ്പിച്ച സ്ത്രീത്വത്തിന്‍റെ അന്തസ്സ് ഇന്ന് കാറ്റില്‍ പറത്തപ്പെടുകയാണ്. സ്ത്രീകള്‍ നമ്മുടെ വീടുകളിലും തൊഴില്‍ ശാലകളിലും, ഓഫീസുകളിലും പാഴ്വസ്തുക്കളെപ്പോടെ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്നുണ്ട്. സ്ത്രീയുടെ ദൈവികപ്രതിച്ഛായയും മനുഷ്യാന്തസ്സും സൗകര്യാര്‍ത്ഥം സ്വാര്‍ത്ഥതയില്‍ വലിച്ചെറിയപ്പെടുകയാണ്. സ്ത്രീയെ വലിച്ചെറിയുന്ന പുരുഷസമൂഹത്തിന് എങ്ങനെ ദൈവത്തിന്‍റെ പ്രതിച്ഛായയാണു തങ്ങളെന്നു പറയാനാകും? സ്ത്രീകള്‍ക്കെതിരെ നീചമായൊരു ഉന്മാദം ഇന്നും സമൂഹത്തില്‍ നില്ക്കുന്നുണ്ട്. ഒരു തൊഴിലിനും ഉപജീവനത്തിനും വേണ്ടി സ്ത്രീകള്‍ സമൂഹത്തില്‍ വില്ക്കപ്പെടുകയാണ്. ആ രാജ്യത്തും ഈ രാജ്യത്തും മാത്രല്ല, ഇവിടെ റോമാനഗരത്തിലും സ്ത്രീകള്‍ വില്ക്കപ്പെടുന്ന മ്ലേച്ഛത നാം കാണുന്നുണ്ട്, അനുദിനം കേള്‍ക്കുന്നുണ്ട്!

3. ചൂഷണം നമുക്കു ചുറ്റുമാണ്!
സ്ത്രീകള്‍ ചൂഷണംചെയ്യപ്പെടുന്ന ഇടങ്ങളിലൂടെ വല്ലപ്പോഴും, അറിയാതെയാണെങ്കിലും കടന്നുപോകാന്‍ ഇടയായാല്‍ നാം എന്തുചെയ്യും? ഒന്ന് ഉരിയാടാതെ, ഉള്ളിലെങ്കിലും അവരെ “വേശ്യകള്‍” എന്നു വിളിക്കും!? നമ്മുടെ മനഃസാക്ഷിയെ നാം രക്ഷപ്പെടുത്തകയോ ന്യായീകരിക്കുകയോ ചെയ്യുകയാണോ? പാപ്പാ ചോദിച്ചു. സ്ത്രീയെ മാന്യമായും ആദരവോടെയും കാണാതെ തള്ളിക്കളയുന്ന ഭര്‍ത്താക്കന്മാര്‍ അവരെ തിന്മയ്ക്ക് അടയറപറയുകയാണ്, അവരെ വേശ്യവൃത്തിക്ക് ഇരയാക്കുകയാണെന്നു ക്രിസ്തു പറഞ്ഞത് അതുകൊണ്ടാണ്. അതിനാല്‍ ജീവിതസാഹചര്യങ്ങളില്‍ അടിമകളാക്കപ്പെട്ടവരോട് നാം അനുകമ്പാലുക്കളായിരിക്കണം.

മറിച്ച് നാം അവരെ രണ്ടാംതരക്കാരായി കാണുകയോ, അവരോട് അപ്രകാരം പെരുമാറുകയോ ചെയ്യരുത്. അവരുടെ ജീവിതങ്ങള്‍ അപകീര്‍ത്തിയുടെ നീറുന്ന ‘കോലങ്ങളാ’ണ്. ഒരു കുഞ്ഞിനെ പാലൂട്ടാനോ, സ്നേഹിക്കാന്‍ കഴിയാതെ പോകുന്നവര്‍. സ്ത്രീകളെ നാം ഉപദ്രവിക്കുമ്പോള്‍ ദൈവത്തിന്‍റെ പ്രതിച്ഛായയെ മലീമസമാക്കുകയാണെന്ന് ഓര്‍ക്കണം. മനുഷ്യക്കടത്ത്, ചൂഷണം.... സ്ത്രീകള്‍ വിപണംചെയ്യപ്പെടുന്ന കച്ചവടസ്ഥലങ്ങളാണ്. അബലയായ സ്ത്രീയായതുകൊണ്ടാണ് നാം അവളെ ദുരുപയോഗം ചെയ്യുന്നതെങ്കില്‍ ദൈവം നമ്മോടു ക്ഷമിക്കുകയില്ല!

4. അവരുടെ അന്തസ്സ് ക്രിസ്തു വീണ്ടെടുത്തു
യേശുവിന് അമ്മയുണ്ടായിരുന്നു. അവിടുത്തെ പ്രേഷിതക്കൂട്ടായ്മയില്‍ സ്ത്രീകള്‍ പങ്കുകാരായിരുന്നു. അവിടുത്തെ ശുശ്രൂഷയില്‍ നേരിട്ടും അല്ലാതെയും അവര്‍ സഹായിച്ചിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളും തരംതാഴ്ത്തപ്പെട്ടവരുമായ സ്ത്രീകളെ അവിടുന്ന് കൈപിടിച്ചുയര്‍ത്തി. അവിടുത്തെ കാരുണ്യം അവരുടെ മേല്‍ സമൃദ്ധമായി വര്‍ഷിച്ചു. അവരുടെ അന്തസ്സു വീണ്ടെടുത്തു.

15 July 2018, 16:54
വായിച്ചു മനസ്സിലാക്കാന്‍ >