സമാധാനത്തിനായി പത്തുലക്ഷം ജപമാല ചൊല്ലി കുട്ടികൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജപമാലമാസമായ ഒക്ടോബറിൽ ലോകമെമ്പാടും സമാധാനവും ഐക്യവും വളർത്തുവാനായി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ജപമാല പ്രാർത്ഥനയ്ക്കായി ക്ഷണിച്ച് "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന പൊന്തിഫിക്കൽ സംഘടന. പത്തുലക്ഷം കുട്ടികൾ ജപമാലയർപ്പിച്ച് പ്രാർത്ഥിച്ചാൽ ലോകത്തിന് മാറ്റമുണ്ടാകും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളാൽ പ്രേരിതരായാണ് "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" (Aid to the Church in Need - ACN) ഈ സംരംഭവുമായി മുന്നോട്ട് വരുന്നത്.
വിശുദ്ധനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഒക്ടോബർ 18 ബുധനാഴ്‌ച ലോകസമാധാനത്തിനായി ജപമാലപ്രാർത്ഥനായർപ്പിക്കാനാണ് സംഘടന ഏവരെയും ആഹ്വാനം ചെയ്‌തിരിക്കുന്നത്.
സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം (https://acninternational.org/millionchildrenpraying/) ഒക്ടോബർ പതിനാറാം തീയതി ലഭ്യമായ കണക്കുകൾ പ്രകാരം അഞ്ചുലക്ഷത്തിലധികം കുട്ടികൾ ഈ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്ന് തൊണ്ണൂറായിരത്തിലധികം കുട്ടികൾ, സ്ലോവാക്കിയയിൽനിന്ന് എൺപത്തിയാറായിരത്തിലധികം കുട്ടികൾ, ഓസ്‌ട്രേലിയയിൽനിന്ന് പന്തീരായിരത്തിലധികം കുട്ടികൾ, ഇംഗ്ലണ്ടിൽനിന്ന് നാല്പത്തിയാറായിരത്തിലധികം കുട്ടികൾ, ഇന്ത്യയിൽനിന്ന് പതിനാലായിരത്തിലധികം കുട്ടികൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്.
പോർച്ചുഗലിൽനിന്നുള്ള കുട്ടികൾ ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണചാപ്പലിൽനിന്ന് കൊന്തയർപ്പിക്കും. പോളണ്ടിൽനിന്ന് ഏതാണ്ട് ഏഴായിരത്തോളം കുട്ടികളാണ് സാക്കോപ്പാനിലുള്ള ഫാത്തിമ ദേശീയതീർത്ഥാടനകേന്ദ്രത്തിൽനിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പതിനൊന്ന് ദിവസങ്ങൾക്കപ്പുറം തുടരുന്ന പാലസ്തീന-ഇസ്രായേൽ യുദ്ധത്തിൽ നിരവധി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മരണമടഞ്ഞത്. വിശുദ്ധനാട്ടിൽ സമാധാനം സ്ഥാപിക്കപ്പെടാനായി ലോകമെമ്പാടുനിന്നുമുള്ള കുട്ടികളുടെ പ്രാർത്ഥനകൾ "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: