രാജാധിരാജനും ദൈവപുത്രനുമായ ക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മിശിഹാ ആരെന്ന് തിരിച്ചറിയാനോ, ദൈവപുത്രനായ ക്രിസ്തുവിന്റെ അധികാരത്തെ അംഗീകരിക്കാനോ ആകാത്ത കുറച്ചു മതപ്രമാണിമാരും അവരുടെ വാക്കുകൾ കേട്ട്, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിക്കാൻ ചുറ്റും കൂടുന്ന ജനക്കൂട്ടവും, നീ യഹൂദരുടെ രാജാവാണോ എന്ന് പ്രപഞ്ചത്തിന്റെ മുഴുവൻ രാജാവായ ദൈവപുത്രനോട് ചോദിക്കുന്ന അധികാരത്തിന്റെ കിരീടവും അരപ്പട്ടയും ധരിച്ച പീലാത്തോസും, അധികാരം കൊതിക്കാത്ത, ബലഹീനതയുടെ ആവരണമണിഞ്ഞ, ഒറ്റുകൊടുക്കപ്പെട്ട് സഹനത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുന്ന ക്രിസ്തുവുമാണ് ഇന്ന് സുവിശേഷം നമ്മുടെ മുന്നിൽ വയ്ക്കുന്ന വ്യക്തിത്വങ്ങൾ. ഭൗമികവും സ്വർഗ്ഗീയവുമായ രാജത്വങ്ങൾ തമ്മിലുള്ള വ്യത്യാസത്തിലേക്ക് വിരൽചൂണ്ടുന്ന തിരുവചനങ്ങളാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. പീലാത്തോസിന്റെ പ്രത്തോറിയത്തിൽ ഭൂമിയുടെയും, സ്വർഗ്ഗത്തിന്റെയും, സകല നേതൃത്വങ്ങളുടെയും മേൽ അധികാരമുള്ള ദൈവപുത്രൻ ചോദ്യം ചെയ്യപ്പെടുകയാണ്. പീലാത്തോസ് യേശുവിന്റെ രാജത്വത്തെ ചോദ്യം ചെയ്യുന്ന സംഭവം നാല് സുവിശേഷങ്ങളിലും, വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയേഴാം അദ്ധ്യായത്തിലും (മത്തായി 27, 11-13) വിശുദ്ധ മർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിലും (മർക്കോസ് 15, 1-5) വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായത്തിലും (ലൂക്ക 23, 1-5), വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിലും (യോഹ. 18, 33-37) നാം കണ്ടുമുട്ടുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ, പീലാത്തോസിന്റെ മാത്രമല്ല, ഹേറോദേസിന്റെയും മുന്നിലും യേശുവിന്റെ അധികാരവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് നമുക്ക് കാണാം.
മനുഷ്യരും ദൈവവും
ദൈവത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാത്ത ഒരുപാട് മനുഷ്യരുടെ ജീവിതങ്ങൾ നാം ചരിത്രത്തിൽ വായിച്ചറിഞ്ഞിട്ടുണ്ട്. യഥാർത്ഥ വിശ്വാസമില്ലാത്ത, ദൈവഹിതം തിരിച്ചറിയാൻ സാധിക്കാത്ത, ഒരുപാട് വിശ്വാസികളെയും മതനേതൃത്വങ്ങളെയും കുറിച്ച് നാം കേട്ടിട്ടുണ്ട്. ദൈവമില്ലാത്തതുപോലെ ജീവിക്കുന്ന മനുഷ്യരും, ദൈവമുണ്ടെന്നറിഞ്ഞിട്ടും സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും അനുസരിച്ച് മാത്രം ജീവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. പുരോഹിതപ്രമാണിമാരാലും, നേതൃത്വങ്ങളാലും കുറ്റം ചുമത്തപ്പെടുകയും, മനുഷ്യരാൽ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവപുത്രനോ എന്ന് പലപ്പോഴും പലരും പുശ്ചഭാവത്തിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ദൈവഹിതമനുസരിച്ച്, സത്യത്തിന് സാക്ഷ്യമേകാനും, രക്ഷയുടെ സുവിശേഷമറിയിക്കാനും, സ്വർഗ്ഗത്തിന്റെ അവകാശികളാക്കി നമ്മെ മാറ്റാനും ഈ ഭൂമിയിലേക്ക് വന്ന ക്രിസ്തു, ഈ ലോകത്തിന്റെ രാജത്വമോ, പ്രമുഖസ്ഥാനങ്ങളോ, മഹത്വമോ, അധികാരങ്ങളോ അല്ല തേടുന്നതും നമുക്ക് വാഗ്ദാനം ചെയ്യുന്നതുമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ വിശ്വാസികളെന്ന് സ്വയം വിശ്വസിക്കുന്ന നമുക്ക് പോലും പലപ്പോഴും ബുദ്ധിമുട്ടാണ്. അധികാരവും ശക്തിയും മഹത്വവുമുള്ള ഒരു രാജാവായി ദൈവത്തെക്കാണാനാണ്, ചോദിക്കുന്ന അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന, രോഗശാന്തി നൽകുന്ന, സമ്പത്തും സ്ഥാനമാനങ്ങളും യഥേഷ്ടടം നൽകുന്ന ഒരു ദൈവത്തോട് ചേർന്ന് നിൽക്കാനാണ് നമുക്ക് പലപ്പോഴും താൽപ്പര്യം. ഈയൊരു പ്രവണത പലപ്പോഴും നമ്മുടെയൊക്കെ ജീവിതങ്ങളിലും, സമൂഹങ്ങളിലും എന്തിന് സഭയിൽപ്പോലും പലപ്പോഴും ദൃശ്യമാകാറുണ്ട്.
ദൈവത്തോട് ചേർന്ന് നിൽക്കാനുള്ള വിളി
പീലാത്തോസിന്റെ മുന്നിൽ നിൽക്കുന്ന ക്രിസ്തുവിലേക്ക് നോക്കുമ്പോൾ, ഈയൊരു ദൃശ്യം വെറും യാദൃശ്ചികമല്ലെന്നും, ഇവിടെ നടക്കുന്ന കാര്യങ്ങൾ യേശു മുൻകൂട്ടി അറിയുകയും പറയുകയും ചെയ്യുന്നുണ്ടെന്നും നമുക്ക് സുവിശേഷവചനങ്ങളുടെ വെളിച്ചത്തിൽ കാണാൻ സാധിക്കും. തന്റെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളിൽത്തന്നെ, യേശുവിന് ജനത്തിന് മുന്നിൽ ലഭിക്കാതിരുന്ന സ്വീകാര്യതയെക്കുറിച്ച് വിശുദ്ധ യോഹന്നാൻ എഴുതുന്നുണ്ട്. "അവൻ സ്വജനത്തിന്റെ അടുത്തേക്കുവന്നു; എന്നാൽ അവർ അവനെ സ്വീകരിച്ചില്ല! (യോഹ. 1, 11). പീലാത്തോസ് യേശുവിനോട് പറയുന്ന വാക്കുകളിൽ ഈ ഒരു വചനം യാഥാർത്ഥ്യമാകുന്നത് യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിൽ പീലാത്തോസിന്റെ വാക്കുകളിൽ നമുക്ക് കാണാം: "നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്" (യോഹ. 18, 35).
മുൻപേ പറഞ്ഞതുപോലെ, ഈ ലോകത്തിന്റെ അധികാരങ്ങളും രാജത്വങ്ങളുമാണ് നമുക്ക് പലപ്പോഴും പ്രിയപ്പെട്ടതായുള്ളത്. എന്നാൽ ഐഹികമല്ലാത്ത, ഈ ലോകത്തിന്റെതല്ലാത്ത ഒരു രാജ്യത്തിനുവേണ്ടിയാണ് യേശുവിനെ നാം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. തന്റെ രാജ്യം ഐഹികമല്ലെന്ന് യേശു യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിൽ രണ്ടു പ്രാവശ്യം വ്യക്തമായി പറയുന്നുണ്ട് (യോഹ. 18, 36). യോഹന്നാന്റെ തന്നെ എട്ടാം അദ്ധ്യായത്തിൽ, തന്റെ മരണത്തെയും തിരികെ പിതാവിന്റെ അടുക്കലേക്ക് പോകുന്നതിനെയും കുറിച്ച് യഹൂദരോട് സംസാരിക്കുന്ന അവസരത്തിലും യേശു, താൻ ഈ ലോകത്തിന്റേതല്ലെന്ന് ഓർമ്മിപ്പിക്കുന്നുണ്ട് (യോഹ. 8, 23).
ഈ ഭൂമിയുടേതായ അധികാരത്തിനോ രാജത്വത്തിനോ വേണ്ടിയല്ല താൻ കടന്നുവന്നതെന്നും ആരാണ് തന്റെ കൂടെ നിൽക്കുകയെന്നും, തന്റെ വരവിന്റെ ലക്‌ഷ്യം എന്താണെന്നും വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനെട്ടം അദ്ധ്യായത്തിൽ യേശു വ്യക്തമാക്കുന്നുണ്ട്, സത്യത്തിന് സാക്ഷ്യം നൽകാനാണ് അവൻ ഈ ഭൂമിയിലേക്ക് കടന്നുവന്നത്, സത്യത്തിൽനിന്നുള്ളവരാണ് അവന്റെ സ്വരം കേൾക്കുന്നത് (യോഹ. 18, 37). യോഹന്നാൻ തന്റെ എട്ടാം അദ്ധ്യായത്തിലും ഇതിനോട് ചേർന്നുപോകുന്ന ഒരു ക്രിസ്തുവചനം എഴുതിവയ്ക്കുന്നുണ്ട്: "ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു (യോഹ. 8, 47). സത്യത്തിൽനിന്നുള്ളവർ, ദൈവത്തിൽ നിന്നുള്ളവർ, അവരാണ് ദൈവത്തോട് ചേർന്ന് നിൽക്കുക. നിങ്ങളും ഞാനും ഈ ലോകത്തിന് പ്രിയപ്പെട്ടവരാകാനാണോ അതോ ദൈവത്തിന് പ്രിയപ്പെട്ടവരാകാനാണോ ശ്രമിക്കുന്നതെന്ന്, ലൗകികമായ സമ്പത്തും അധികാരവും പ്രഭുത്വവുമാണോ നാം തേടുന്നത്, അതോ നിത്യനായ ദൈവത്തെയാണോ നാം തേടുന്നത് എന്ന് ചിന്തിക്കാനുള്ള ഒരു ക്ഷണം ഈ സുവിശേഷഭാഗം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ഒരിക്കൽ കടന്നുപോകുന്ന ഈ ലോകമാണോ, എന്നും നിലനിൽക്കുന്ന, മാറ്റമില്ലാത്ത സ്വർഗ്ഗരാജ്യമാണോ നമുക്ക് പ്രിയപ്പെട്ടത്?
ലോകത്തെ വെല്ലുന്ന സ്വർഗ്ഗത്തിന്റെ അധികാരം
യഹൂദരുടെയും, പുരോഹിതപ്രമുഖരുടേയും, ഹേറോദോസിന്റെയും, പീലാത്തോസിന്റെയും റോമാസാമ്രാജ്യത്തിന്റെയും ഒക്കെ ഭീതികളെ ശരിയെന്ന് തെളിയിക്കുന്ന ഒരു അധികാരമാണ് ക്രിസ്തുവിന്റെ ജീവിത-മരണ-ഉത്ഥാനങ്ങളും, അവന്റെ ശരീരമായ സഭയും ചരിത്രത്തിലൂടെ നമുക്ക് കാണിച്ചുതരുന്നത്. യഹൂദമതത്തിന്റെ അധികാരമതിലുകൾക്കപ്പുറം രക്ഷയുടെ വാതിൽ തുറന്ന് ഏവർക്കും സ്വർഗ്ഗത്തിന്റെ അവകാശികളും ദൈവമക്കളും ആകാനുള്ള സാധ്യത നൽകുന്ന ക്രിസ്തുവിനെ നാം ചരിത്രത്തിൽ കാണുന്നുണ്ട്. യൂദയാപ്രദേശത്തിന്റെയും റോമൻ സാമ്രാജ്യത്വത്തിന്റെയും അധികാരസീമകൾക്കപ്പുറം ഈ ലോകത്തിന്റെ എല്ലാക്കോണുകളിലേക്കും വളർന്ന് രക്ഷയുടെ സുവിശേഷം അറിയിക്കുന്ന ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ നാം കാണുന്നുണ്ട്. നിത്യരക്ഷയും ദൈവികസത്യങ്ങളും മാനുഷികമോ ലൗകികമോ ആയ ശക്തികൾക്കും അധികാരസ്ഥാനങ്ങൾക്കും ഇല്ലാതാക്കാനോ മറച്ചുവയ്ക്കാനോ ആകാത്തവയാണെന്ന് ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചുള്ള ചിന്തകൾ നമ്മോട് വിളിച്ചുപറയുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലോകത്തിന് നൽകാനാകാത്ത സമാധാനം നൽകാൻ ദൈവപുത്രനായ ക്രിസ്തുവിനേ സാധിക്കൂ എന്ന ബോധ്യത്തോടെ, പതിനൊന്നാം പിയൂസ് പാപ്പാ 1922-ൽ ക്രിസ്തുരാജന്റെ തിരുനാൾ സ്ഥാപിക്കുന്നുണ്ട്.
വെളിപാട് പുസ്തകത്തിന്റെ പത്തൊൻപതാം അദ്ധ്യായത്തിൽ, സ്വർഗ്ഗം തുറക്കപ്പെടുന്നതിനെക്കുറിച്ചും, വെള്ളക്കുതിരമേൽ എഴുന്നെള്ളുന്നവനായ ദൈവവചനത്തെക്കുറിച്ചും യോഹന്നാൻ എഴുതുന്നുണ്ട്. അവന്റെ പേര് രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമെന്നാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത് (വെളിപാട് 19, 11-16).
ക്രൈസ്തവജീവിതം
ലോകവും അത് നമുക്ക് മുന്നിൽ നിരത്തുന്ന അധികാരശ്രേണികളും, രാജത്വങ്ങളും, പ്രഭുത്വങ്ങളും ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാകുമെങ്കിൽ, ദൈവപുത്രനായ ക്രിസ്‌തു നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന വിണ്ണിന്റെ രാജ്യം ഒരിക്കലും അവസാനമില്ലാത്തതാണെന്നും എല്ലാത്തിനേക്കാളും വിലയേറിയതാണെന്നും തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ്, ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചുള്ള നമ്മുടെ ഈ വിചിന്തനം. അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള ഈ ലോകത്തിന്റെ വിളികൾക്ക് ചെവികൊടുക്കാതെ, ലോകത്തിന്റെ അളവുകോലുകൾക്കപ്പുറം സ്വർഗ്ഗത്തിന്റെ അളവുകോലുകൾകൊണ്ട് ജീവിതത്തെയും വിശ്വാസത്തെയും രക്ഷയെയും വിലയിരുത്താൻ നമുക്ക് പരിശ്രമിക്കാം. ദൈവത്തോടും, സ്വർഗ്ഗത്തോടും ചേർന്ന് നിൽക്കാൻ പരിശ്രമിക്കുമ്പോൾ, ലോകം നമുക്ക് മുന്നിൽ വയ്ക്കുന്ന ദുരിതങ്ങളും, അവഗണനകളും, തള്ളിപ്പറച്ചിലുകളും, ചാട്ടവാറടികളും, കുരിശുമരണവും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ. സ്വർഗ്ഗമെന്ന അമൂല്യതയെ ലക്ഷ്യമാക്കി, ദൈവപുത്രനും, ജീവന്റെ നാഥനും, യഥാർത്ഥ രാജാവുമായ ക്രിസ്തുവിന്റെ പിന്നാലെ നമുക്കും സഞ്ചരിക്കാം. സത്യത്തോടും ദൈവത്തോടും ചേർന്ന് രക്ഷ സ്വന്തമാക്കാം. പരിശുദ്ധ അമ്മയുടെയും സഭയിലെ വിശുദ്ധരുടെയും പോലെ ദൈവത്തോട് ചേർന്ന, ദൈവത്തിന് പരിപൂർണ്ണമായി വിട്ടുകൊടുക്കപ്പെട്ട ജീവിതങ്ങളാകട്ടെ നമ്മുടേതും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: