നിക്കാരഗ്വ: ഈശോസഭയെ നിരോധിച്ചു, വസ്തുവകകൾ കണ്ടുകെട്ടി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ആഗോളതല പ്രതിഷേധങ്ങൾക്കും അപലപിക്കലിനും ഇടയിലും നിക്കാരഗ്വയിലെ ഇടതുപക്ഷ സർക്കാർ കത്തോലിക്കാ സഭയ്ക്കും പ്രതിപക്ഷത്തിനുമെതിരായ അടിച്ചമർത്തൽ തുടരുന്നു. മനാഗ്വയിലെ മധ്യ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് (UCA)സമീപമുള്ള അവരുടെ സ്വകാര്യ വാസസ്ഥലത്തു നിന്ന് ഈശോസഭയുടെ സമൂഹത്തെ ഒഴിപ്പിക്കുകയും സർവ്വകലാശാല കണ്ടുകെട്ടുകയും ചെയ്ത ശേഷം നിക്കാരഗ്വയിലെ സർക്കാർ മുഴുവൻ രാജ്യത്തും ഈശോസഭയെ നിരോധിക്കുകയും അവരുടെ വസ്തുവകകൾ പിടിച്ചെടുക്കുകയും ചെയ്തു. സഭ നികുതി പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ഇതിനു കാരണമായി അവകാശപ്പെടുന്നത്.
2021 മുതൽ അടച്ചു പൂട്ടിയ 26 സർവ്വകലാശാലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കൊണ്ട് 2018ൽ പ്രസിഡണ്ട് ഒർത്തേഗായുടെ ഭരണത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ഈശോസഭാ വൈദീകർ നടത്തുന്ന സെന്റ്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയെയും അവിടെ വസിച്ചിരുന്ന സന്യാസികളെയും ഒഴിപ്പിച്ച് അതൊരു "തീവ്രവാദ കേന്ദ്രം"എന്ന് വിശേഷിപ്പിച്ചു കൊണ്ട് അടച്ചു പൂട്ടി. ഇതിനെ തുടർന്ന് സഭയുടെ സുപ്പീരിയർ ജനറൽ അർത്തൂരോ ദെ സൂസാ ഉൾപ്പെടെ ആഗോളതലത്തിൽ ഈശോ സഭയുടെ പ്രതിഷേധം അറിയിച്ചു. സർക്കാരിന്റെ നയത്തെ സ്വേച്ഛാധിപത്യ രാഷ്ട്ര ഏകീകരണം ലക്ഷ്യമിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ആസൂത്രിതമായ ലംഘനമെന്ന് സെൻട്രൽ അമേരിക്കയിലെ ഈശോസഭാ പ്രോവിൻസ് അപലപിച്ചു.
ഈ പുതിയ അക്രമത്തെ അപലപിച്ചു കൊണ്ട് നിക്കാരഗ്വൻ പ്രോവിൻസ് ഇറക്കിയ പ്രസ്താവനയിൽ ഈശോസഭയ്ക്ക് നേരേയുള്ള ഈ ആസൂത്രിതമായ അക്രമണം അവസാനിപ്പിക്കാനും രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിറുത്താനും ആവശ്യപ്പെട്ടു. സർക്കാരിന്റെ അടിച്ചമർത്തലുകൾക്കിരയാക്കപ്പെട്ട് നീതിയും പരിഹാരവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രോവിൻസ് ഈ പ്രതിസന്ധിയിൽ അവർക്ക് നൽകുന്ന ആഗോള പിന്തുണയ്ക്ക് നന്ദിയും അർപ്പിച്ചു.
സാൻഡിനിസ്റ്റ് സർക്കാരും കത്തോലിക്കാ സഭയും
ഒർത്തേഗാ നേതൃത്വം നൽകുന്ന സാൻഡിനിസ്റ്റ് ഭരണവും കത്തോലിക്കാ സഭയുമായുള്ള ബന്ധവും വഷളായത് ഗവണ്മെന്റ് ആരംഭിച്ച ഒരുപിടി വിവാദ പരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നാണ്. പ്രതിഷേധങ്ങൾ മെത്രാന്മാരുടെ ഗൂഢാലോചനയായാണ് ഒർട്ടേഗാ ആരോപിച്ചത്. അതിനു ശേഷം കത്തോലിക്കാ സഭ വൈദീകരും സന്യസ്തരും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതുൾപ്പെടെ വിവിധ തരം അക്രമണങ്ങൾക്കിരയാക്കപ്പെട്ടു. അക്കൂട്ടത്തിൽ പെടുന്നതാണ് മദഗാൽപ്പായിലെ മെത്രാനായ റൊളാൻഡോ ആൽവരെസ് 26 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതും നിരവധി ഭീഷണികൾക്കു ശേഷം മനാഗ്വ സഹായ മെത്രാൻ രൂപത വിടാൻ നിർബന്ധിതനായതും 2022 ൽ നിക്കാരഗ്വയിലെ അപ്പസ്തോലിക നൂൺഷിയോയെ നാടുകടത്തിയതും.
പ്രതിപക്ഷ അടിച്ചമർത്തൽ
കത്തോലിക്കാ സഭ മാത്രമല്ല നാടുകടത്തലും, അടച്ചുപൂട്ടലും കണ്ടുകെട്ടലും നേരിടേണ്ടി വന്നത്. 3000 ൽ അധികം പൗര സമിതികളും സർക്കാരിതര സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ നിക്കാരഗ്വയിലെ റെഡ് ക്രോസ് സൊസൈറ്റിയും ഗവണ്മെന്റിനെതിരായ 2018ലെ പ്രതിഷേധത്തിൽ "സമാധാനത്തിനും സ്ഥിരതയ്ക്കും " നേരെയുള്ള അക്രമണമാരോപിച്ച് അടച്ചു പൂട്ടി. ജൂൺ മാസത്തിൽ പ്രതിപക്ഷ നേതാക്കളും, മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും, നിയമവിദഗ്ദ്ധരും ഉൾപ്പെടുന്ന 222 പേരുടെവസ്തുവകകൾ കണ്ടുകെട്ടുകയും അവരെ തടവിലാക്കുകയും നാടുകടത്തുകയും ചെയ്തിട്ടുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: