തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ   (ANSA)

'ഇഷ്ടങ്ങളെ' അടിസ്ഥാനമാക്കാതെ, 'സത്യത്തെ' അടിസ്ഥാനമാക്കിയുള്ളതാണ് യഥാർത്ഥ ആശയവിനിമയം

അൻപത്തിമൂന്നാമത് ആഗോള സമൂഹമാധ്യമദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തവിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗോള തലത്തിൽ ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ച ഒരു കണ്ടുപിടുത്തമായിരുന്നു ഇന്റെർനെറ്റിന്റേത്. ലോകമെമ്പാടുമുള്ള ആളുകളുമായി തൽക്ഷണ ആശയവിനിമയം സാധ്യമാക്കിക്കൊണ്ട്, ഇൻ്റർനെറ്റ് ലോകത്തെ ഒരു ചെറിയ ഇടമാക്കി മാറ്റി. വിപ്ലവകരമായ കണ്ടുപിടുത്തമെന്നാണ് ഇന്റർനെറ്റിനെ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനു പുറമേ, ദൈവരാജ്യ പ്രചാരണത്തിനും ഏറെ സഹായകമാണെന്നാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത്.  ഇന്‍റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന ആധുനിക സഭയ്ക്ക് ഈ സാങ്കേതിക വിദ്യയുടെ ഉപയോഗവും അത്യന്താപേഷിതമാണ്. എന്നാൽ ഈ അത്യാധുനിക സാങ്കേതിക വിദ്യകളെ ആരോഗ്യകരമായി ഉപയോഗിക്കുവാനുള്ള നമ്മുടെ കടമയെയും സഭ എപ്പോഴും ഓർമ്മപ്പെടുത്തുന്നു, ഇതിനുള്ള തെളിവാണ് സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച  'സഭയും ഇന്‍റര്‍നെറ്റും', 'ഇന്‍റര്‍നെറ്റിലെ ധാര്‍മികത' എന്നീ രണ്ടു രേഖകൾ. എന്നാൽ ഈ വെല്ലുവിളികളെ സത്യത്തിന്റെ ധൈര്യം സംഭരിച്ചുകൊണ്ട് പ്രയോജനപ്രദങ്ങളായ സുവിശേഷപ്രചാരണ മാർഗങ്ങളായി ഉപയോഗിക്കുവാൻ സഭാമാതാവ് തന്റെ തനയരെ ഉദ്ബോധിപ്പിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യകള്‍ ജനങ്ങ ളെ സുവിശേഷമറിയിക്ക ാനുള്ള പുതിയ മാര്‍ഗം നല്‍കുമ്പോള്‍ അവ പ്രയോജനപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിരിക്ക ണമെന്നും ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടി അതു വിനിയോഗിക്ക ണമെന്നും 'സഭയും ഇന്‍റര്‍നെറ്റും' എന്ന രേഖ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യവംശത്തിന്‍റെ പൊതുനന്മയും ഐക്യദാര്‍ഢ്യവും വളര്‍ത്തുന്ന വിധത്തിലേ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവൂ എന്ന് 'ഇന്‍റര്‍നെറ്റിലെ ധാര്‍മികത' എന്ന രേഖ പഠിപ്പിക്കുന്നു. ഇതിനായി വിശ്വാസി സമൂഹം മുൻപോട്ടു വരണമെന്ന് വത്തിക്കാൻ സൂനഹദോസ് നേരത്തെ തന്നെ ആഹ്വാനം ചെയ്തിട്ടുള്ളതും ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.

 "സത്യം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും മനുഷ്യസമുദായത്തിന് ക്രിസ്തീയ രൂപം പകരാനും വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പത്രങ്ങള്‍, മാസികകള്‍,റേഡിയോ-സിനിമ -ടെലിവിഷന്‍ പരിപാടികള്‍, പ്രക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയെ സഹായിക്കാനും സംരക്ഷ ിക്കാനും സഭാമക്കള്‍ക്ക് കടമയുണ്ട്. അതുപോലെതന്നെ യഥാര്‍ത്ഥ സംസ്കാരത്തിനും പ്രേഷിതവേലയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ വേണ്ടി തങ്ങളുടെ കഴിവുകളും വിദഗ്ദ്ധമായ സേവനങ്ങളും നല്‍കി ഔദാര്യപൂര്‍വം സഹായിക്കണമെന്ന് സാമ്പത്തികശേഷിയും സാങ്കേതിക പരിജ്ഞാനവുമുള്ള വ്യക്തികളോടും സംഘടനകളോടും ഈ സൂനഹദോസ് അഭ്യര്‍ത്ഥിക്കുന്നു." ഇതായിരുന്നു സൂനഹദോസ് സഭാമക്കൾക്ക് നൽകിയ ഉപദേശം. 

ഈ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ശരിയായ മാനവിക സമൂഹ നിർമ്മിതിക്കുള്ള മാർഗ്ഗമാകണമെന്നുള്ള അടിസ്ഥാന ആശയം മുൻനിർത്തിയാണ് ഫ്രാൻസിസ് പാപ്പാ 2019 ൽ അൻപത്തിമൂന്നാമത് ആഗോള സമൂഹ മാധ്യമദിനത്തിലെ സന്ദേശം നൽകുന്നത്. എഫേസൂസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിൽ പൗലോസ് ശ്ലീഹ അടിവരയിടുന്ന ക്രൈസ്തവ സത്യം എടുത്തു പറഞ്ഞുകൊണ്ടാണ് സന്ദേശത്തിന്റെ ശീർഷകം നൽകിയിരിക്കുന്നത്: "നാം പരസ്പരം അവയവങ്ങളാണ്, സാമൂഹ്യ ശൃംഖലകൂട്ടായ്മയിൽ നിന്നും, മാനവിക സമൂഹത്തിലേക്ക്."

മനുഷ്യനും മനുഷ്യനും തമ്മിലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുവാൻ സഭ സദാ ജാഗരൂകയായിരുന്നുവെന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. ചിലപ്പോഴെങ്കിലും നൂതനമായ സാങ്കേതിക വിദ്യകൾ പ്രത്യേകിച്ചും ഇന്റർനെറ്റ് പോലെയുള്ള മാധ്യമ കണ്ടുപിടുത്തങ്ങൾ വെല്ലുവിളികളായി മാത്രം കാണുന്ന അവസ്ഥകൾ സമൂഹത്തിലുണ്ട്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ഈ സന്ദേശം പ്രസക്തമാകുന്നത്.

ഏകാന്തമായി പോകുന്ന മനുഷ്യജീവിതത്തിൽ കൂട്ടായ്മയുടെ കൈത്താങ്ങു  നൽകുവാനും അപ്രകാരം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനുമുള്ള ക്ഷണമാണ് പാപ്പായുടെ സന്ദേശം.  വ്യാപകമായ മാധ്യമ  പരിസ്ഥിതിയിൽ  നിന്നും വേർപെട്ടുകൊണ്ടുള്ള ഒരു ജീവിതത്തെ പറ്റി ചിന്തിക്കുക ഇന്ന് അസാധ്യമാണ്. ഒരുകാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത അറിവിന്റെയും ബന്ധങ്ങളുടെയും വലിയ ഒരു ശൃംഖല നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇന്റർനെറ്റിന്റെ ഉപയോഗം അറിവ് നേടാനുള്ള അസാധാരണമായ ഒരു അവസരമാണ് നമുക്ക് നൽകിയിരിക്കുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. എന്നാൽ അറിവ് നേടുവാനുള്ള ഈ സാഹചര്യത്തിലും, മനുഷ്യമനസ്സിനെ വ്യതിചലിപ്പിച്ചുകൊണ്ട്, തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടും, സത്യം മറച്ചുവച്ചുകൊണ്ടും, അത്യാഗ്രഹത്തിന്റെ വിത്ത് വിതയ്ക്കുന്ന സമൂഹ മാധ്യമ ശൃംഖലയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും പാപ്പാ നടത്തുന്നു.      

ഒരു വശത്ത് നമ്മളെ കൂടുതൽ ബന്ധിപ്പിക്കുന്നതിനും, പരസ്പരം കണ്ടെത്തുന്നതിനും സഹായിക്കുന്നതിനും സഹായിക്കുമ്പോൾ, മറുവശത്ത്, രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾ ലക്‌ഷ്യം വച്ചുകൊണ്ട്, മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന യാഥാർഥ്യവും പാപ്പാ അടിവരയിടുന്നു. കുട്ടികളെ പോലും ഇത്തരം സൈബറിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇന്ന് ഏറെ നിലനിൽക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറയുന്നു. അതിനാൽ ഇന്റർനെറ്റിന്റെ ആരോഗ്യപരമായ ഉപയോഗം വീണ്ടെടുക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. ഇതിനായി എല്ലാവരുടെയും സഹകരണങ്ങൾ ആവശ്യമാണെന്നും സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിക്കുന്നു.

മനുഷ്യർക്കിടയിൽ സ്ഥാപിക്കപ്പെടേണ്ടുന്ന ഒരു വലിയ ശൃംഖലയാണ് പ്രഥമമായി ഇന്റർനെറ്റ് ലക്ഷ്യമിടുന്നത്. നരവംശശാസ്ത്രപരമായ മാനത്തിലേക്ക് തിരികെ കൊണ്ടുവന്നാൽ, ശൃംഖലയുടെ രൂപകം അർത്ഥപൂർണ്ണമായ കൂട്ടായ്മജീവിതത്തെ ഇത് എടുത്തു കാണിക്കുന്നു. ഉത്തരവാദിത്വത്തോടെയുള്ള ഭാഷാ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പരസ്പര ശ്രവണവും സംഭാഷണവും ഐക്യദാർഢ്യത്തിന്റെ ഒരു ശൃംഖല രൂപപ്പെടുത്തുകയും, അത് മാനവിക വികസനത്തിന്റെ സമഗ്രതയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുകയും ചെയ്യുന്നു.

മറ്റുള്ളവരെ കണ്ടുമുട്ടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് ഇന്റർനെറ്റ്. എന്നാൽ ചിലപ്പോഴെങ്കിലും മനുഷ്യനെ കെണിയിൽ വീഴ്‌ത്തുന്ന തരത്തിൽ വിദ്വെഷത്തിന്റെ ചിന്തകൾ ഉണർത്തുവാനും, ബന്ധങ്ങളുടെ ഘടനയിൽ ഗുരുതരമായ ഒരു വിള്ളലുണ്ടാക്കുവാനും സാധ്യതയുണ്ടെന്ന വസ്തുതയും നാം മറന്നുപോകരുത്. ഇതാണ് യഥാർത്ഥ വെല്ലുവിളി, ഇന്റർനെറ്റിന്റെ യഥാർത്ഥ ദർശനത്തെ മാത്രം ജീവിതത്തിൽ സ്വാംശീകരിക്കുവാനും, അതിന്റെ നന്മ നിറഞ്ഞ ഉപയോഗം വളർത്തിയെടുക്കുവാനുമുള്ള ഉത്തരവാദിത്വം ജീവിതത്തിൽ സ്വീകരിക്കുവാനുമുള്ള ആഹ്വാനം  പാപ്പാ സന്ദേശത്തിൽ നൽകുന്നു. പരസ്പരം നമുക്കുള്ള ഉത്തരവാദി ത്വത്തെക്കുറിച്ചുള്ള അവബോധത്തിൽ സമൂഹത്തിന്റെ അനന്യത വെളിപ്പെടുത്തുവാനുള്ള നമ്മുടെ ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു പറയുന്നു.

പരസ്പരം അംഗങ്ങളായിരിക്കുക എന്നതാണ് സത്യത്തിന്റെ പാതയിൽ കൂട്ടായ്മയിൽ ചരിക്കുന്നതിനു പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നത്. സത്യം വെളിപ്പെടുന്നത് കൂട്ടായ്മയിലാണ്. മറുവശത്ത്, നുണ പറയുന്നത് അപരൻ എന്റെ ജീവിതത്തിന്റെ ഭാഗമല്ല എന്ന ചിന്തയിൽ നിന്നും ഉടലെടുക്കുന്നുവെന്ന വളരെ പ്രധാനപ്പെട്ട പഠനമാണ് പാപ്പാ നല്കുന്നത്.

ശരീരവും അവയവങ്ങളും എന്ന രൂപകം നമ്മെ കൂട്ടായ്മയിലും അപരത്വത്തിലും അധിഷ്ഠിതമായ നമ്മുടെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ, ക്രിസ്തു ശിരസ്സായിരിക്കുന്ന ഒരേ ശരീരത്തിലെ അംഗങ്ങളാണ് നാമേവരും എന്നുള്ള തിരിച്ചറിവാണ് ഏറെ പ്രധാനപ്പെട്ടതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. മനുഷ്യർ തമ്മിലുള്ള ഈ മനസ്സിലാക്കലിനും ആശയവിനിമയത്തിനുമുള്ള കഴിവ് സ്നേഹത്തിലാണ് അടിസ്ഥാനം ഉറപ്പിക്കുന്നത്.

മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധം സ്രഷ്ടാവായ ദൈവത്തിന്റെ ഹിതമാണെന്നും, അതിനു സൃഷ്ടി കർമ്മത്തിൽ ഉൾച്ചേർന്ന ഛായയും സാദൃശ്യവും തന്നെയാണ് മഹത്തായ തെളിവുകളെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ദൈവികപുണ്യമായ വിശ്വാസം തന്നെ, വാസ്തവത്തിൽ, ഒരു ബന്ധമാണ്, ഒരു കണ്ടുമുട്ടലാണ്; ദൈവസ്നേഹത്തിന്റെ പ്രേരണയാൽ നമുക്ക് മറ്റൊരാളുടെ ജീവിതത്തത്തോടുള്ള ബന്ധമാണിത്. ഇത് ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ്മയിലുള്ള വളർച്ചയാണ്. അതിനാൽ വ്യക്തിയിൽ നിന്ന് വ്യക്തിത്വത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ ജീവിതം മനുഷ്യത്വത്തിൽ വളരുന്നു; അവിടെ ഒപ്പം യാത്ര ചെയ്യുന്ന കൂട്ടാളികളായി നാം മാറുന്നുവെന്ന് പാപ്പാ എടുത്തു കാണിക്കുന്നു.

സമൂഹ മാധ്യമശൃംഖലയിൽ ഇപ്രകാരമുള്ള ഒരു സാഹോദര്യബന്ധം കാത്തുസൂക്ഷിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. ഒരു കുടുംബം,  കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഇന്റർനെറ്റ് ഉപയോഗിക്കുകയും പിന്നീട് മേശയിൽ കണ്ടുമുട്ടുകയും പരസ്പരം കണ്ണുകളിൽ നോക്കുകയും ചെയ്താൽ, അതിന്റെ മഹത്വം ജീവിതോന്മുഖമെന്നു പാപ്പാ പഠിപ്പിക്കുന്നു. ഇപ്രകാരം ബന്ധങ്ങളുടെ ശൃംഖല കൂട്ടായ്മയുടെ ശക്തിയായി മാറുന്നു. ‘ഇഷ്ടങ്ങളെ’ അടിസ്ഥാനമാക്കാതെ,  ‘സത്യത്തെ’ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയ്ക്ക് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2025, 15:51