തിരയുക

പാക്കിസ്ഥാനിലെ ജരൺവ്വാലാ പ്രദേശത്തെ ആക്രമണങ്ങൾക്കെതിരെ ! പാക്കിസ്ഥാനിലെ ജരൺവ്വാലാ പ്രദേശത്തെ ആക്രമണങ്ങൾക്കെതിരെ !   (ANSA)

പാക്കിസ്ഥാനിൽ സമാധാന പ്രാർത്ഥനാദിനാചരണം !

പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20, ഞായറാഴ്ച സവിശേഷ സമാധാന പ്രാർത്ഥനാദിനം .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിക്കുന്നു.

പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന പ്രാർത്ഥനാദിനാചരണം.

ദൈവദൂഷണനിരോധന നിയമം ദുർവിനിയോഗം ചെയ്ത് ക്രൈസ്തവ ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങൾ പതിവാക്കിയിരിക്കുന്ന പാക്കിസ്ഥാനിൽ, നിരക്ഷരനായ സലീം മസ്സീ എന്നൊരു ക്രൈസ്തവൻ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച്  ആഗസ്റ്റ് 16-ന് ഒരു കൂട്ടം മുസ്ലിങ്ങൾ അന്നാട്ടിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലുള്ള ജരൺവ്വാലാ പ്രദേശത്ത് ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കിയതുൾപ്പെടയുള്ള ക്രിസ്തീയവിരുദ്ധാക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദിനാചരണം. ഈ ആക്രമണങ്ങളിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും തകർക്കപ്പെട്ടു.

ക്രൈസ്തവാരാധനാലയങ്ങൾക്കും ഭവനങ്ങൾക്കുമെതിരായ എല്ലാ ആക്രമണ സംഭവങ്ങളെയും ദൈവകരങ്ങളിൽ വയ്ക്കുകയാണെന്ന് മെത്രാന്മാർ പറയുന്നു.

ഒരിക്കലും ന്യായീകരിക്കാനാവാത്തതും സമൂഹത്തെ വിഷലിപ്തമാക്കുന്നതുമായ അക്രമത്തിൻറെയും വിദ്വേഷത്തിൻറെയും സകലവിധ രൂപങ്ങളും തള്ളിക്കളയപ്പെടുന്നതിനായി, തങ്ങൾ, സമാധാനത്തിനും മതമൈത്രിക്കും വേണ്ടി പ്രാർത്ഥിക്കുമെന്ന് മെത്രാൻസംഘം പറയുന്നു.

സമാധാനം വാഴുന്നതും വിദ്വേഷമുക്തവും മതവിശ്വാസഭേദമന്യേ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും ആദരിക്കപ്പെടുന്നതുമായ ഒരു പാക്കിസ്ഥാനുവേണ്ടി തങ്ങളോടു ഒന്നുചേരണമെന്ന് സന്മനസ്സുള്ള സകലരോടും ക്രൈസ്തവരോടും മുസ്ലീങ്ങളോടും മെത്രാന്മാർ അഭ്യർത്ഥിക്കുന്നു.

നിയമവാഴ്ചയും നീതിയും അന്നാട്ടിൽ പ്രബലപ്പെടുകയും മെച്ചപ്പെട്ടൊരു സമൂഹം പടുത്തുയർത്തപ്പെടുകയും ചെയ്യുമെന്ന് പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ, ഇസ്ലമാബാദ്-റാവൽപിണ്ടി അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോസഫ് അർസാദ് പ്രത്യാശ പ്രകടിപ്പിച്ചു.

എല്ലാവർക്കും നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് അന്നാട്ടിലെ ആംഗ്ലിക്കൻ മെത്രാൻ ആസാദ് മർഷാൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.   

ഫീദെസ് (FIDES) വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഓഗസ്റ്റ് 2023, 11:26