തിരയുക

രക്തസാക്ഷിണി വിവിയൻ ഉച്ചേച്ചി ഓഗു രക്തസാക്ഷിണി വിവിയൻ ഉച്ചേച്ചി ഓഗു  

വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണപ്രക്രിയകൾ ആരംഭിച്ചു

വിശുദ്ധ മരിയ ഗൊരേത്തിയെ പോലെ വിശുദ്ധിക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ച പതിനാലുവയസുകാരിയായ നൈജീരിയൻ വംശജയായ വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണപ്രക്രിയകൾ ആരംഭിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വിശുദ്ധിക്ക് വേണ്ടി, ബലാത്സംഗശ്രമം ചെറുത്തതിന് ആയുധധാരികളാൽ 2009 നവംബർ 15-ന് വെടിയേറ്റ് മരിച്ച എനിയോഗുവിലെ ഉമുലെമിൽ നിന്നുള്ള പതിനാലുകാരിയായ വിവിയൻ ഉച്ചേച്ചി ഓഗുവിനെ വാഴ്ത്തപ്പെട്ടവളാക്കുന്നതിനും വിശുദ്ധയാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ഒക്ടോബർ 14-ന് ആരംഭിച്ച നടപടിക്രമങ്ങൾ പൂർത്തിയായാൽ, 1998 മാർച്ച് 22-ന് ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച  സിപ്രിയാനോ ഇവെൻ ടാൻസിക്ക് ശേഷം നൈജീരിയയിലെ കത്തോലിക്കാ സഭയുടെ രണ്ടാമത്തെ വാഴ്ത്തപ്പെട്ടവളായി  വിവിയൻ മാറും.

വിശുദ്ധ മരിയ ഗൊരേത്തിയെ പോലെ, വിശുദ്ധയുടെ ജീവിത പാത പിന്തുടർന്നുകൊണ്ട് തന്നെയും, തന്റെ സഹോദരിയെയും ദുരുപയോഗം ചെയ്യുവാൻ വന്ന ഒരു സംഘം കൊള്ളക്കാരുടെ ശ്രമങ്ങളെ ചെറുത്തുനിന്നുകൊണ്ട് മരണം വരിച്ചവളാണ് വിവിയൻ.

2009 നവംബർ 15 ഞായറാഴ്ച, തന്റെ മരണദിവസം തന്നെ , രാവിലെ  കുർബാനയിൽ പങ്കെടുത്ത ശേഷം  തന്റെ അവസാന മതബോധന പാഠത്തിൽ വിവിയൻ മാതൃകയായി  എടുത്തത് കൃത്യമായി പറഞ്ഞാൽ വിശുദ്ധ മരിയ ഗൊരേത്തിയേയാണെന്ന്  എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

അതോടൊപ്പം  വിശുദ്ധ മരിയ ഗൊരേത്തിയെ അനുകരിക്കാനും ഒരിക്കലും ബലാത്സംഗത്തിനോ ഏതെങ്കിലും തരത്തിലുള്ള അധാർമികതയ്‌ക്കോ വശംവദരാകരുതെന്നും വിവിയൻ തന്റെ സഹ വിദ്യാർത്ഥികളോട് എപ്പോഴും അഭ്യർത്ഥിച്ചിരുന്നതായും സാക്ഷികൾ പറയുന്നു.

തന്റെ ചെറു പ്രായത്തിൽ തന്നെ പാവപ്പെട്ടവർക്കും, അശരണർക്കും ഏറെ സഹായങ്ങൾ നൽകിയിരുന്ന വിവിയന്റെ രക്തസാക്ഷിത്വത്തിനും വിശുദ്ധിയ്ക്കും വേണ്ടിയുള്ള പ്രശസ്തി, അനുദിനം എല്ലായിടത്തും വളർന്നുവന്നതിനാലാണ് കല്ലറ തുറന്നുകൊണ്ട് നാമകരണ നടപടികൾ ആരംഭിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2023, 14:06