കൂട്ടായ്മയിലാണ് യഥാർത്ഥ സമാധാനവും, രക്ഷയും കണ്ടെത്തുന്നത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കോവിഡ് മഹാമാരി മനുഷ്യമനസുകളിൽ ഏകാന്തതയുടെ അന്ധകാരം സൃഷ്ടിച്ച നാളുകൾക്ക് ശേഷമാണ് ഫ്രാൻസിസ് പാപ്പാ അൻപത്തിയാറാമത് ആഗോള സമാധാന ദിന സന്ദേശം രചിക്കുന്നത്. സ്വന്തം കൂടുകളിലേക്ക് ഒതുങ്ങിക്കൂടി, മറ്റുള്ളവരെ ഒഴിവാക്കുന്ന ഒരു സംസ്കാരത്തിലേക്ക്, മഹാമാരിയുടെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. മറ്റുള്ളവരെ ഒന്ന് നേരെ നോക്കാൻ പോലും മടി കാണിച്ചിരുന്ന നാളുകൾ. മറ്റുള്ളവരുടെ സുഖവിവരങ്ങൾ തിരക്കുന്നതിനു പോലും ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടം. എന്നാൽ ആ നാളുകളിൽ ലോകം ചർച്ച ചെയ്ത മറ്റൊരു യാഥാർഥ്യമുണ്ട്: ആ യാഥാർഥ്യം ചില മനുഷ്യരായിരുന്നു.
തങ്ങളുടെ സുരക്ഷിതത്വമെല്ലാം മറന്നുകൊണ്ട്, മറ്റുള്ളവരുടെ ജീവന്റെ അവസാന കണികകളെ പിടിച്ചുനിർത്തിക്കൊണ്ട് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാൻ അക്ഷീണം പരിശ്രമിച്ച ആരോഗ്യ പ്രവർത്തകർ. ആശുപത്രികളിലും, മറ്റു ആരോഗ്യകേന്ദ്രങ്ങളിലും ഇക്കൂട്ടർ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചത്, മറ്റുള്ളവരുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നു. ഇതാണ് ഫ്രാൻസിസ് പാപ്പായുടെ സമാധാന ദിന സന്ദേശത്തിൽ മുഴങ്ങിക്കേൾക്കുന്ന വചനം: “ആർക്കും തനിയെ തന്നെത്തന്നെ രക്ഷിക്കാനാവില്ല. ഒരുമിച്ച് സമാധാനത്തിന്റെ പാതകൾ കണ്ടെത്തുന്നതിനായി കോവിഡ്-19-ൽ നിന്ന് പുനരാരംഭിക്കുക” ഇതായിരുന്നു സന്ദേശത്തിന്റെ ശീർഷകം.
തെസ്സലോനിക്കയിലെ സഭയ്ക്കുള്ള ഒന്നാം ലേഖനത്തിലെ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്ന സന്ദേശം ഇരുള് നിറഞ്ഞ ലോകത്തിൽ ദൈവത്തിൽ ആശ്രയം വച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു. ഇപ്രകാരമുള്ള ദൈവാശ്രയബോധം നമ്മെ സഹോദരങ്ങളിലേക്കും അടുപ്പിക്കുന്നു എന്ന പരമാർത്ഥതയും ഈ സന്ദേശം അടിവരയിടുന്നു. സഹോദരങ്ങളോടുള്ള സ്നേഹം ദൈവത്തോടും, ദൈവത്തോടുള്ള സ്നേഹം സഹോദരങ്ങളിലേക്കും നമ്മെ കൂടുതൽ ചേർത്തുവയ്ക്കുകയും, അപ്രകാരം, ഒരു കൂട്ടായ്മാമനോഭാവം വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
ഈ സമാധാന ദിന സന്ദേശം പ്രത്യാശയിലേക്കുള്ള ഒരു ക്ഷണം കൂടിയായതിനാൽ, 2025 ജൂബിലി വർഷത്തേക്കുള്ള നമ്മുടെ ഒരുക്കത്തിനും ഈ ധ്യാനം നമ്മെ സഹായിക്കും. ക്രൈസ്തവ ജീവിതം ഈ ഭൂമിയിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ആറടിമണ്ണിനെപ്പറ്റിമാത്രം ചിന്തിക്കാനുള്ളതല്ല എന്ന പ്രതീക്ഷയുടെ ചിന്തകളോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. മറിച്ച് ജീവിതപാതയെ മുൻപോട്ടു നയിക്കുന്നത്, ആറടിമണ്ണിനുമപ്പുറം, ആത്മാവിനെ, നിത്യജീവിതത്തിലേക്ക് കൊണ്ടുപോകുന്ന ദൈവീക കരുണയാണെന്ന പാപ്പായുടെ വാക്കുകൾ, മഹാമാരി അവശേഷിപ്പിച്ച, മനുഷ്യജീർണ്ണതയുടെ ചിന്തകൾക്ക് വിരാമമിടുന്നു. എന്നാൽ ഈ നിത്യജീവിതത്തിലേക്കുള്ള പാതയിൽ ശ്രദ്ധാശൈഥില്യത്തിനോ നിരുത്സാഹത്തിനോ വഴങ്ങാതെ ജാഗരൂകരായിരിക്കാനുള്ള ക്ഷണമാണ് പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ അനുസ്മരിക്കുന്നത്.
ജാഗ്രത സമാധാനത്തിലേക്കുള്ള പാത
മനസ്സിൻറെ മൂന്നവസ്ഥകളിലൊന്നായിട്ടാണ് ജാഗ്രതയെ മനഃശാസ്ത്രജ്ഞന്മാർ അവതരിപ്പിക്കുന്നത്. എന്നാൽ ഇത് വെറും ശൂന്യമായ ഉറക്കമൊഴിച്ചിലല്ല, മറിച്ച് വാഗ്ദാനം ചെയ്യപ്പെട്ട സൗഭാഗ്യത്തിനുവേണ്ടിയുള്ള ശ്രദ്ധാപൂർവ്വമായ ജീവിതമാണ്. എന്നാൽ ഇതിനുവേണ്ടി അധ്വാനിക്കണമെന്നും പാപ്പാ പ്രത്യേകമായി ഉദ്ബോധിപ്പിക്കുന്നു. പദ്ധതികളെയും, ദിനചര്യകളെയും തകിടം മറിക്കുകയും, ശാന്തത നഷ്ടപ്പെടുത്തുകയും ചെയ്ത കോവിഡ് കാലഘട്ടം, നമ്മെ അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ടു എന്ന് പറയുന്നതിൽ തെല്ലും തെറ്റില്ല. "അപ്രതീക്ഷിതം" എന്നുള്ള വാക്കാണ് പാപ്പാ പ്രഥമമായി ഉപയോഗിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായവയോട് പ്രതികരിക്കുവാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വബോധത്തെയും പാപ്പാ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി കടന്നെത്തിയ സാഹചര്യങ്ങൾ, മനുഷ്യർ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുകയും, ജീവിതത്തിനു ഭീഷണികൾ ഉയർത്തുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിലാണ് ശ്രദ്ധാപൂർവ്വമായ ഒരു കരുതലിനുള്ള ക്ഷണം പാപ്പാ നൽകുന്നത്. കാരണം അസമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കുവാൻ ഈ അപ്രതീക്ഷിതമായ വെല്ലുവിളികൾ സാഹചര്യമൊരുക്കി എന്ന് പറയുന്നതിനും പാപ്പാ ഇവിടെ തയ്യാറാകുന്നു. സാമൂഹികവും സാമ്പത്തികവുമായ ക്രമത്തിലെ വിള്ളലുകളും അത് മുന്നിൽ കൊണ്ടുവന്ന വൈരുദ്ധ്യങ്ങളും അസമത്വങ്ങളും പാപ്പാ ചൂണ്ടിക്കാണിച്ചുകൊണ്ട്, അവയുടെ തിക്താനുഭവങ്ങൾ ഏറെ നേരിടുന്ന കുടിയേറ്റക്കാർ, ദാരിദ്ര്യം അനുഭവിക്കുന്നവർ, ഏകാന്ത ജീവിതം നയിക്കുന്നവർ എന്നിവരോടുള്ള ജാഗ്രത, സമാധാനം കൈവരിക്കുന്നതിന് നമ്മെ ഏറെ സഹായിക്കുമെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.
ഒരുമിച്ചു നടക്കുവാൻ പഠിക്കുക
ജാഗ്രതാപൂർണ്ണമായ ഒരു ജീവിതത്തിലൂടെ നാം നേടിയെടുക്കേണ്ട ഉന്നതമായ ഒരു ജീവിതശൈലിയെക്കുറിച്ചാണ് പാപ്പാ തുടർന്ന് തന്റെ സന്ദേശത്തിൽ എടുത്തു പറയുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ ഒരുപക്ഷെ നമ്മുടെ മനസ്സും, ഹൃദയവും, ജീവിതചര്യകളുമെല്ലാം തികച്ചും യാന്ത്രികമായി മാറിയേക്കാമെങ്കിലും, തുടർന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യോന്മുഖമായ ഒരു ജീവിതം കരുപ്പിടിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തളച്ചിടപ്പെടാതെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു വരുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് പാപ്പാ ഉപയോഗിക്കുന്നത്. മഹാമാരിയിൽ നിന്ന് നമ്മൾ എന്താണ് പഠിച്ചത്? നമ്മുടെ പഴയ ശീലങ്ങളുടെ ചങ്ങലകൾ അഴിച്ചുമാറ്റാനും കൂടുതൽ നന്നായി തയ്യാറാകാനും പുതിയ കാര്യങ്ങൾ നൽകാനും എന്ത് പുതിയ പാതകളാണ് നാം പിന്തുടരേണ്ടത്? മുന്നോട്ട് പോകാനും, നമ്മുടെ ലോകത്തെ മികച്ച സ്ഥലമാക്കാൻ ശ്രമിക്കാനും സഹായിക്കുന്ന ജീവിതത്തിൻ്റെയും, പ്രത്യാശയുടെയും എന്ത് അടയാളങ്ങളാണ് നമുക്ക് കാണാൻ കഴിയുക? പാപ്പാ ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ, ജീവിതത്തെ നവമാക്കുവാനുള്ള ഓരോ മനുഷ്യന്റെയും മനഃസാക്ഷിയോടുള്ള സമസ്യകളാണ്.
മനുഷ്യൻ തന്റെ ജീവിതത്തിൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് ഒന്നും നേടുന്നില്ല എന്ന ആഗോള തത്വം പാപ്പാ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും പരസ്പരം ആവശ്യമാണെന്ന തിരിച്ചറിവാണ് മഹാമാരിയുടെ അനുഭവം മനുഷ്യജീവിതത്തിന് പകർന്നു നല്കിയതെന്നു പാപ്പാ പറയുമ്പോൾ, ഈ അനുഭവം മറ്റൊരു മഹത്തരമായ ദൈവീകബന്ധത്തിലേക്കു കൂടി നമ്മെ നയിക്കുന്നു. ഇത്, ദൈവത്തിൻ്റെ മക്കളായ സഹോദരീസഹോദരന്മാരെന്ന നിലയിൽ നമ്മുടെ പങ്കുവയ്ക്കുന്ന മനുഷ്യത്വമാണ്. അസമത്വം, അനീതി, ദാരിദ്ര്യം, പാർശ്വവൽക്കരണം എന്നീ പ്രശ്നങ്ങൾ വളരെ പ്രബലപ്പെടുന്ന ഒരു ലോകത്തു, സമാധാനം അന്യമാകുന്ന അവസ്ഥകളിൽ, പാപ്പാ നൽകുന്ന ക്ഷണം സാഹോദര്യത്തിന്റേതാണ്. മഹാമാരിയുടെ അവസരത്തിൽ മനുഷ്യജീവന്റെ ക്ഷണികത നമുക്ക് മനസിലായെങ്കിലും, അതൊരു ബോധ്യമായി ജീവിതത്തിൽ പുലർത്തുന്നതിനും, സാഹോദര്യത്തിന്റെ മനോഹാരിത, പ്രായോഗികതയിൽ വരുത്തുവാനും മനുഷ്യൻ പരിശ്രമിക്കുന്നില്ല എന്ന വേദനയും പാപ്പാ തന്റെ സന്ദേശത്തിൽ പങ്കുവയ്ക്കുന്നു.
ഐക്യമാണ് സമാധാനത്തിന്റെ പാത
'ഐക്യം' എന്ന വാക്കു ഒരുപക്ഷെ ആധുനികയുഗത്തിൽ ഏറെ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ വാക്കിന്റെ ആന്തരികാർത്ഥം വാക്കുകളില്ല മറിച്ച് ജീവിതത്തിലാണ് പൂർത്തിയാക്കേണ്ടതെന്ന പാപ്പായുടെ ആഹ്വാനമാണ്, ഈ സന്ദേശത്തിന്റെ കേന്ദ്രബിന്ദു. അരിസ്റ്റോട്ടിൽ തന്റെ തത്വചിന്തയിൽ അടിവരയിട്ടു പറയുന്നതുപോലെ, തികഞ്ഞതും, പൂർണമായതും, ശുദ്ധവുമായ നീതിയാണ് ആഗോളപരമായി നടപ്പിലാക്കേണ്ടത്. എല്ലാവർക്കും സമൂഹത്തിൽ ഒരു സ്ഥാനം കണ്ടെത്തുവാൻ സാധിക്കുന്ന തരത്തിൽ, ഐക്യത്തിന്റെ സന്ദേശം എല്ലാവർക്കും പകർന്നു നൽകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. വ്യക്തിപരമായ താത്പ്പര്യങ്ങൾക്കുമപ്പുറം, സാമൂഹ്യപരമായ മാനത്തിനു കൂടുതൽ മൂല്യം നൽകുവാൻ പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.
പൊതുനന്മയെ മുൻനിർത്തി സമാധാനം പുനഃസ്ഥാപിക്കുക
ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിൽ എപ്പോഴും അടിവരയിടുന്ന ഒന്നാണ്, നമ്മിൽ നിന്നും പുറത്തുകടന്നുകൊണ്ട്, മറ്റുളവരിലേക്ക് നടന്നടുക്കുക. ഇതിനു, ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുവാൻ വേണ്ടിയാണ് പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നത്. പലപ്പോഴും, നമ്മിലേക്ക് മാത്രം ചുരുങ്ങിക്കൊണ്ട്, സുരക്ഷ തേടുവാനുള്ള നമ്മുടെ പ്രവണതയെയാണ് പാപ്പാ ഇവിടെ തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നത്. മറിച്ച്, സാർവത്രിക മാനുഷിക സാഹോദര്യത്തിലേക്ക് നമ്മുടെ മനസ്സും ഹൃദയവും തുറക്കുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. ഒരു പക്ഷെ ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം, സാർവത്രിക സാഹോദര്യവും, നാനാത്വത്തിലുള്ള ഏകത്വവും, ബഹുഭാഷാസ്വരതയുമെല്ലാം ഏറെ പരിചിതവും, മൂല്യങ്ങളായി ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഈ സാഹോദര്യ മനോഭാവം അന്യം വന്നു തുടങ്ങുന്നുവോ, അന്ന് മുതൽ അസഹിഷ്ണുതയുടെ യുദ്ധ മുറവിളികൾ സമൂഹത്തിൽ കേട്ടുതുടങ്ങുന്നു. ഇതാണ് ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന യുദ്ധ ഭീകരതയും. അസമത്വങ്ങളെ തുടച്ചുനീക്കുവാനും, ഉപരിപ്ലവമാകാതെ യഥാർത്ഥ സമാധാനത്തിനുള്ള ആഹ്വാനം നൽകുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: