കുടുംബ അജപാലനത്തിൽ സമ്പാദ്യമൂല്യം പഠിപ്പിച്ച് റോമൻ വികാരിയാത്ത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കുടുംബങ്ങളുടെ അമിത കടബാധ്യതയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം, അത് തടയുന്നതിനും ചെറുക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ എന്നിവയെ പരാമർശിച്ചുകൊണ്ട് അമിതമായ കടബാധ്യത സാമൂഹ്യവും, അജപാലനപരവുമായ വെല്ലുവിളി എന്ന വിഷയത്തിൽ അടിസ്ഥാനമാക്കി, റോമൻ വികാരിയാത്ത് പരിശീലന ലഘുലേഖ പ്രസിദ്ധീകരിച്ചു. സമ്പാദ്യത്തിൻ്റെയും സാമ്പത്തിക വിദ്യാഭ്യാസത്തിൻ്റെയും മൂല്യങ്ങൾ പ്രത്യേകമാം വണ്ണം ചർച്ചചെയ്യപ്പെടുന്ന നവംബർ മാസത്തിന്റെ അന്ത്യത്തിലാണ് ഈ ലഘുലേഖ പ്രസിദ്ധീകരിക്കുന്നത്. ഐക്യദാർഢ്യം, സമചിത്തത, പൊതുനന്മ എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഒരു സംസ്‌കാരത്തെ ഇന്നത്തെ കാലഘട്ടത്തിൽ പ്രോത്സാഹിപ്പിക്കണമെന്നും, ക്രിസ്ത്യാനികൾ എന്ന നിലയിൽ ഉപഭോക്തൃ സംസ്കാരത്തിന് വശംവദരാകാതെ പങ്കുവയ്ക്കൽ, നീതി, ഉത്തരവാദിത്തം എന്നിവയെ വിലമതിക്കുന്ന ഒരു ജീവിതശൈലിയിലേക്ക് നാം കടക്കണമെന്നും ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നു.
മനുഷ്യൻ്റെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി അവസാനിപ്പിക്കണമെന്നും, ജൂബിലി വർഷത്തിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കടബാധ്യത മൂലമുണ്ടാകുന്ന അടിച്ചമർത്തലുകൾക്ക് പരിഹാരം കാണണമെന്നും ലേഖയിൽ പ്രതിപാദിക്കുന്നു. അമിത കടബാധ്യതയെക്കുറിച്ചുള്ള ചോദ്യം ഇറ്റാലിയൻ സമൂഹത്തിൻ്റെ വികസനത്തിന് എപ്പോഴും വെല്ലുവിളിയുയർത്തുന്നുവെന്നും, ഇത് ദാരിദ്ര്യാവസ്ഥ വർധിപ്പിക്കുന്നതിനും, തൊഴിലാളിവർഗത്തിൻ്റെ ഉപജീവന വരുമാനത്തിൻ്റെ മൂല്യം തകർക്കുന്നതിന് ഇടയാക്കുന്നുവെന്നും ലഘുലേഖയിൽ പറയുന്നു.
ഇത്തരം വെല്ലുവിളികൾക്ക് നടുവിൽ വിവിധ തരത്തിൽ ആളുകളെ സഹായിക്കുന്നതിനും, സമ്പാദ്യശീലം വർധിപ്പിക്കുന്നതിനും സഭ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയും ലേഖ പരിചയപ്പെടുത്തുന്നു. സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അഭിഭാഷകരുടെയും വിദഗ്ധരുടെയും സേവനങ്ങളും റോമൻ വികാരിയാത്ത് നൽകിവരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: