തിരയുക

ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാർ ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാർ 

പ്രതീക്ഷകൾക്കുമപ്പുറം സ്വർഗ്ഗത്തിന്റെ പ്രതിഫലം സ്വന്തമാക്കാം

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവാ-മൂശാക്കാലത്തിലെ ഏഴാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 20, 1-16 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു സുവിശേഷഭാഗമാണ് സ്വർഗ്ഗരാജ്യത്തിന്റെ നീതിയുടെ പ്രത്യേകത വിവരിക്കുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെക്കുറിച്ച് യേശു പറയുന്ന ഉപമ. സ്വർഗ്ഗരാജ്യം വ്യത്യസ്തമായ ഒരു നീതി നിലനിൽക്കുന്ന ഒരു സ്ഥലമാണെന്ന് മനസ്സിലാക്കിത്തരാനായി യേശു പറയുന്ന ഒരു ഉപമയാണിത്. തന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാനായി ഒരു ദനാറ വേതനം എന്ന നിരക്കിൽ ദിവസത്തിന്റെ വിവിധ മണിക്കൂറുകളിൽ വിളിക്കപ്പെട്ട മനുഷ്യരും, സ്വർഗ്ഗരാജ്യത്തിന്റെ നീതിബോധത്തെ, ദൈവത്തിന്റെ നീതിബോധത്തെ മനസ്സിലാക്കാൻ അവരിൽ ചിലർ നേരിടുന്ന ബുദ്ധിമുട്ടുമാണ് ഈ സുവിശേഷഭാഗത്ത് നാം കാണുക. അതിരാവിലെയും, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും, ഒൻപതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലി ആരംഭിച്ചവർക്ക് തുല്യമായി പ്രതിഫലം നൽകുക എന്നത് ലോകത്തിന്റെ നീതിബോധത്തിന് മനസ്സിലാക്കാവുന്ന ഒന്നല്ല എന്നതിനെക്കുറിച്ച് നമുക്കാർക്കും സംശയമില്ല. പകലിന്റെ അധ്വാനവും ചൂടും സഹിച്ച മനുഷ്യനും അവസാനമണിക്കൂറിൽ മാത്രം ജോലി ചെയ്തവനും ഒരേ പ്രതിഫലം, ഒരു ദനാറ എന്നത് സാധാരണ മനുഷ്യന് മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കാത്ത നീതിയായി തുടരുമ്പോൾ, വീട്ടുടമസ്ഥൻ ചോദിക്കുന്നു: "എന്റെ വസ്തുവകകൾ കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ പാടില്ലെന്നോ?" (മത്തായി 20, 15a).

പിമ്പന്മാരും മുമ്പന്മാരും

ആരാണ് പിമ്പന്മാർ ആരാണ് മുമ്പന്മാർ എന്ന ഒരു ചോദ്യമാണ് ഈയൊരു ഉപമയ്ക്ക് കാരണമായി നമുക്ക് കാണാനാകുന്നത്. മത്തായിയുടെ സുവിശേഷത്തിൽ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയ്ക്ക് തൊട്ടുമുൻപുള്ള പത്തൊൻപതാം അധ്യായത്തിന്റെ അവസാനഭാഗത്ത് ധനികനായ യുവാവിനെക്കുറിച്ചുള്ള ഒരു സംഭവം നാം കാണുന്നുണ്ട്. അവിടെ പണത്തോടുള്ള സ്നേഹം നിത്യജീവനോടുള്ള സ്നേഹത്തേക്കാൾ അധികമായപ്പോൾ നിരാശനായി തിരികെ പോകേണ്ടിവരുന്ന ഒരു യുവാവിനെക്കുറിച്ചാണ് സുവിശേഷം പറയുക. ധനികനായ ആ യുവാവ് തന്റെ സമ്പത്ത് ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതിനാൽ അവന് സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് ദുഷ്കരമായിരിക്കുമെന്ന് യേശു പറയുമ്പോൾ, ശിഷ്യന്മാരിൽ പ്രധാനിയായ പത്രോസ് യേശുവിനോട് ചോദിക്കുന്നു: "ഇതാ ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് ലഭിക്കുക?" (മത്തായി 19, 20). എല്ലാം ഉപേക്ഷിച്ച് ദൈവത്തിനും അവന്റെ രാജ്യത്തിന്റെ മഹത്വത്തിനുമായി ജീവിക്കുന്നവർക്ക് നിത്യജീവൻ അവകാശമാക്കാൻ സാധിക്കുമെന്നും, ഈ ഭൂമിയിൽ പരിത്യജിച്ചവയ്ക്ക് നൂറിരട്ടി മടങ്ങ് ലഭിക്കുകയും ചെയ്യുമെന്ന് (മത്തായി 19, 29) പറയുന്ന യേശു പക്ഷെ അവിടെ പറയുന്ന ഒരു വാക്യം ഏറെ പ്രധാനപ്പെട്ടതാണ്: "എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരുമാകും! (മത്തായി 19, 30). ഒരുവൻ തന്റെ ജീവിതം ദൈവത്തിന് വേണ്ടി സമർപ്പിക്കുമ്പോൾ എന്നും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് ക്രിസ്തു പറയുക: "മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരുമാകും!" നമ്മുടെ അളവുകോലുകളും സ്വർഗ്ഗത്തിന്റെ അളവുകോലുകളും, നമ്മുടെ ന്യായവിധികളും സ്വർഗ്ഗത്തിന്റെ ന്യായവിധികളും, നമ്മുടെ ചിന്താരീതികളും സ്വർഗ്ഗത്തിന്റെ ചിന്താരീതികളും ഒരുപോലെയാകണമെന്ന് നാം വാശിപിടിക്കരുതെന്ന് സുവിശേഷത്തിലെ ക്രിസ്തു ഇന്ന് നമ്മോട് ഓർമ്മിപ്പിക്കുകയാണ്. നാം പിമ്പന്മാരെന്ന് വിധിയെഴുതിയ മനുഷ്യർ ദൈവത്തിന് നമ്മെപ്പോലെയോ, നമ്മെക്കാളുമോ സ്വീകാര്യരാകുന്നെങ്കിൽ അതിൽ വേദനിച്ചിട്ട് കാര്യമില്ലെന്ന് അർത്ഥം. ഏവരെയും മക്കളായി കരുതി സ്നേഹിക്കുന്ന ദൈവത്തിന് മുൻപിൽ എങ്ങനെ, എത്രമാത്രം നന്മകളും അനുഗ്രഹങ്ങളും ഓരോരുത്തർക്കും ലഭിക്കണമെന്ന് തീരുമാനിക്കേണ്ടത് നാമല്ലെന്ന് ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഏവർക്കും തുല്യസാധ്യതകൾ വച്ചുനീട്ടുന്ന ദൈവം

മറ്റുള്ളവരെക്കുറിച്ച് നാം ഉള്ളിൽ നടത്തുന്ന വിധികൾ എപ്പോഴും ദൈവികമായ നീതിയോ കരുണയോ ഉൾക്കൊള്ളുന്നതാകണമെന്ന് നിർബന്ധമില്ല എന്നാണ് മുന്തിരിത്തോട്ടത്തിൽ കൂടുതൽ സമയം അധ്വാനിച്ച ജോലിക്കാരുടെ പരാതിയിലൂടെയും പിറുപിറുപ്പിലൂടെയും വ്യക്തമാകുന്നത്. എന്നാൽ ഈ സുവിശേഷവചനങ്ങളുടെ മറുഭാഗത്ത്, അവസാനമണിക്കൂറിലും സ്വർഗ്ഗരാജ്യത്തിൽ ഒരു ദനാറ സ്വന്തമാക്കാൻ അവസരവും വച്ചുനീട്ടി, അധ്വാനിക്കാൻ തയ്യാറായ മനുഷ്യരെ തേടിയെത്തുന്ന ഒരു ദൈവത്തെയും നാം കാണുന്നുണ്ട്. തന്റെ മുന്തിരിത്തോട്ടത്തിന്റെ വേലിക്കെട്ടുകൾക്കകത്ത്, ജോലിതേടി വരുന്നവരെ കാത്തിരിക്കുന്ന ഒരു വീട്ടുടമസ്ഥനെയല്ല യേശു നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്, മറിച്ച്, ദിവസത്തിന്റെ വിവിധ യാമങ്ങളിൽ, ചന്തസ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു വീട്ടുടമസ്ഥനെയാണ്. അധ്വാനിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും, ആധ്യാത്മിക അലസത ബാധിച്ച് ലോകത്തിന്റെ കച്ചവടയിടങ്ങളിൽ, ചന്തസ്ഥലത്ത്, ജീവിതം നഷ്ടമാക്കിക്കളയുന്നവർക്കും അവൻ ഒരു ദാനറായുടെ അവസരം വച്ചുനീട്ടുന്നുണ്ട്. രക്ഷയുടെ സന്ദേശം കാത്ത്, ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിലും ദൈവത്തിനായി, സ്വർഗ്ഗത്തിന്റെ സ്വരത്തിനായി കാത്തുനിൽക്കുന്നവർക്കും പ്രതീക്ഷയുടെ കിരണങ്ങളാണ് യേശു ഈ ഉപമയിലൂടെ നൽകുന്നത്. നീ അധ്വാനിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ അല്പസമയമെങ്കിലും വേല ചെയ്യുവാൻ താല്പര്യം കാണിക്കുകയും, മുന്നോട്ടിറങ്ങുകയും ചെയ്യുന്നുണ്ടെങ്കിൽ, നിനക്ക് നിത്യജീവന്റെ പാത ദൈവം തുറക്കുന്നുണ്ട്, രക്ഷയുടെ ഒരു ദനാറ അവൻ വച്ചുനീട്ടുന്നുണ്ട്. ദൈവത്തിനും അവന്റെ രാജ്യത്തിനുമായുള്ള ഏറ്റവും ചെറിയ അധ്വാനം പോലും ദൈവം ഏറെ വിലമതിക്കുന്നുണ്ടെന്ന് നമുക്ക് മറക്കാതിരിക്കാം.

രക്ഷ ഇനിയും വൈകിയിട്ടില്ല

സ്വർഗ്ഗരാജ്യത്തിന്റെ സന്ദേശമുൾക്കൊണ്ട് ജീവിക്കാൻ മറന്നുപോയി, ഇനിയൊരു തിരിച്ചുവരവ് അസാധ്യം എന്ന് സ്വയം വിധിയെഴുതി, ഈ പ്രപഞ്ചത്തിന്റെ പാതയോരങ്ങളിൽ എല്ലാം അവസാനിച്ചുവെന്ന നിരാശയിൽ കഴിയുന്ന മനുഷ്യർക്ക് പ്രത്യാശയുടെ ഒരു സ്വരംകൂടിയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലൂടെ നമുക്ക് കേൾക്കാനാകുക. നീതിമാനും സ്നേഹനിധിയുമായ ഒരു ദൈവം നിനക്കായി തേടിയിറങ്ങിയിട്ടുണ്ട്, നിന്റെ ദുഃഖത്തിന്റെയും നിരാശയുടെയും ജീവിതസായാഹ്നങ്ങളിലും രക്ഷയുടെ, ജീവന്റെ കിരണങ്ങൾ വീശി, തന്റെ നന്മയിലേക്ക് നിന്നെ വിളിക്കുന്ന ഒരു ദൈവമാണവൻ എന്ന് സ്വന്തം ഹൃദയത്തോട് പറയുവാനുള്ള ഒരു വിളികൂടിയാണ് ഈ വചനങ്ങൾ നമുക്ക് നൽകുന്നത്. മറ്റുള്ളവരുടെ വിധികളും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അവസാനിക്കുന്നയിടത്ത്, പിമ്പനായിരുന്ന നിന്നെ ജീവന്റെയും രക്ഷയുടെയും ഇടത്തിൽ തന്നോട് ചേർത്തു നിറുത്തുന്ന ഒരു ദൈവമാണ് നമ്മുടെ കർത്താവെന്ന ബോധ്യം കൈവിടാതെ, അവന്റെ വിളികേട്ട് അധ്വാനിക്കാൻ, ദൈവത്തിനായി അധ്വാനിക്കാനും ജീവിക്കാനും തയ്യാറാകാൻ ഇന്ന് വചനം നമ്മെ ക്ഷണിക്കുന്നു.

ദാനമായി ലഭിക്കുന്ന ദനാറ

ജീവിതത്തിൽ നാം സ്വന്തമാക്കിയെന്ന് കരുതുന്ന പലതും, നമ്മുടെ അധ്വാനത്തിന്റെ പ്രതിഫലമെന്ന് കരുതി അഹങ്കരിക്കുന്ന പലതും ദൈവത്തിന്റെ ദാനമായിരുന്നുവെന്ന് തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെക്കുറിച്ചുള്ള ഈ ഉപമ നമുക്ക് നൽകുന്നത്. ജീവിതത്തിൽ പകലിന്റെ മുഴുവൻ അധ്വാനവും ചൂടും സഹിച്ച് വേല ചെയ്‌ത മനുഷ്യർക്കൊപ്പം, അൽപസമയം മാത്രം അധ്വാനിച്ച നമുക്കും ലഭിച്ച ദനാറ, ദൈവത്തിന്റെ കരുണയായിരുന്നുവെന്ന് തിരിച്ചറിയാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. ജീവിതത്തിൽ ലഭിച്ചവയെല്ലാം ദൈവത്തിന്റെ ദാനമായിരുന്നുവെന്ന ചിന്ത സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതത്തെ കൂടുതൽ എളിമയുള്ളതാക്കാനും, അതുവഴി ദൈവത്തോട് നന്ദിയുള്ള സ്വർഗ്ഗരാജ്യത്തിന്റെ മക്കളായി ജീവിക്കാനും നമ്മെ സഹായിക്കും. ഇന്ന് എന്റെ സ്വന്തമായുള്ളതെല്ലാം ഞാൻ കൊണ്ടുവന്നതല്ലായെന്നും, ജീവനും ആരോഗ്യവുമേകിയ ദൈവത്തിന്റെ ദാനമാണ് എല്ലാമെന്നും തിരിച്ചറിഞ്ഞ് ജീവിക്കാം. ലഭിച്ചവയിൽ തൃപ്തരായി, നന്ദിയോടെ ജീവിക്കുമ്പോൾ ദൈവത്തിന്റെ കൂടുതൽ അനുഗ്രഹങ്ങൾക്ക് പാത്രമാകാൻ നമുക്ക് സാധിക്കും.

വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം രണ്ടാം അധ്യായം പന്ത്രണ്ട് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ പറയുന്ന ഒരു കാര്യമുണ്ട്: ക്രിസ്തുവിന് വേണ്ടിയുള്ള തന്റെ സമർപ്പിതജീവിതത്തിൽ ദൈവമാണ് തനിക്ക് വഴിയൊരുക്കിയത് (2 കൊറി. 2, 12-19). തന്റെ മുന്തിരിത്തോട്ടത്തിൽ അധ്വാനിക്കുവാൻ നമ്മെ വിളിച്ചവൻ, നമുക്കായി എല്ലാം ഒരുക്കുന്നവൻ, ദൈവമാണെന്ന് നമുക്ക് മറക്കാതിരിക്കാം. അങ്ങനെ സ്വർഗ്ഗരാജ്യത്തിന്റെ അധിപനായ ദൈവത്തിന് മുൻപിൽ നന്ദി നിറഞ്ഞ മനസ്സോടെ, അവനു കൃതജ്ഞതയേകുന്ന മക്കളായി, എളിമയുള്ള പിമ്പന്മാരായി നിൽക്കാൻ സാധിക്കുമെങ്കിൽ നമുക്കും ദൈവത്തിന് കൂടുതൽ സ്വീകാര്യരും മുമ്പന്മാരുമായി മാറാൻ സാധിക്കും. ഇനിയും വൈകിയിട്ടില്ലെന്ന് തിരിച്ചറിയാം. തന്റെ മുന്തിരിത്തോട്ടത്തിലേക്ക്, ദൈവാരാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന ദൈവത്തിനുവേണ്ടി, അവന്റെ വിശ്വസ്‌തദാസരായി, ഉത്തരവാദിത്വത്തോടെ അധ്വാനിക്കാം. പരിശുദ്ധ അമ്മയുടെ എളിമയെ തൃക്കൺപാർത്ത ദൈവം നമ്മെയും ഉയർത്തട്ടെ, നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറം രക്ഷയുടെ ദാനവും അനുഗ്രഹങ്ങളും നമുക്കേകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2023, 13:52