അതിക്രമം നേരിട്ട ക്രൈസ്തവ കുടുംബങ്ങൾ സന്ദർശിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സഭാ നേതൃത്വവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മതതീവ്രവാദത്തിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 16-ന് നിരവധി ദേവാലയങ്ങളും ക്രൈസ്തവഭവനങ്ങളും തകർക്കപ്പെട്ട പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജരൻവാലായയിൽ പാക്കിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് എത്തി. ഇരകളായവർക്ക് സർക്കാരിന്റെ പേരിലുള്ള ഐക്യദാർഢ്യം പ്രകടമാക്കിയ പ്രധാനമന്ത്രി, പാക്കിസ്ഥാന്റെ നിർമ്മാണത്തിൽ ക്രൈസ്തവസമൂഹം പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് അനുസ്മരിച്ചു. ക്രൈസ്തവസമൂഹം പാക്കിസ്ഥാന്റെ ഭാഗമാണെന്നും, ന്യൂനപക്ഷസമൂഹങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ഇസ്ലാം മതവിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് നിരവധി കത്തോലിക്കാമെത്രാന്മാരും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. ലാഹോർ ആർച്ച്ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യൻ ഷോ കഴിഞ്ഞ ദിവസം ഇസ്ലാം മതവിശ്വാസികളുടെ അക്രമങ്ങൾക്കിരകളായ പ്രദേശത്തെ കത്തോലിക്കരെ സന്ദർശിക്കുകയും അവർക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. ഏതാനും മുസ്ലിം നേതാക്കളും അദ്ദേഹത്തിനൊപ്പം എത്തി. മുൻപ്, ഫൈസലാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഇന്ദ്രിയാസ് റഹ്മത് ഇവിടെയെത്തി ആളുകളെ സന്ദർശിക്കുകയും വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പാകിസ്ഥാൻ മെത്രാൻസമിതിയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷൻ അധ്യക്ഷൻ ബിഷപ് ജോസഫ് അർഷാദും കുടിയിറക്കപ്പെട്ടആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ജരൻവാലായിൽ ഭയാനകമായ കാഴ്ചയാണെന്നും, എല്ലാം നഷ്ടപ്പെട്ട അവിടുത്തെ ആളുകൾ നിരാശരാണെന്നും ലാഹോർ അതിരൂപതാധ്യക്ഷൻ പറഞ്ഞു. എന്നാൽ അവർക്ക് കാരിത്താസ് സംഘടനയുടെ സഹകരണത്തോടെ സഹായമെത്തിക്കുമെന്നും, ഈ കഷ്ടപ്പെടിന്റെ നാളുകളിൽ അവർ ഒറ്റയ്ക്കല്ലെന്നും ക്രിസ്തുവും, തങ്ങളും അവരോടൊപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫീദെസ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഓഗസ്റ്റ് 22-ന് റിപ്പോർട്ട് ചെയ്തത്.
ഖുറാനെതിരെ അവഹേളനകരമായി ഒരാൾ പ്രവർത്തിച്ചു എന്ന ആരോപണമുന്നയിച്ച്, ഓഗസ്റ്റ് 16-ന് മുസ്ലിം ആൾക്കൂട്ടം ഒരു ദേവാലയം അഗ്നിക്കിരയാക്കുകയും നിരവധി ദേവാലയങ്ങളും ക്രൈസ്തവഭവനങ്ങളും അടിച്ചുതകർക്കുകയും ചെയ്തിരുന്നു. മുൻ പാകിസ്ഥാൻ പ്രസിഡന്റും സംഭവത്തെ അപലപിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: