തിരയുക

യേശുവിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നു യേശുവിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നു 

ദേവാലയത്തിൽ കാഴ്ചവയ്ക്കപ്പെടുന്ന ദൈവപുത്രനും നമ്മുടെ ക്രൈസ്തവജീവിതങ്ങളും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ദനഹാക്കാലം അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: ലൂക്ക 2, 22-38
ശബ്ദരേഖ - ദേവാലയത്തിൽ കാഴ്ചവയ്ക്കപ്പെടുന്ന ദൈവപുത്രനും നമ്മുടെ ക്രൈസ്തവജീവിതങ്ങളും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ആരംഭത്തിലെന്നപോലെ, വിശുദ്ധ ലൂക്കായും തന്റെ സുവിശേഷത്തിൽ, ഈശോയുടെ ശൈശവ, ബാല്യ കാലങ്ങളെക്കുറിച്ചുള്ള ചെറിയൊരു വിവരണം നമുക്ക് നൽകുന്നുണ്ട്. ഈ വിവരണം, വെറുമൊരു കഥ പോലെ കാണാനുള്ളതല്ല, മറിച്ച്, രക്ഷാകരചരിത്രത്തിന് സാക്ഷ്യം നൽകാനുള്ള, വചനങ്ങളുടെ വിശ്വസ്തതയെകുറിക്ക് ബോധ്യം വരാൻ വേണ്ടി എഴുതപ്പെട്ട വചനങ്ങളാണെന്ന് ലൂക്കായുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യ തിരുവചനങ്ങളിൽ നിന്ന് നാം മനസ്സിലാക്കുന്നുണ്ട് (ലൂക്ക 1, 1-4). ശിശുവായിരുന്ന യേശുവിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കുന്ന സംഭവം വിശുദ്ധ ലൂക്കാ മാത്രമാണ് തന്റെ സുവിശേഷത്തിൽ എഴുതിച്ചേർക്കുന്നത്.

മതവും പാരമ്പര്യങ്ങളും

പഴയനിയമപരമ്പര്യവും, മോശയുടെ നിയമവുമനുസരിച്ചാണ് പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും ശിശുവായ യേശുവിനെ ദേവാലയത്തിലേക്ക് കൊണ്ടുപോകുന്നത്. ഒരാൺകുട്ടി ജനിച്ച് ഏഴു ദിവസങ്ങളിൽ ശിശുവിന്റെ മാതാവ് അശുദ്ധയായാണ് കരുതപ്പെടുക. എട്ടാം ദിവസമാണ് ശിശുവിനെ പരിശ്ചേദനത്തിനായി ദേവാലയത്തിലേക്ക് കൊണ്ടുപോവുന്നത്. ഇതിനുശേഷം വീണ്ടും മുപ്പത്തിമൂന്ന് ദിനങ്ങൾ കൂടി ശിശുവിന്റെ അമ്മ തന്റെ വീട്ടിൽത്തന്നെ കഴിയണം. നാൽപ്പതാം ദിനത്തിലാണ് അവൾ ദേവാലയത്തിൽ പോയി കാഴ്ചകൾ സമർപ്പിക്കുന്നത്. അവിടെ പുരോഹിതൻ അവളെ ശുദ്ധയായി പ്രഖ്യാപിച്ചിരുന്നു. പരിശ്ചേദനത്തിനും പേരുനൽകലിനും ശേഷം, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായതോടെ തങ്ങളുടെ കടിഞ്ഞൂൽപ്പുത്രനെ കർത്താവിന് സമർപ്പിക്കാനായി അവർ ദേവാലയത്തിലേക്ക് പോകുന്നു. ദൈവികനിയമങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് ജീവിച്ചുപോന്ന രണ്ടുവ്യക്തികളാണ് യൗസേപ്പും മാതാവുമെന്ന് ഈ കാഴ്ചസമർപ്പണം വ്യക്തമാക്കുന്നുണ്ട്. മുപ്പത്തിയൊൻപതാം വചനത്തിൽ "കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം സ്വനഗരമായ ഗലീലിയിലെ നസ്രത്തിലേക്ക്" (ലൂക്ക 2, 39) മടങ്ങുന്ന യേശുവിന്റെ മാതാപിതാക്കളെക്കുറിച്ചും ലൂക്കാ സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യോഹന്നാന്റെ മാതാപിതാക്കളായ സഖറിയയെയും, എലിസബത്തിനെയുംകുറിച്ച് പറയുന്നിടത്തും ഏതാണ്ട് ഇതിനോട് സമാനമായ വാക്കുകളാണ് വിശുദ്ധ ലൂക്കാ ഉപയോഗിക്കുന്നത്: "അവർ ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും കർത്താവിന്റെ കൽപനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു" (ലൂക്ക 1, 6). ലൂക്കാ ശിമെയോനെയും (ലൂക്കാ 2, 25) അന്നായെയും (ലൂക്കാ 2, 36-37) കുറിച്ച് എഴുതുമ്പോഴും ഇതുപോലെതന്നെയുള്ള വാക്കുകളാണ് നാം കാണുന്നത് (ലൂക്കാ 2, 25)

ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കപ്പെട്ട ശിശു

ആദ്യജാതൻ ദൈവത്തിനുള്ളവനായതുകൊണ്ടുതന്നെ, അവനെ വീണ്ടെടുക്കാൻ വീണ്ടെടുപ്പ് നാണയമായി അഞ്ച് ഷെക്കൽ നൽകണമെന്നാണ് നിയമം അനുശാസിച്ചിരുന്നത്. യേശുവിനെ ദേവാലയത്തിൽ കാഴ്ച വയ്ക്കുന്നത് വിവരിക്കുന്ന ലൂക്കാ സുവിശേഷകൻ പക്ഷെ, യഹൂദരുടെ പതിവനുസരിച്ച് മോചനദ്രവ്യം നൽകി അവനെ തിരികെ സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. പിതാവിനാൽ അയക്കപ്പെട്ട, പിതാവിൽനിന്ന് ജീവനും നാമവും സ്വീകരിച്ച പുത്രൻ അവിടുത്തേക്ക് പരിപൂർണ്ണമായി സമർപ്പിക്കപ്പെട്ടവനാണ്. കർത്താവിന്റെ പരിശുദ്ധനെന്ന് യഥാർത്ഥത്തിൽ വിളിക്കപ്പെടേണ്ട ശിശുവാണവൻ.

ശിമയോനും അന്നായും ദൈവമൊരുക്കിയ രക്ഷയും

നീതിമാനും ദൈവഭക്തനും ഇസ്രയേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായ ശിമെയോനെയും (ലൂക്ക 2, 25), ഫനുവേലിന്റെ പുത്രിയും ആഷേർ വംശജയുമായ അന്നാ എന്ന പ്രവാചികയേയും (ലൂക്ക 2, 36) കുറിച്ചാണ് സുവിശേഷം തുടർന്ന് പറയുക. ഇസ്രയേലിന്റെ ആശ്വാസമായി വന്ന, സകല ജനതകൾക്കും വേണ്ടി കർത്താവൊരുക്കിയ രക്ഷയാണ് യേശുവെന്ന സാക്ഷ്യം നൽകുകയാണ് ശിമയോൻ. കർത്താവിന്റെ അഭിഷിക്തനെ കാണാനായി കാത്തിരുന്ന മനുഷ്യനാണവൻ. പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് തന്റെ ചുവടുകളെ നിയന്ത്രിച്ചിരുന്ന മനുഷ്യൻ. ക്രിസ്തുവിനെ കണ്ടതോടെ തന്റെ ജീവിതസാഫല്യമാണ് അവൻ നേടുന്നത്. വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും, ദൈവജനമായ ഇസ്രയേലിന്റെ മഹിമയുമായ രക്ഷയാണ് ക്രിസ്തുവിലൂടെ സാധ്യമാകുന്നതെന്ന തിരിച്ചറിവോടെയാണ് ശിമയോൻ യേശുവിന് സാക്ഷ്യം നൽകുന്നത്.

ദേവാലയം, ദൈവസാന്നിദ്ധ്യത്തിന്റെ ഇടം വിട്ടുപോകാതെ, രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്ന പ്രവാചികയായാണ് (ലൂക്ക 2, 36-37) വിശുദ്ധ ലൂക്കാ സുവിശേഷകൻ അന്നായെ അവതരിപ്പിക്കുന്നത്. അന്നായും ക്രിസ്തുവിനെക്കുറിച്ചോർത്ത് ദൈവത്തെ സ്തുതിക്കുന്നതും, ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും യേശുവിനെക്കുറിച്ച് സംസാരിക്കുന്നതും  (ലൂക്ക 2, 38) നാം ഇവിടെ കാണുന്നുണ്ട്.

ഇസ്രായേലിലെ മാറ്റങ്ങളും പരിശുദ്ധ അമ്മയും സഹനങ്ങളും

ഈശോയുടെ ജീവിതം പലരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകുമെന്നും, അവൻ ഒരു വിവാദവിഷയമായ അടയാളമായിരിക്കുമെന്നും ശിമയോൻ പ്രവാചകസ്വരത്തിൽ പറയുന്നത് സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. അനേകരുടെ ഹൃദയവിചാരങ്ങൾ അവൻ മൂലം വെളിപ്പെടുമെന്നും ശിമയോൻ ഓർമ്മിപ്പിക്കുന്നു.

ദൈവമാതാവായ പരിശുദ്ധ അമ്മയുടെ ജീവിതം എപ്രകാരമായിരിക്കുമെന്നുള്ള മുന്നറിയിപ്പ്, "നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും" എന്ന ശിമെയോന്റെ വാക്കുകളിലൂടെ ലൂക്കാസുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്. പരസ്യജീവിതകാലത്തെ യേശുവിന്റെ ചില ശക്തമായ പ്രതികരണങ്ങൾ പരിശുദ്ധ അമ്മ കേൾക്കേണ്ടിവരുന്നുണ്ട്. യേശുവിനെക്കാണാനെത്തിയ അമ്മയെക്കുറിച്ച് ശിഷ്യന്മാർ അവനോട് പറയുമ്പോൾ, "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും (ലൂക്ക 8, 21) എന്നും, "നിന്നെ വഹിച്ച ഉദാരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ എന്ന് ഒരു സ്ത്രീ വിളിച്ചുപറയുമ്പോൾ, "ദൈവവചനം കേട്ട് അതുപാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ" (ലൂക്ക 11, 27-28) എന്നും യേശു പറയുന്നത് പരിശുദ്ധ അമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങളാണെങ്കിലും ചിലരെങ്കിലും അവയെ പരിശുദ്ധ അമ്മയോടുള്ള അവഗണനയായും, പരിശുദ്ധ അമ്മയുടെ പ്രാധാന്യക്കുറവായും വ്യാഖ്യാനിക്കാറുണ്ടെന്ന് നമുക്കറിയാം. കുരിശിൽ തറയ്ക്കപ്പെട്ട് വധിക്കപ്പെടുന്ന തന്റെ പുത്രന്റെ മുന്നിൽ ആ അമ്മയുടെ ഹൃദയം എത്രമാത്രം നൊമ്പരപ്പെടുന്നുണ്ടെന്നും നമുക്കറിയാം (യോഹ. 19, 25-27).

ക്രിസ്തുവും തിരുക്കുടുംബവും നമ്മുടെ ജീവിതവും

ശിശുവായ യേശുവിനെ യഹൂദപാരമ്പര്യവും, മോശയുടെ നിയമവുമനുസരിച്ച് ദേവാലയത്തിൽ ദൈവത്തിന് സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെയും, വിശുദ്ധ യൗസേപ്പിനെയും, അവിടെ വിശ്വാസത്തോടെയും പ്രത്യാശയോടെയും, ഇസ്രയേലിന്റെ രക്ഷകനെ കാത്തിരുന്ന, ദൈവപുത്രന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കർത്താവിനെ സ്തുതിക്കുന്ന ശിമെയോനെയും അന്നായെയുമൊക്കെ തിരുവചനം നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുമ്പോൾ, നമ്മുടെ വിശ്വാസജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ദൈവികനിയമങ്ങളുടെ പാലനത്തെക്കുറിച്ച് വിചിന്തനം ചെയ്യാനുള്ള ഒരു സമയമാണിത്. ക്രിസ്തുവിലൂടെയാണ് രക്ഷയെന്ന ബോധ്യത്തോടെയും വിശ്വാസത്തോടെയും, അവനെ സ്വീകരിക്കാനും, അവനിലൂടെ നമുക്കായി ചൊരിയപ്പെടുന്ന രക്ഷയെപ്രതി ദൈവത്തെ അനുദിനം സ്തുതിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ? ദൈവത്തിന്റെ ആലയമായ, അവന്റെ തിരുശരീരരക്തങ്ങൾ ബലിയായി അർപ്പിക്കപ്പെടുന്ന, നമുക്കായി നിത്യരക്ഷയുടെ വിരുന്നൊരുക്കപ്പെടുന്ന ദേവാലയത്തിന് നമ്മുടെ ജീവിതത്തിൽ എന്തുമാത്രം സ്ഥാനമുണ്ട്? പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും സഭയിലെ വിശുദ്ധരുടേയുമൊക്കെ ജീവിതങ്ങൾപോലെ നമ്മുടെ ജീവിതവും ലോകത്തിന് മുന്നിൽ സമർപ്പണത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും പ്രഘോഷണമായി മാറുന്നുണ്ടോ? നമ്മുടെ ജീവിതങ്ങളും ദൈവത്തിന് സ്വീകാര്യമായവയാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജനുവരി 2025, 15:05