മ്യാന്മറിൽ സമാധാനമുണ്ടാകാൻ ആഗോളപ്രാർത്ഥനാദിനമൊരുക്കി ചർച്ച് ഇൻ നീഡ് സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മ്യാന്മറിൽ നിലവിലുള്ള അവസ്ഥ ഏറെ ബുദ്ധിമുട്ടേറിയതാണെന്നും, ഇതവസാനിപ്പിക്കാനും, സമാധാനം സ്ഥാപിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമാണെന്നും ചർച്ച് ഇൻ നീഡ് അന്താരാഷ്ട്രകത്തോലിക്കാസംഘടന. ഇത്തരമൊരു സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ, മ്യാന്മറിനുവേണ്ടി 24 മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്താൻ, ജനുവരി 30-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, സംഘടനയുടെ എസ്‌സിക്യൂട്ടീവ് പ്രെസിഡന്റ് റെജീന ലിഞ്ച് ആവശ്യപ്പെട്ടു.
മ്യാന്മറിൽ ഏറെ നാളുകളായി തുടരുന്ന സംഘർഷങ്ങളിൽ ഇരകളായ ഏവർക്കും, പ്രത്യേകിച്ച് മരണമടഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിനും വേണ്ടിയാണ് പ്രാർത്ഥനയുടെ ഈ ദിനം തങ്ങൾ തയ്യാറാക്കുന്നതെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു. രാജ്യത്ത് തങ്ങളുടെ സഹോദരീസഹോദരങ്ങൾ വിവിധ ആക്രമണങ്ങളാണ് നേരിടുന്നതെന്നും, പട്ടിണിയും, വിദ്യുശ്ചക്തി ലഭ്യതക്കുറവും മൂലം അവർ ബുദ്ധിമുട്ടുന്നുണ്ടെന്നും അറിയിച്ച റെജീന ലിഞ്ച്, അപകടം പിടിച്ച വഴികളിലൂടെ ദിവസങ്ങൾ യാത്രചെയ്താണ് രാജ്യത്തെ വൈദികരും സന്ന്യസ്തരും, അകലങ്ങളിലുള്ള ഇടവകകളിലേക്ക് എത്തുന്നതെന്ന് വിശദീകരിച്ചു.
തങ്ങളുടെ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായ മനുഷ്യർക്കുവേണ്ടിയും ഒളിച്ചുകഴിയാൻ നിർബന്ധിതരാകുന്നവർക്കുവേണ്ടിയും തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായ യുവജനങ്ങൾക്കുവേണ്ടിയും, ആധ്യാത്മികസേവനത്തിന് വേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തേണ്ടിവരുന്ന സമർപ്പിതർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ കൂടിയാണ് ഈ ദിനം തങ്ങൾ ഒരുക്കുന്നതെന്ന് ചർച്ച് ഇൻ നീഡ് എഴുതി.
ലോകത്ത് 140 രാജ്യങ്ങളിൽ, ബുദ്ധിമുട്ടനുഭവിക്കുന്ന ക്രൈസ്തവസമൂഹങ്ങൾക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാസംഘടനയാണ് ചർച്ച് ഇൻ നീഡ്. സമാധാനത്തിന്റെ സന്ദേശം ഏവരിലേക്കുമെത്തിക്കാൻ സംഘടന ഏവരോടും അഭ്യർത്ഥിച്ചു.
പ്രാർത്ഥനാദിനത്തിൽ ചർച്ച് ഇൻ നീഡ് സംഘടനയുടെ മുഖ്യ ഓഫീസും, 23 ദേശീയ ഓഫീസുകളും വിവിധ സമയങ്ങളിലായി പങ്കെടുക്കും. പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സംഘടന ഏവരോടും അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: