വേരുകൾ മറന്നുള്ള ആശയവിനിമയം സൃഷ്ടിപരമല്ല
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആശയങ്ങളുടെ കൈമാറ്റത്തിൽ ലോകചരിത്രത്തിൽ ഏറെ ശ്രദ്ധേയമായതും, മനുഷ്യകുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കിയതുമായ ഒന്നാണ് ജീവിതത്തിന്റെ സ്മരണകൾ പങ്കുവയ്ക്കുന്ന കഥാവിവരണങ്ങൾ. വിവിധ വികാരങ്ങളും, ശരീരഭാഷയും,വാക്കുകളുമെല്ലാം ഈ കഥാവിവരണങ്ങളുടെ ഭാഗമാകുന്നതിനാൽ, അവയുടെ പ്രാധാന്യം വളരെ വലുതാണ്. 2020 ലെ ആഗോള സമൂഹ മാധ്യമ ദിനത്തിനായി ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിന്റെ ഉള്ളടക്കമായി സ്വീകരിച്ചിരിക്കുന്നതും, ഈ കഥാവിവരണത്തിന്റെ ആത്മീയ-സാമൂഹിക മൂല്യമാണ്.
കഥയായി പരിണമിക്കുന്ന മനുഷ്യജീവിതങ്ങളുടെ ഉത്തമമായ ലക്‌ഷ്യം, സ്മരണകളുടെ പങ്കുവയ്ക്കലാണെന്നു വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാട് പുസ്തകം പത്താം അധ്യായം രണ്ടാം തിരുവചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ സന്ദേശത്തിന്റെ ശീർഷകത്തിൽ അടിവരയിട്ടു പറയുന്നു. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനതയെ മോചിപ്പിക്കുന്നതിന് ദൈവം എപ്രകാരം കൂടെ നിന്നുവെന്നത്, ചരിത്രത്തിന്റെ താളുകളിൽ മാത്രം ഒതുങ്ങിനിൽക്കണ്ടതല്ലെന്നും മറിച്ച് ഈ സംഭവങ്ങളുടെ ഓർമ്മകൾ വിവരണങ്ങളായി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് ജീവിതത്തിന്റെ അർത്ഥവും, ദൈവീക ഇടപെടലുകളുമെല്ലാം മനസിലാകുന്നതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പാ, തന്റെ പല സന്ദേശങ്ങളിലും ഇപ്രകാരം ജീവിതത്തിന്റെ യാഥാർഥ്യം ഉൾക്കൊള്ളുന്ന കഥകൾ, അത് സന്തോഷത്തിന്റെയും, സന്താപത്തിന്റെയും ആകാം, കുടുംബത്തിലെ പുതിയ തലമുറകൾക്കു പങ്കുവയ്ക്കണമെന്നു ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
കഥകളിൽ അടങ്ങിയിരിക്കുന്ന ജീവിതത്തിന്റെ സത്യം മനസിലാകുമ്പോൾ മാത്രമാണ് ബന്ധങ്ങൾ സുദൃഢമാകുന്നതെന്നും പാപ്പാ സന്ദേശത്തിന്റെ തുടക്കത്തിൽ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. കുടുംബങ്ങളിൽ പ്രായമായവരും, കുട്ടികളും തമ്മിലുള്ള ബന്ധങ്ങളുടെ ഊഷ്മളതയ്ക്കും, ജീവിതത്തിൽ തളർന്നുപോകാതെ ധൈര്യപൂർവം മുൻപോട്ടു പോകുവാനും പാപ്പാ ഈ കഥകളുടെ ഇഴചേർന്ന വിവരണങ്ങൾ ആവശ്യമാണെന്നു പറയുന്നു. കഥകൾ കേൾകുവാനുള്ള മനുഷ്യന്റെ ആഗ്രഹവും, താത്പര്യവും ജീവിതത്തിന്റെ വളർച്ചയിൽ ഏറെ സഹായകരമാണ്. നമ്മൾ ആരാണെന്ന് മനസ്സിലാക്കാനും ആശയവിനിമയം നടത്താനും ജീവിതത്തിന്റെ കഥകൾ ശ്രവിക്കുന്നതും, പങ്കുവയ്ക്കുന്നതും ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ കഥകളെ സ്വീകരിക്കുമ്പോൾ അവയെ വിവേചിച്ചറിയുവാനുള്ള കഴിവും നാം ആർജ്ജിക്കണമെന്നു പാപ്പാ ആവശ്യപ്പെടുന്നു.
പങ്കുവയ്ക്കപ്പെടുന്ന കഥകളിൽ നമ്മെ ചൂഷണം ചെയ്യുന്നവയും, തളർത്തുന്നവയുമായ കഥകൾ ഉണ്ടാകാം എന്ന മുന്നറിയിപ്പ് നൽകുന്ന പാപ്പാ, തെറ്റിദ്ധരിപ്പിക്കുന്ന കഥകളെ ഒഴിവാക്കിക്കൊണ്ട്, സമൂഹത്തിൽ പരസ്പര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥകളെ തിരിച്ചറിയുവാൻ സാധിക്കണെമെന്ന് ഓർമ്മപ്പെടുത്തുന്നു. ഇപ്രകാരം ജീവിതത്തിൽ നാം ശ്രവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ടുന്ന ജീവിത കഥകളുടെ ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ. ആഖ്യാതാവെന്ന നിലയിൽ, ദൈവം നമ്മെ തന്റെ ജീവിതത്തിലേക്ക് വിളിക്കുന്ന കഥയാണ് ബൈബിൾ. അത് അവനോടൊപ്പം ചരിത്രം സൃഷ്ടിക്കുന്നതിനുള്ള ക്ഷണവും വിളിയുമാണ്. എന്നാൽ പൂർണ്ണരായി ജനിച്ചവരാണ് നാമെന്നും, മറിച്ച് ബന്ധനങ്ങൾ തമ്മിൽ കോർത്തിണക്കിക്കൊണ്ട് മുൻപോട്ടു പോകുന്നതാണ് ഈ കഥയുടെ തുടർച്ചയെന്നും പാപ്പാ അടിവരയിടുന്നു. അതിനാൽ പ്രണയകഥയുടെ പകരംവയ്ക്കാനാവാത്ത ഗ്രന്ഥമാണ് വിശുദ്ധ ബൈബിളെന്നു പാപ്പാ പഠിപ്പിക്കുന്നു.
എന്നാൽ ഇന്ന് ചരിത്രത്തിന്റെയും, ജീവിത അനുഭവങ്ങളുടെയും, കഥകളുടേയുമെല്ലാം ഒരു അഭാവം സമൂഹത്തിൽ ശ്രദ്ധയിൽ പെടാറുണ്ട്. ചിലപ്പോൾ കഥകൾ പങ്കുവയ്ക്കുന്നതിനുള്ള താത്പര്യക്കുറവും, കേൾക്കുന്നതിനുള്ള ഇഷ്ടമില്ലായ്മയും, സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തിൽ ബന്ധങ്ങൾ തമ്മിലുള്ള അകലം വർധിച്ചതുമെല്ലാം, ഇപ്രകാരം അനുഭവവിവരണങ്ങളുടെ കുറവിലേക്ക് മനുഷ്യനെ നയിച്ചിട്ടുണ്ട്. യേശു ദൈവത്തെക്കുറിച്ച് സംസാരിച്ചത് അമൂർത്തമായ ആശയങ്ങൾ കൊണ്ടല്ല, മറിച്ച് നിത്യജീവിതത്തിൽ നിന്ന് എടുത്ത ഉപമകൾ ഉപയോഗിച്ചാണ്. ഇവിടെ ജീവിതം കഥയായി പരിണമിക്കപ്പെടുന്നുവെന്നാണ് പാപ്പാ പറയുന്നത്. എന്നാൽ ഈ കഥ ജീവിതത്തിൽ നിന്നും വേർപെട്ടു നിൽക്കുന്ന ഒന്നല്ല മറിച്ച്, ശ്രോതാവിന്, കഥ ജീവിതമായി മാറുന്നു: കഥ കേൾക്കുന്നവരുടെ ജീവിതത്തിൻ്റെ ഭാഗമായി മാറുന്നു, അത് അവരെ രൂപാന്തരപ്പെടുത്തുന്നു. യഥാർത്ഥ സുവിശേഷവത്ക്കരണത്തിന്റെ മാതൃകയാണ് പാപ്പാ നൽകിയത്.
ക്രിസ്തുവിൻ്റെ ചരിത്രം ഭൂതകാലത്തിൽ നിന്നുള്ള പൈതൃകമല്ല; മറിച്ച് ഇത് നമ്മുടെ കഥയാണ്. അതുകൊണ്ടുതന്നെയാണ് സ്മരണകൾക്കുമപ്പുറം, യേശുവിന്റെ ജീവിതം എല്ലാവർക്കും വ്യക്തിപരമായ സാന്നിധ്യം അനുഭവിക്കുന്നതിനുള്ള അവസരം ഒരുക്കുന്നത്. അതിനാൽ ഈ ദൈവീകതയിൽ പങ്കുചേരുന്ന മനുഷ്യന്റെ കഥകളും നിസാരമല്ല എന്ന ഓർമ്മപ്പെടുത്തലും പാപ്പാ നൽകുന്നു. നൈമിഷികമായ അളവുകോലുകളാൽ അല്ല ഓരോ മനുഷ്യന്റെയും ജീവിതത്തെ അളക്കേണ്ടതെന്നും, മറിച്ച് ഓരോ ജീവിതവും ദൈവീകമായ പ്രതിഫലനം ഉൾക്കൊള്ളുന്ന വിലയേറിയ കഥകളാണെന്നും പാപ്പാ എടുത്തു പറയുന്നു.
ഇതിന്റെ അടിസ്ഥാനമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, സൃഷ്ടികർമ്മത്തിൽ ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതും, ജീവനുള്ള ആത്മാവിനാൽ നമ്മുടെ ഹൃദയത്തിൽ രചിക്കപ്പെട്ട ദൈവീകസ്നേഹവുമാണ്. അതിനാൽ ജീവിതത്തിൽ ഒരു മനുഷ്യന്റെ കഥ പോലും വില കുറച്ചു കാണരുതെന്നും, മറിച്ച് സുവിശേഷത്തിൻ്റെ അനുബന്ധമായി ഓരോ മനുഷ്യന്റെയും ജീവിതം രൂപാന്തരപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
അതിനാൽ ദൈവീക കഥകളുടെ ചെറിയ പതിപ്പുകളായി മാറുവാൻ മനുഷ്യജീവിതം വിളിക്കപ്പെട്ടിരിക്കുന്നു എന്ന വലിയ സത്യം പാപ്പാ തന്റെ സന്ദേശത്തിലൂടെ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ ദൃഷ്ടിയിൽ നാം എന്താണെന്ന് തിരിച്ചറിയുന്നതിന്, മറ്റുള്ളവരുടെ മുൻപിൽ നമ്മെ തന്നെ തുറന്നുകൊടുത്തുകൊണ്ട്, നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന അനാരോഗ്യകരമായ ഓർമ്മകൾ പോലും മാറുള്ളവരോട് പങ്കുവയ്ക്കുന്നതിനു പാപ്പാ നമ്മെ ക്ഷണിക്കുന്നു. അതിനാൽ നമ്മെ നവീകരിക്കുവാൻ ജീവിത കഥകൾക്കുള്ള ശക്തിയെയും പാപ്പാ എടുത്തു കാണിക്കുന്നു. നമ്മെ സൃഷ്ടിച്ചു, രക്ഷിച്ച സ്നേഹത്തെ ഓർക്കുമ്പോൾ, ആ ദൈവീക കരുണയുടെ മനോഹാരിത മനസിലാക്കുവാനും, കാരുണ്യത്തിന്റെ മുഖം നമുക്കും മറ്റുള്ളവർക്ക് സമ്മാനിക്കുവാൻ സാധിക്കുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നു.
കഥാവിവരണങ്ങൾ, കേവലം കഥകൾ പറയുന്നതോ സ്വയം പരസ്യം ചെയ്യുന്നതോ അല്ല, മറിച്ച് ദൈവത്തിൻ്റെ ദൃഷ്ടിയിൽ നാം ആരാണെന്നും, എന്താണെന്നും തിരിച്ചറിയുന്നതിനുള്ള ഒരു അവസരമാണ്. തിന്മയുടെ നടുവിൽ, നന്മയുടെ പ്രവർത്തനം തിരിച്ചറിയാനും അതിന് ഇടം നൽകാനും ഈ കഥാവിവരണം നമ്മെ സഹായിക്കുമെന്നുള്ള പാപ്പായുടെ ബോധ്യവും സന്ദേശത്തിൽ എടുത്തു പറയുന്നു.
ഫ്രാൻസിസ് പാപ്പാ 2020 ൽ നൽകിയ ഈ സന്ദേശത്തിനു, 2025 ജൂബിലി വർഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ വിശ്വാസികളെ ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ ആരെയും ഒഴിവാക്കാതെ, എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാക്കി കൂട്ടായ്മയുടെ സന്ദേശം പങ്കുവയ്ക്കുവാനുള്ള ആഹ്വാനം നൽകുന്നതാണ് ഈ സന്ദേശം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: