തിരയുക

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ   (VATICAN MEDIA Divisione Foto)

അറേബ്യൻ നാടുകളിൽ സന്ദർശനം നടത്തി മാർ റാഫേൽ തട്ടിൽ

സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അറേബ്യാൻ ഉപദ്വീപുകളിലെ സഭാവിശ്വാസി സമൂഹങ്ങളെ സന്ദർശിച്ചു കൂടിക്കാഴ്ചകൾ നടത്തുന്നു. സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വടക്കൻ അറേബ്യയിലെ അപ്പസ്‌തോലിക വികാരിയത്തിലേക്കുള്ള സന്ദർശനം പൂർത്തിയാക്കി, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ എത്തി. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ പൗളോ മർത്തിനെല്ലി, മേജർ ആർച്ചുബിഷപ്പിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം, തലസ്ഥാനത്തുള്ള റൂവി, ഗാല എന്നീ സിറോമലബാർ ഇടവകകൾ സന്ദർശിക്കുകയും, വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, അവർക്കൊപ്പം ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

തുടർന്ന് അപ്പസ്തോലിക വികാരിക്കൊപ്പം,  യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലുള്ള സീറോ മലബാർ സഭാ അംഗങ്ങളെ സന്ദർശിക്കുന്നതിനായി യാത്ര തിരിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസി  തൊഴിലാളികൾ, അറേബ്യൻ ഉപദ്വീപുകളിൽ  തങ്ങളുടെ വിശ്വാസവും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആരാധനാക്രമ അനുഷ്ടാനങ്ങളിൽ പങ്കെടുക്കുന്നുവെന്നത്, ഫ്രാൻസിസ് പാപ്പായും തന്റെ അറേബ്യൻ സന്ദർശന വേളയിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണ്. "വിശ്വാസത്തിൻ്റെ ആഹ്ലാദകരമായ ബഹുസ്വരത" എന്നാണ് പാപ്പാ കത്തോലിക്കാ വിശ്വാസത്തെ നിർവ്വചിച്ചത്.

പാപ്പയുടെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ്, ഈ പ്രദേശങ്ങളിൽ നടത്തുന്ന വിശ്വാസാഘോഷങ്ങൾ. പരിശുദ്ധാത്മാവ് ഇഷ്ടപ്പെടുന്നതും, കൂടുതൽ  സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്നതുമായ, വിശ്വാസത്തിൻ്റെ ഐക്യം വലിയ ഒരു സാക്ഷ്യമാണെന്നും  പാപ്പാ പറഞ്ഞിരുന്നു.

മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി സീറോ മലബാർ വൈദികർ അറേബ്യൻ  ഉപദ്വീപിലെത്തിയത്. ഇന്നുവരെ ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിൽ മാത്രം അറുപതോളം വൈദികരുണ്ട്. ഈ വൈദികരിൽ പതിമൂന്ന് പേർ സീറോ മലബാർ സഭയിൽ പെട്ടവരാണ്. ഇവരിൽ അഞ്ച് പേർ ഇടവക വികാരിമാരായി സേവനമനുഷ്ഠിക്കുന്നു. ദക്ഷിണ അറേബ്യയിലെ അപ്പോസ്തോലിക വികാരിയാത്തിലെ  കത്തോലിക്കാ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനമാണ് ഇന്ന് സീറോ-മലബാർ വിശ്വാസികൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2024, 13:20