തിരയുക

 കയെത്താനൊ ക്ലൗസെയാസ് ബയ്വേ (Cayetano Clausellas Ballvé), അന്തോണിയൊ തോർത്ത് റെയിസാക്സ് (Antonio Tort Reixachs) എന്നീ നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം, സ്പെയിനിൽ ബർസെലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ (photo: Guillermo SIMÓN-CASTELLVÍ SEMERARO) 23/11/24 കയെത്താനൊ ക്ലൗസെയാസ് ബയ്വേ (Cayetano Clausellas Ballvé), അന്തോണിയൊ തോർത്ത് റെയിസാക്സ് (Antonio Tort Reixachs) എന്നീ നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം, സ്പെയിനിൽ ബർസെലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ (photo: Guillermo SIMÓN-CASTELLVÍ SEMERARO) 23/11/24 

സ്പെയിനിൽ ഒരു അല്മായനുൾപ്പടെ രണ്ടു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ!

രക്തസാക്ഷികളായ കയെത്താനൊ ക്ലൗസെയാസ് ബയ്വേയും അന്തോണിയൊ തോർത്ത് റെയിസാക്സും വാഴ്ത്തപ്പെട്ടവർ. ബർസെലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ ഇരുപത്തി മൂന്നാം തീയതി ശനിയാഴ്ച (23/11/24) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രക്തസാക്ഷികളായ കയെത്താനൊ ക്ലൗസെയാസ് ബയ്വേ (Cayetano Clausellas Ballvé), അന്തോണിയൊ തോർത്ത് റെയിസാക്സ് (Antonio Tort Reixachs) എന്നീ പുണ്യാത്മാക്കൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

ബർസെലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ ഇരുപത്തി മൂന്നാം തീയതി ശനിയാഴ്ച (23/11/24) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം. ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

രൂപതാ വൈദികനായിരുന്ന കയെത്താനൊ ക്ലൗസെയാസ് ബയ്വേയും അൽമായനായിരുന്ന അന്തോണിയൊ തോർത്ത് റെയിസാക്സും സ്പെയിനിൽ മതപീഢനകാലത്ത് 1936-ലാണ് വധിക്കപ്പെട്ടത്.

നവവാഴ്ത്തപ്പെട്ട കയെത്താനൊ ക്ലൗസെയാസ് ബയ്വേയുടെ ജനനനം 1863 ആഗസ്റ്റ് 5-ന് ബർസെലോണയിലെ സബദേൽ എന്ന സ്ഥലത്തായിരുന്നു.1888 മെയ് 3-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധങ്ങളായ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടു. തീവ്രവിരക്തി, ദാരിദ്ര്യം, എളിമ എന്നിവയാൽ മുദ്രിതമായിരുന്നു വാഴ്ത്തപ്പെട്ട കയെത്താനൊയുടെ ജീവിതം. രണ്ടു പതിറ്റാണ്ടോളം ഒരു വൃദ്ധ സദനത്തിൽ അജപാലന ദൗത്യം നിർവ്വഹിച്ച അദ്ദേഹത്തെ 1936 ആഗസ്റ്റ് 14-ന് സൈന്യം പിടികൂടുകയും അടുത്ത ദിവസം, അതായത്, പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ വധിക്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട അന്തോണിയൊ തോർത്ത് റെയിസാക്സും ബർസെലോണക്കാരനാണ്. 1895 മാർച്ച് 28-നായിരുന്നു ജനനം. 1917-ൽ ഹൊസേഫ ഗാവിൻ സഗാർദിയയെ വിവാഹം ചെയ്തു. 11 മക്കളുടെ പിതാവായിത്തീർന്ന അന്തോണിയൊ തീക്ഷ്ണമതിയായ ഒരു ക്രൈസ്തവനും ആവശ്യത്തിലിരിക്കുന്നവരുടെ കാര്യത്തിൽ ശ്രദ്ധാലുവും ദിവ്യകാരുണ്യത്തിൻറെയും പരിശുദ്ധ കന്യകാമറിയത്തിൻറെയും ഭക്തനും ആയിരുന്നു.   മതപീഢന വേളയിൽ, ജീവന് അപകടമാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും, അദ്ദേഹം നിരവധി വൈദികർക്കും സന്ന്യസ്തർക്കും സ്വഭവനത്തിൽ അഭയം നല്കി. 1936 ഡിസംബർ 1-ന് സായുധ സൈന്യം അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് ഇരച്ചുകയറുകയും എല്ലാം കവർന്നെടുക്കുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി പീഢിപ്പിക്കുകയും ചെയ്തു. മൂന്നാം തീയതി രാത്രി സൈന്യം അന്തോണിയൊയെ മോന്ത്കാദ സെമിത്തേരിയുടെ സമീപത്തുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2024, 12:54