ഹിരോഷിമയിലെ ശാന്തി സ്മാരക പാർക്കിൽ അണുബോംബിരകൾക്ക് പ്രാർത്ഥനയർപ്പിക്കുന്നവർ ഹിരോഷിമയിലെ ശാന്തി സ്മാരക പാർക്കിൽ അണുബോംബിരകൾക്ക് പ്രാർത്ഥനയർപ്പിക്കുന്നവർ  (ANSA)

അണുവായുധ വിമുക്ത ലോകത്തിനായി മെത്രാന്മാരുടെ പങ്കാളിത്ത കരാർ

അണുവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പര്യാപ്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധികൾ ലോകനേതാക്കളോട് ആവശ്യപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആണവ മുക്ത ലോകത്തിനായി സംഘാതമായി യത്നിക്കാൻ പ്രതിജ്ഞാബദ്ധരായി ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാർ.

1945 ആഗസ്റ്റ് 6, 9 തീയതികളിൽ ജപ്പാനിലെ, യഥാക്രമം, ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളെയും അവിടങ്ങളിലെ പതിനായിരക്കണക്കിനാളുകളെയും വെണ്ണീറാക്കിയ,  അമേരിക്കന്‍ ഐക്യനാടുകളുടെ അണുബോംബാക്രമണത്തിൻറെ എഴുപത്തിയെട്ടാം വാർഷികവേളയിലാണ് ഈ തീരുമാനം ഉണ്ടായത്.

അമേരിക്കൻ ഐക്യനാടുകളിലെ സാന്ത ഫെ അതിരൂപതയുടെ ആർച്ചുബിഷപ്പ് ജോൺ വെസ്റ്ററും സീറ്റിൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് പോൾ എത്തിയേന്നും ഈ ദുരന്ത വാർഷികത്തോടനുബന്ധിച്ച് ഈ മാസം 1-9 വരെ ജപ്പാനിലേക്കു നടത്തിയ ശാന്തി തീർത്ഥാടന വേളയിലാണ് അവരോടൊപ്പം, നാഗസാക്കി അതിരൂപതയുടെ ആർച്ചുബിഷപ്പ് പീറ്റർ മിച്ചിയാക്കി നക്കമൂറയും ഹിരോഷിമ രൂപതയുടെ മെത്രാൻ അലേക്സിസ് മിത്സൂറി ഷിരഹാമയും നാഗസാക്കിയുടെ മുൻ ആർച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമിയും ചേർന്ന് ഈ പങ്കാളിത്ത പ്രഖ്യാപനം ഒപ്പുവച്ചത്.

ആണവ വിമുക്ത ലോകത്തിനായുള്ള സമൂർത്ത യത്നത്തിൽ 2025-ഓടെ പ്രകടമായ പുരോഗതി ഉണ്ടാക്കാനുള്ള ആഹ്വാനവും ഈ അഞ്ചു മെത്രാന്മാർ ഒപ്പുവച്ച പങ്കാളിത്ത ഉടമ്പടിയിൽ ഉണ്ട്.

അണുവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പര്യാപ്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഈ മെത്രാന്മാർ ലോകനേതാക്കളോട് ആവശ്യപ്പെടുന്നു.

അണുബോംബുവർഷണം മൂലം ഹരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ദുരിതങ്ങളും യുറേനിയം ഖനനവും അണുവായുധ നിർമ്മാണവും പരിസ്ഥിതിക്കേല്പിക്കുന്ന ആഘാതങ്ങളും തിരിച്ചറിയണമെന്നും മെത്രാന്മാർ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2023, 11:56