തിരയുക

വത്തിക്കാനിലെ റെദെംതോറിസ് മാത്തെർ ചാപ്പലിൽനിന്നുള്ള ഒരു ചിത്രം വത്തിക്കാനിലെ റെദെംതോറിസ് മാത്തെർ ചാപ്പലിൽനിന്നുള്ള ഒരു ചിത്രം 

രക്ഷകനായ ക്രിസ്തുവിന്റെ വരവിനായി ഹൃദയങ്ങളൊരുക്കാം

ലത്തീൻ ആരാധനാക്രമപ്രകാരം ആഗമനകാലം ഒന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - ലൂക്കാ 21,25-28; 34-36
ശബ്ദരേഖ - രക്ഷകനായ ക്രിസ്തുവിന്റെ വരവിനായി ഹൃദയങ്ങളൊരുക്കാം

ഫാ. പീറ്റർ ടാജീഷ് O de M.

ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദിനങ്ങളിലേക്ക് തിരുസഭ ആഘോഷപൂർവ്വം പ്രവേശിക്കുകയാണ്. ആഗമനകാലം ഒന്നാം ഞായർ ഒരു പുതുവർഷം ആരംഭം തന്നെയാണ് സഭയുടെ ആരാധനാക്രമത്തിൽ.

മനുഷ്യനായിട്ട് അവതരിക്കുന്ന ഉണ്ണിയേശുവിനെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും സ്വീകരിക്കുവാനും, ഹൃദയം അവന്റെ വാസസ്ഥലമാക്കുവാനും വേണ്ടി പരിശ്രമിക്കുന്ന, ഒരുങ്ങുന്ന പുണ്യദിനങ്ങളിലേക്ക് നമ്മൾ ഓരോരുത്തരും പ്രവേശിക്കുകയാണ്.

വരാനിരിക്കുന്നവൻ ക്രിസ്തു തന്നെയാണ്. മനുഷ്യരുടെ രക്ഷയെപ്രതി മനുഷ്യനായി അവതരിച്ച,  വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഭാഷ്യത്തിൽ ദൈവികത ഒരു വലിയ കാര്യമായി പരിഗണിക്കാതെ തന്നെ തന്നെ ശൂന്യനാക്കി ഒരു അടിമയുടെ രൂപം സ്വീകരിച്ച് മനുഷ്യനായി മാറിയ ക്രിസ്തുവിന്റെ ജീവിതം.

വരുന്നവൻ ക്രിസ്തുവാണെന്നും ആ ക്രിസ്തുവിന്റെ രണ്ടാം വരവിന് സഭ കാത്തിരിക്കുകയാണെന്നുമുള്ള പാഠം തന്നെയാണ് ആഗമനകാലം നമുക്ക് നൽകുന്നതും. വെളിപാടിന്റെ പുസ്തകത്തിൽ വെള്ള വസ്ത്രം അണിഞ്ഞവരെ  ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്നത് ഞെരുക്കത്തിന്റെ കാലങ്ങളിലൂടെ കടന്നുപോയി ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തിയ കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവരെന്നാണ് .

കാത്തിരിക്കുന്ന സഭയുടെ ദർശനമാണ് ഗ്രന്ഥകർത്താവ് നൽകുന്നതും. സഭ കാത്തിരിപ്പിന്റെ ജനതയാണ്. അവന്റെ രണ്ടാം വരവിലേക്ക് ഒരുങ്ങിക്കൊണ്ട്, അവനോടൊപ്പം അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുന്ന, വിശുദ്ധി പുലർത്തുന്ന, കരുണ ജീവിക്കുന്ന ഒരു സമൂഹം. അതുകൊണ്ടു തന്നെ ആഗമനകാലം അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള നമ്മുടെ തയ്യാറെടുപ്പായിട്ട് മാറും.

ഒന്നാം വായന വ്യക്തമായിട്ട് പറയുന്നുണ്ട് ദാവീദിന്റെ ഭവനത്തിൽ നിന്ന് നീതിമാനായ ഒരു മുളയെ ഞാൻ കിളിർപ്പിക്കുമെന്ന്. ഇവിടെ ഞാനെന്ന പദം വിവക്ഷിക്കുന്നത് ദൈവത്തെ തന്നെയാണ്. അതിനർത്ഥം അവന്റെ രണ്ടാം വരവും, അവന്റെ ആഗമനവും  ദൈവത്തിന്റെ പ്രവർത്തികൾ എന്നാണ്. അത് എന്നാണ് എന്നോ, എവിടെയെന്നോ ചിന്തിക്കാതെ അതിനെക്കുറിച്ച് ഓർത്ത് ആകുലപ്പെടാതെ ഓരോ ദിവസവും ഓരോ മണിക്കൂറും അവനുവേണ്ടി ഒരുങ്ങുക എന്നുള്ള കടമയാണ് തിരുസഭാമക്കളിൽ നിഷിപ്തമായിടുള്ളത്.

ഈ കടന്ന് വരുന്നവൻ നീതിയും ന്യായവും നടത്തുമെന്നും യൂദ രക്ഷിക്കപ്പെടുമെന്നും പ്രവാചകൻ അരുൾ ചെയ്യുമ്പോൾ അതെല്ലാം രക്ഷയെ സൂചിപ്പിക്കുന്ന പ്രതീകങ്ങളായിട്ട് മാറുകയാണ്. ജെറമിയ പ്രവാചകന്‍ ഇങ്ങനെയാണ് എഴുതുന്നത് യൂദ രക്ഷിക്കപ്പെടുകയും ജെറുസലേം ഭദ്രമാക്കിയിരിക്കുകയും ചെയ്യും. രണ്ടും വരാനിരിക്കുന്ന സാർവത്രിക രക്ഷയുടെ സൂചനയാണ്.

അവൻ സർവ്വ മഹത്വവും കൂടെ ആഗതനാകുമ്പോൾ അവനെ എങ്ങനെ സ്വീകരിക്കാം,  ആ രാജ്യത്തിലേക്ക് ഒരുങ്ങാം എന്നുള്ളതിന്റെ സൂചനയാണ് പൗലോസ് ശ്ലീഹ തെസ്സലോണിയക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ നമ്മളോട് പറയുന്നത്. വളരെ ഭംഗിയായി ശ്ലീഹ അവതരിപ്പിക്കുന്നുണ്ട്:  ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം പോലെ നിങ്ങൾ തമ്മിലും, മറ്റുള്ളവരോടും സ്നേഹം വളർന്നു സമൃദ്ധമാകുവാൻ കർത്താവ് ഇടവരുത്തട്ടെ എന്ന്.

ഉള്ളിൽ തണുത്തുറഞ്ഞു പോകുന്ന സ്നേഹത്തെ ആളിക്കത്തിക്കുക എന്നത് മാത്രമാണ് അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള ഏക യോഗ്യത. സ്നേഹമില്ലാത്ത മനുഷ്യരല്ല നമ്മൾ, എന്നാൽ പല ഇടങ്ങളിലും, സാഹചര്യങ്ങളിലും നമ്മുടെ ഉള്ളിലെ സ്നേഹത്തെ തണുത്തുറഞ്ഞു പോകാൻ അനുവദിച്ചു എന്നുള്ള മനുഷ്യരാണ് നമ്മൾ. ആ സ്നേഹത്തെയാണ് നമ്മൾ ആളിക്കത്തിക്കേണ്ടതും, കരുണയോടെ നിലനിർത്തേണ്ടതും. ഒരു കുഞ്ഞ് ആദിമ സഭയെ ഒരുക്കുന്ന ദൗത്യത്തിലാണ് പൗലോസ് ശ്ലീഹ അതുകൊണ്ടുതന്നെയാണ് ഭംഗിയായിട്ട് പറയുന്നത് ഞങ്ങൾ നിങ്ങളോട് കാണിച്ച സ്നേഹം പോലെ നിങ്ങളും ജീവിക്കുക എന്ന്.

സ്നേഹത്തിന്റെ ഗൃഹപാഠങ്ങൾ നമ്മൾ തന്നെയാണ് ചെയ്തു തീർക്കേണ്ടത്. നമുക്ക് നൽകപ്പെടുന്ന സ്നേഹ ഗൃഹപാഠങ്ങൾ നമ്മുടേത് മാത്രമാണ് മറ്റൊരാളെ നോക്കിക്കൊണ്ട് ചെയ്യാനോ മറ്റൊരാളുടെ ഗൃഹപാഠങ്ങൾ ചെയ്തുതീർക്കാനോ നമുക്ക് സാധിക്കില്ല. എന്റെ ജീവിതസാഹചര്യങ്ങളിൽ അതിന്റെ പരിമിതികളിലും ദൗർബല്യങ്ങളിലും അതിന്റെ കഴിവുകളിലും കുറവുകളിലും ഞാൻ തന്നെ അത് പരിശീലിക്കേണ്ടതായിട്ടുണ്ട്.

ഉള്ളിലെ സ്നേഹം വീണ്ടെടുക്കുന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിന്റെ രണ്ടാം വരവ് പ്രഘോഷിക്കപ്പെടുന്നുണ്ട്. ക്രിസ്തുമസിന്റെ പരിവേഷങ്ങളിൽ ഒന്ന് ഏറ്റവും ശാന്തമായ രാത്രിയിൽ ദൈവം മനുഷ്യനായി എന്നുള്ളതാണ്. ദൈവത്തിന്റെ രണ്ടാം വരവ് എന്നുള്ളത് അവന്റെ മഹത്വത്തോട് കൂടി അവൻ നമുക്ക് മുന്നിൽ ആഗതനാകുന്നതും.

അതുകൊണ്ടുതന്നെ ആഗമനകാലം തപസ്സിന്റെയും, പ്രാർത്ഥനകളുടെയും,  സ്നേഹക്കടങ്ങൾ തീർക്കുന്നതിന്റെയും, കരുണയുടെയും ഒക്കെ ഉത്സവങ്ങൾ ആക്കി മാറ്റുക,  വരാനിരിക്കുന്ന ക്രിസ്തുവിനെ സ്വീകരിക്കാൻ ആയിട്ട് അവന്റെ രണ്ടാം വരവിൽ അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാൻ ആയിട്ടുള്ള ഗൃഹപാഠങ്ങളാണ് ആഗമനകാലം നമുക്ക് ഓരോരുത്തർക്കും നൽകുന്നതും.

സുവിശേഷം വലിയൊരു പ്രത്യാശയുടെ ഭാഷയാണ് നമുക്ക് സമ്മാനിക്കുന്നത്. ഭയപ്പെടുത്തുന്ന നിരാശപ്പെടുത്തുന്ന ഉൽക്കണ്ഠ സമ്മാനിക്കുന്ന ഇടങ്ങളിൽ പോലും നിങ്ങൾ ശിരസുയർത്തി നിൽക്കുവിൻ എന്നാണ് ലൂക്ക സുവിശേഷകൻ എഴുതുന്നത്. എന്തിന് ശിരസുയർത്തി നിൽക്കണം എന്ന ചോദ്യത്തിന് നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു എന്ന ഉത്തരം സുവിശേഷകൻ നമുക്ക് നൽകുന്നുണ്ട്.

വിമോചനം അടുത്തെത്തിയ മനുഷ്യരാണ് നമ്മൾ. അവന്റെ രക്തത്തിൽ നമ്മുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ച മനുഷ്യർ. നമ്മുടെ ഇടങ്ങളിലും ഈ പറയുന്ന ഉത്കണ്ഠകളും ആകുലതകളും ആകാശ ശക്തികൾ ഇളകി വരുന്ന അവസ്ഥകളും ഒക്കെ ഉണ്ടാകുമ്പോൾ നമ്മൾ പഠിക്കേണ്ടത് പ്രത്യാശയോടും വിശ്വാസത്തോടും കൂടെ ശിരസുയർത്തി നിൽക്കുവാൻ ആയിട്ടാണ് കാരണം അങ്ങനെ നിൽക്കുന്ന മനുഷ്യർക്കാണ് ദൈവം വിമോചനം സമ്മാനിക്കുന്നതും.

മനസ്സ് ദുർബലമായി പോകുന്ന ജീവിത സാഹചര്യങ്ങൾ ഉടലെടുത്തു പോയേക്കാം. നമ്മുടെ തന്നെ ദൗർബല്യങ്ങൾ നമ്മളെ തേടിയെത്തുന്ന ഇടങ്ങളും സൃഷ്ടിക്കപ്പെട്ടേക്കാം. സുവിശേഷകൻ എഴുതുന്നതുപോലെ സുഖലോലുപത മദ്യസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സു ദുർബലമാകുന്ന ജീവിതാവസ്ഥകൾ ഉണ്ടാവുമ്പോഴും ശിരസുയർത്തി പ്രത്യാശയോടെ നിൽക്കാൻ പഠിക്കുക എന്നുള്ളതാണ് ആഗമനകാലം നമ്മളോട് പറയുന്നത്.

ഭയപ്പെടുത്താൻ മനുഷ്യരും ഇടങ്ങളും ഉള്ളടത്തും ഭയമില്ലാതെ ഇരിക്കുക എന്നുള്ളതും ഒരു സുവിശേഷ പ്രഘോഷണം തന്നെയാണ്. ജീവിതം തകർത്തു കളയുന്ന ആകുലതകൾക്ക് നടുവിലും വലിയൊരു പ്രത്യാശയോടെ ശാന്തതയോടെ നിൽക്കാൻ കഴിയുന്നതും നല്ലൊരു സാക്ഷ്യമാണ്. ജീവിതം മുറിവുകൾ സമ്മാനിക്കുമ്പോഴും കണ്ണീരിന്റെ വഴികളിലൂടെ അലയാൻ വിട്ടുകൊടുക്കുമ്പോഴും അതിന് ശ്രമിക്കാതെ അവയോടൊക്കെ പുഞ്ചിരിയോടെ നേരിടാൻ പഠിക്കുമ്പോൾ എന്തേ ഇങ്ങനെയുള്ള മനുഷ്യർ എന്നൊരു ചോദ്യം ഉയർന്നേക്കാം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത് നിങ്ങളുടെ വിമോചനം അടുത്തിരിക്കുന്നു.

വളരെ അർത്ഥവത്തായ വരികൾ തന്നെയാണ് ഈ വിമോചനം അടുത്തിരിക്കുന്നു എന്നത്. കാരണം വരാനിരിക്കുന്ന ഒരു ദൈവസാന്നിധ്യത്തെയാണ് അത് സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജീവിത ഞെരുക്കങ്ങളിൽ ഈ മനുഷ്യർ തകരുന്നില്ല എന്നുള്ള ഉത്തരം. എനിക്കൊപ്പം ദൈവം ഉണ്ടെന്നുള്ള ബോധ്യമാവണം. അചഞ്ചലമായ ദൈവബോധം ഏത് സഹനങ്ങളെയും മറികടക്കാൻ മനുഷ്യനെ പഠിപ്പിക്കും എന്നുള്ള വലിയൊരു പാഠം സുവിശേഷം നമുക്ക് സമ്മാനിക്കുന്നുണ്ട്. ദൈവത്തിൽ ആഴത്തിൽ വിശ്വസിച്ചു തുടങ്ങുക ഒരു ശക്തിക്കും നിങ്ങളെ തകർക്കാനോ തോൽപ്പിക്കാനോ സാധിക്കില്ല.

ജീവിതത്തിന്റെ വഴികൾ നന്മകളാൽ നിറയട്ടെ, സ്നേഹത്തിന്റെയും കരുണയുടെയും പാരിജാത പൂക്കൾ നമ്മുടെ വഴികളിൽ വിടരട്ടെ. നിഷ്കളങ്കമായ പുഞ്ചിരിയും നിർവ്യാജമായ സ്നേഹത്തിന്റെ ഇടപെടലുകളും നമുക്കുണ്ടാവട്ടെ. അപ്പോൾ അവൻ നമ്മളിൽ പിറവിയെടുക്കും

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2024, 17:57