തിരയുക

കർദിനാൾ മത്തേയോ സൂപ്പി കർദിനാൾ മത്തേയോ സൂപ്പി   (ANSA)

വിശുദ്ധ നാട്ടിലെ യുദ്ധഭൂമിയിൽ കർദിനാൾ മത്തേയോ സൂപ്പി

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ബൊളോഞ്ഞാ അതിരൂപതാ അധ്യക്ഷനും, പാപ്പായുടെ സമാധാനദൂതനുമായ കർദിനാൾ മത്തേയോ സൂപ്പി യുദ്ധത്താൽ യാതന അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികളെ സന്ദർശിക്കുകയും, അവർക്ക് പ്രതീക്ഷയുടെ നല്ല നാളുകൾ ആശംസിക്കുകയും ചെയ്തു. തദവസരത്തിൽ ബെത്‌ലഹേമിലെ കാരിത്താസ് സംഘടനയുടെ, ശിശുക്കൾക്കു വേണ്ടിയുള്ള ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ബൊളോഞ്ഞാ അതിരൂപതാ അധ്യക്ഷനും, പാപ്പായുടെ സമാധാനദൂതനുമായ കർദിനാൾ മത്തേയോ സൂപ്പി, യുദ്ധത്താൽ യാതന അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികളെ സന്ദർശിക്കുകയും, അവർക്ക് പ്രതീക്ഷയുടെ നല്ല നാളുകൾ ആശംസിക്കുകയും ചെയ്തു. തദവസരത്തിൽ  ബെത്‌ലഹേമിലെ കാരിത്താസ് സംഘടനയുടെ, ശിശുക്കൾക്കു വേണ്ടിയുള്ള ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി.

ബെത്ലെഹെമിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി എഴുപത്തിയൊന്നു വർഷങ്ങൾ പൂർത്തിയാക്കുകയാണ്. യുദ്ധത്തിൽ മുറിവേൽക്കുന്ന നിരവധികുട്ടികളുടെ ചികിത്സയ്ക്ക് ഏറെ സഹായം നൽകുന്ന സ്ഥാപനവുമാണിത്. തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കിടയിൽ, കുട്ടികൾ അനുഭവിക്കുന്ന അസ്വീകാര്യമായ യാതനകളുടെ വെളിച്ചത്തിൽ, ഗാസയിൽ വെടിനിർത്തലിൻ്റെ അടിയന്തര ആവശ്യകത  കർദിനാൾ എടുത്തുപറഞ്ഞു.

18 വയസ്സിന് താഴെയുള്ള 410,000-ത്തിലധികം കുട്ടികളാണ് ഗാസയിൽ വെല്ലുവിളികൾ നിറഞ്ഞ ദുഷ്കരമായ സാഹചര്യങ്ങൾക്ക് വിധേയരാകുന്നത്. കർദിനാളിനോടൊപ്പം ബൊളോഞ്ഞാ അതിരൂപതയിൽനിന്നുള്ള 160 തീർത്ഥാടകരും, സ്ഥലങ്ങൾ സന്ദർശിച്ച് വിശ്വാസികളോടുള്ള അടുപ്പം പ്രഖ്യാപിച്ചു.

രോഗികളെയും അവരുടെ മാതാപിതാക്കളെയും സന്ദർശിച്ച കർദിനാൾ, സമർപ്പിതരായ ആശുപത്രി ജീവനക്കാർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് സാധ്യമായ ഒരു ഭാവി സൃഷ്ടിക്കാൻ നാം പരിശ്രമിക്കണമെന്ന് കർദിനാൾ സുപ്പി ഊന്നിപ്പറഞ്ഞു. ഈ വേദനകൾ മനസ്സിലാക്കാനും അവയെ ഒരു ഏകീകൃത സ്നേഹത്തോടെ ഉൾക്കൊള്ളുവാനും ഈ സന്ദർശനം സഹായിച്ചുവെന്നും പറഞ്ഞ കർദിനാൾ , സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രാർത്ഥനയും, സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2024, 12:37