തിരയുക

യേശു സിനഗോഗിൽ യേശു സിനഗോഗിൽ 

ദൈവപുത്രനായ ക്രിസ്തുവും രക്ഷാകരനിയോഗവും

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മൂന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം ലൂക്കാ 1, 1-4; 4, 14-21.
ശബ്ദരേഖ - ദൈവപുത്രനായ ക്രിസ്തുവും രക്ഷാകരനിയോഗവും

ഫാ. പീറ്റർ ടാജീഷ് O de M.

സ്വയം അറിയുകയാണ് ഏറ്റവും വലിയ അറിവ് എന്ന് പറഞ്ഞ ഗ്രീക്ക് തത്വചിന്തകൻ. തന്നെക്കുറിച്ച് അറിയുന്നിടത്ത് ഒരാൾ ദൈവത്തെക്കുറിച്ചും, മറ്റു മനുഷ്യരെയും, ലോകത്തെക്കുറിച്ചും അറിയാൻ തുടങ്ങും. ഈയൊരു അറിവിന്റെ കുറവ് നമ്മുടെയൊക്കെ ജീവിതത്തിന്റെ പല സാധ്യതകളെയും തെരഞ്ഞെടുപ്പുകളെയും ദോഷമായി ബാധിച്ചേക്കാം.

ലൂക്കായുടെ സുവിശേഷആരംഭം ആണ് നമ്മൾ ഇന്ന് വായിച്ചു കേൾക്കുന്നത്. മറ്റ് സുവിശേഷകൻമാരിൽ നിന്നും വ്യത്യസ്തനായി സുവിശേഷത്തെ ഒരു "വിവരണം" എന്നാണ് ലൂക്കാ വിളിക്കുന്നത്. അതിനർത്ഥം ലൂക്കായുടെ സുവിശേഷം ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നും,അതിൽ കെട്ടുകഥകളോ ഊഹാപോഹങ്ങളോ ഇല്ല എന്നുകൂടിയാണ്. കാരണം ഭംഗിയുള്ള ഒരു വാക്ക് ലൂക്കാ സുവിശേഷകൻ എഴുതിച്ചേർക്കുന്നുണ്ട് "നിറവേറിയ കാര്യങ്ങൾ"  അതിനർത്ഥം നമ്മുടെ ഇടയിൽ ഇന്ന് നിറവേറിയ കാര്യങ്ങളാണ്. ലൂക്കായുടെ സുവിശേഷത്തിൽ  അതിശയിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്നതോ ആയ കാര്യങ്ങളെക്കാൾ പ്രായോഗിക ജീവിതത്തിൽ അനുദിനം ഒരു വ്യക്തി കണ്ടുമുട്ടുന്ന കാര്യങ്ങൾ അതാണ് സുവിശേഷകൻ അവതരിപ്പിക്കുകയാണ്.

വചനത്തിന്റെ ഗ്രീക്ക് പദം "ലോഗോസ്" എന്ന ഗ്രീക്ക് വാക്കിന് തുല്യമായി ഹെബ്രായ ഭാഷയിൽ "തബർ"എന്നുള്ള പദമാണ് ഉപയോഗിക്കുന്നത്.  ആ പദത്തിന്റെ അർത്ഥം വചനം എന്ന് മാത്രമല്ല മറിച്ച് സംഭവം എന്നുകൂടി വിവക്ഷിക്കുന്നുണ്ട്.

ഇങ്ങനെയൊരു ചരിത്രവിവരണത്തിന്റെ പശ്ചാത്തലത്തിലാണ് ലൂക്കാ സുവിശേഷകൻ ക്രിസ്തുവിന്റെ ദൗത്യത്തെ വിളിച്ചു പറയുന്നത്. ഒരു സിനഗോഗിനുള്ളിൽ, വിശുദ്ധ ഗ്രന്ഥ പാരായണത്തിനുള്ളിലാണ് ക്രിസ്തുവിന്റെ ദൗത്യത്തെ സുവിശേഷകൻ രേഖപ്പെടുത്തിയത്.

സിനഗോഗിലെ വിശുദ്ധ ഗ്രന്ഥ പാരായണവും അതിന്റെ വ്യാഖ്യാനവും മതാധിഷ്ഠിതമായ ഒരു വാക്കിനാലല്ല ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്നത് മറിച്ച് പഠിപ്പിക്കുക എന്നുള്ള ക്രിയയാണ് ഉപയോഗിച്ചിട്ടുള്ളത്. തന്റെ സുവിശേഷത്തിൽ 13 പ്രാവശ്യം ക്രിസ്തുവിനെ "അധ്യാപകൻ" എന്നുള്ള പദത്തിലാണ് സുവിശേഷകൻ രേഖപ്പെടുത്തിയത്. വചനം വ്യാഖ്യാനിക്കുന്ന ഒരാളെക്കാൾ ഉപരിയായി വചനം പഠിപ്പിക്കുന്ന ആൾ ആയിട്ട് ലൂക്കാ സുവിശേഷകൻ ക്രിസ്തുവിനെ ചിത്രീകരിക്കുന്നത്.

ഒപ്പം അറിയണം ദൈവശാസ്ത്ര നഗരമായ ജെറുസലേമിൽ അല്ല ഇന്നത്തെ വചനം സംഭവിക്കുന്നത്. B ഇന്നത്തെ വചനം വ്യാഖ്യാനിക്കപ്പെടുന്നതും പഠിപ്പിക്കപ്പെടുന്നതും ഗലീലിയയിലെ സിനഗോഗിലാണെന്നുള്ളതും സവിശേഷമായ ഒരു സുവിശേഷ വ്യാഖ്യാനമാണ്.

സിനഗോഗിൽ യേശു വായിക്കുന്നത് ഏശയ്യാ പ്രവാചകന്റെ പുസ്തകം 61-ആം അധ്യായം ഒന്നും രണ്ടും വാക്യങ്ങളാണ്. എന്നാൽ ആ വചനഭാഗത്തിൽ നിന്ന് ഒരു വരി സുവിശേഷകൻ അടർത്തി മാറ്റിക്കളഞ്ഞു.  അതിങ്ങനെയാണ് "ഹൃദയം തകർന്നവരെ സുഖപ്പെടുത്താനും പ്രതികാരത്തിന്റെ ദിനം പ്രഖ്യാപിക്കാനും" എന്ന ഒരു വചനം പകരം ഏശ്വയാ പ്രവാചകന്റെ പുസ്തക 58, 6 കൂട്ടിച്ചേർത്തു അത് ഇങ്ങനെയാണ് "അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം" എന്ന്.

ഈ വ്യത്യാസം പ്രകടമാക്കുന്നത് ക്രിസ്തുവിന്റെ സവിശേഷമായ മിശിഹാ ദൗത്യത്തെയാണ്.  സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ എത്തിയിരിക്കുന്ന മിശിഹാ ആയിട്ടാണ് സുവിശേഷകൻ ക്രിസ്തുവിനെ കാണുന്നത്. കാരണം കർത്താവിന് സ്വീകാര്യമായ വത്സരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ജൂബിലി വർഷത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ലേബ്യരുടെ പുസ്തകം 25, 8- 55 വരെയുള്ള വാക്യങ്ങളിൽ ജൂബിലി വത്സരത്തിൽ സകല പ്രതീക്ഷകളും നിറവേറ്റി കൊടുക്കുക, കടങ്ങൾ വീട്ടി സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവരുവാൻ അടിമകൾക്ക് സ്വാതന്ത്ര്യം കിട്ടുക, സമ്പാദ്യങ്ങൾ മൗലിക ഉടമസ്ഥന് തിരിച്ചു കിട്ടുക എന്ന പ്രവർത്തികളും, പുണ്യങ്ങളും മെസയാനിക്ക് സാന്നിധ്യത്തിൽ നിറവേറുന്ന വത്സരമാണ്.

അതിനർത്ഥം ദൈവത്തിന്റെ സ്വീകാര്യമായ വത്സരം എന്ന പദം ആധ്യാത്മികം മാത്രമല്ല മറിച്ച് ദൈവരാജ്യ സമൂഹത്തിലും രാഷ്ട്രീയത്തിലും വിപ്ലവം സൃഷ്ടിക്കുന്ന, മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകുന്ന ഒരു വത്സരമായി സുവിശേഷകൻ ക്രിസ്തുവത്സരത്തെ പ്രഖ്യാപിക്കുന്നു.

അതിന്റെ വെളിച്ചത്തിലാണ് സുവിശേഷകൻ മറ്റൊരു പദം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത്.  "ഇന്ന് നിങ്ങൾ കേട്ട വചനങ്ങൾ പൂർത്തിയായെന്ന്".  അതിനർത്ഥം നാളെ എന്നുള്ള ഒരു വാക്കല്ല മറിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതും, വിപ്ലവങ്ങൾ സംഭവിക്കേണ്ടതും ഇന്ന് എന്ന ദിനത്തിലാണ്. നാളത്തേക്ക് മാറ്റിവെക്കാൻ ക്രിസ്തുവിനോ ക്രിസ്തു ശിഷ്യർക്ക് അവകാശമില്ല എന്നും കൂടെ ഈ വചനം വ്യാഖ്യാനിക്കുന്നുണ്ട്.

നാളെ എന്ന പദം മനുഷ്യരെ സംബന്ധിച്ച് സാധ്യതയാണ് ഇന്നലെ എന്നുള്ള പദം ഭൂതകാലവും അതേസമയം ഇന്ന് എന്നുള്ളത് ഉറപ്പുള്ള കാലമാണ്.  ക്രിസ്തുവിനും ദൈവത്തിനും ഉറപ്പുള്ള കാലത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നത് അതുകൊണ്ടാണ് സുവിശേഷകൻ "ഇന്ന്" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

വചനം വളരെ വ്യക്തമാണ് ക്രിസ്തു തന്റെ ദൗത്യത്തെ കൃത്യമായി വായിച്ചറിഞ്ഞ് ദൈവസാന്നിധ്യത്തിൽ സ്ഫുടം ചെയ്ത് ഒരു മുദ്രപോലെ ഹൃദയത്തിലേക്ക് ഏറ്റുകയാണ്. അയാൾക്ക് വ്യക്തമായിട്ട് അറിയാം താൻ എന്തിനാണ് ലോകത്തിലേക്ക് വന്നിട്ടുള്ളതെന്ന്.  ആ വരവിന്റെ ദൗത്യം എന്നുള്ളതും മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകുക എന്നതാണ്.

രാഷ്ട്രീയപരമായും മതപരമായും അടിച്ചമർത്തപ്പെട്ട ഒരു ജനതയ്ക്ക് മുമ്പിലാണ് ഈ വേദഗ്രന്ഥ പാരായണം എന്നും നമ്മൾ തിരിച്ചറിയണം.  സ്വാതന്ത്ര്യം മതപരമായും രാഷ്ട്രീയപരമായും ആഗ്രഹിക്കുന്ന മനുഷ്യർക്ക് മുമ്പിൽ ക്രിസ്തു സ്വാതന്ത്ര്യമായി അവതരിക്കുകയാണ്.

നിലവിൽ വരേണ്ടതും, സംജാതമാവേണ്ടത് ആയിട്ടുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സന്ദേശമാണ് ഈ വചനം നൽകുന്നത്.  സ്വാതന്ത്ര്യം ഇല്ലാത്ത ഇടങ്ങൾ ഒക്കെ അടിമത്തം സൃഷ്ടിക്കപ്പെടും എന്നും,  അടിമത്തങ്ങൾ മനുഷ്യ തനിമയെയും മഹത്വത്തെയും ഹനിക്കുമെന്നുള്ള സന്ദേശം വചനം നമുക്ക് കൈമാറുന്നുണ്ട്.

ഭയത്തിലും സങ്കീർണതകളിലും മങ്ങി നുകത്തിന്റെ കീഴിൽ ജീവിക്കേണ്ടവരല്ല ക്രിസ്തു ശിഷ്യർ,  മറിച്ച് സ്വാതന്ത്ര്യം എന്ന് വെളിച്ചത്തിലേക്ക് പ്രവേശിച്ചുകൊണ്ട് ആ സ്വാതന്ത്ര്യം മറ്റുള്ളവർക്ക് വേണ്ടി പ്രഘോഷിക്കാനും,  ആ സ്വാതന്ത്ര്യം സമ്മാനിക്കാനും കടപ്പെട്ടവരാണെന്നുള്ള സുവിശേഷതയക്കാണ് നമ്മൾ ഈ ഞായറാഴ്ച്ച ചെവി കൊടുക്കേണ്ടത്.

അറിയണം ക്രിസ്തു ഉള്ളിടത്തെ സ്വാതന്ത്ര്യമുള്ളൂ.  ദൈവസാനിധ്യമാണ് bമനുഷ്യ മഹത്വം.  അതുകൊണ്ടുതന്നെ ദൈവസാന്നിധ്യമില്ലാത്ത ഇടങ്ങളെ നിർമാർജനം ചെയ്യേണ്ടതും ക്രിസ്തുശിഷ്യരുടെ കടമ തന്നെയാണ്. എന്നിട്ട് മനുഷ്യന്റെ മഹത്വത്തിന് ഇണങ്ങുന്ന രീതിയിൽ മനുഷ്യനെ ദൈവമക്കൾ ആകുന്ന രീതിയിൽ സ്വാതന്ത്ര്യം സമ്മാനിക്കാനും പ്രഘോഷിക്കാനും പഠിക്കണം.

ക്രിസ്തു തന്റെ ദൗത്യം തിരിച്ചറിഞ്ഞ് ജെറുസലേമിലേക്ക് യാത്ര ആരംഭിക്കുമ്പോൾ അറിയണം ആ സുവിശേഷ സ്വാതന്ത്ര്യപ്രഘോഷത്തിൽ അവനൊരു കുരിശു കൂടെ അടങ്ങിയിട്ടുണ്ടെന്ന്. നമ്മളൊക്കെയും സ്വാതന്ത്ര്യം പ്രഘോഷിച്ചും,  ജീവിച്ചും തുടങ്ങുമ്പോൾ അറിയണം ജെറുസലേമിലേക്ക് നമ്മൾ യാത്ര ചെയ്യുന്നത് കുരിശിന്റെ മൂർദ്ധാവിലേക്കാണ് നമ്മളും സഞ്ചരിക്കുന്നത്.  എന്നാൽ ഭയമില്ലാതെ നടക്കുന്നിടത്ത് ഒരാൾ നല്ല ക്രിസ്തു ശിഷ്യനായി മാറും.

ദൗത്യം നമ്മളിൽ തെളിഞ്ഞു തുടങ്ങട്ടെ നമ്മുടെ വിളിക്ക് അനുസരിച്ച് ജീവിക്കാനും, ദൈവമക്കളായി മാറുവാനും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജനുവരി 2025, 15:00