തിരയുക

പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു  

സൗഖ്യമല്ല, രക്ഷയാണ് യേശുവിന്റെ അത്ഭുതങ്ങളുടെ കാതൽ

സീറോ മലബാർ സഭ ആരാധനക്രമം, കൈത്താക്കാലം ആറാം ഞായറാഴ്ചയിലെ വായനകളെ ആധാരമാക്കിയ വചനവിചിന്തനം -ലൂക്ക 17.11-19
സുവിശേഷപരിചിന്തനം ലൂക്ക 17.11-19 - ശബ്ദരേഖ

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

യേശുവിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ,

നാം കൈത്താകാലത്തിന്റെ ആറാം  ഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിന്റെ ആവാസത്താൽ നിറഞ്ഞ അപ്പസ്തോലന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചപ്പോൾ രൂപം കൊണ്ടത് അനാദിയിലെ ദൈവപിതാവിന്റെ പദ്ധതിയിൽ ഉണ്ടായിരുന്ന സഭാസമൂഹങ്ങൾ ആയിരുന്നു. അപ്പസ്തോലരിലൂടെ  വിതയ്ക്കപ്പെട്ട വചനം ഫലം പുറപ്പെടുവിച്ച ദൈവീക സമൃദ്ധിയുടെ കാലഘട്ടത്തെയാണ് കൈത്താക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലത്തെ ഫലാഗമകാലം എന്നും വിശേഷിപ്പിക്കാറുണ്ട്. യേശുവുമായുള്ള നമ്മുടെ ബന്ധം എപ്രകാരം അരക്കെട്ടുറപ്പിക്കണമെന്നും,  നാം സ്വീകരിച്ച നന്മകൾക്ക് നാം എപ്രകാരം കൃതജ്ഞതയുള്ളവരായിരിക്കണമെന്നും ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു.

എത്രയോ തവണ നാം വായിക്കുകയും,ധ്യാനിക്കുകയും ചെയ്തിട്ടുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം.പത്തു കുഷ്ഠരോഗികൾ യേശുവിന്റെ പക്കൽ നിന്നും  സൗഖ്യം നേടുന്നതാണ് ആദ്യഭാഗമെങ്കിൽ, സ്വീകരിച്ച സൗഖ്യത്തെയും, സൗഖ്യദാതാവായ യേശുവിനെയും മറക്കുന്ന ഒൻപതു പേരെയും, തിരികെ നന്ദി പറയുവാൻ കടന്നുവരുന്ന സമരിയാക്കാരനായ ഒരേയൊരു വ്യക്തിയേയുമാണ് രണ്ടാമത്തെ ഭാഗത്തിൽ സുവിശേഷകനായ ലൂക്ക നമുക്ക് പരിചയപ്പെടുത്തുന്നത്.

സുവിശേഷഭാഗത്ത് ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒരു സ്ഥലത്തേക്കുള്ള യാത്രയിലാണ് യേശു; രക്ഷാകരദൗത്യത്തിന്റെ പ്രധാനകേന്ദ്രമായ ജെറുസലേം നഗരം. ലൂക്ക സുവിശേഷകൻ ഇത് മൂന്നാം തവണയാണ് യേശുവിന്റെ ജെറുസലേമിലേക്കുള്ള യാത്രയെ എടുത്തു പറയുന്നത്. ലൂക്കയുടെ സുവിശേഷം ഒൻപതാം അധ്യായത്തിലും, പതിമൂന്നാം അധ്യായത്തിലുമാണ് മറ്റു രണ്ടു യാത്രകളെ പറ്റിയുള്ള വിവരണം സുവിശേഷകൻ നൽകുന്നത്. മറ്റു രണ്ടുഭാഗങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ യേശുവിന്റെ യാത്രയുടെ വഴിയും ഏറെ പ്രത്യേകത നിറഞ്ഞതാണ്.

ഗലീലിക്കും സമരിയയ്ക്കും ഇടയിലുള്ള പ്രദേശത്തിലൂടെയാണ് ജോർദാൻ താഴ്‌വരയിലേക്ക് യേശു ഇറങ്ങുന്നത്. എന്നാൽ യേശുവിന്റെ ഓരോ ചുവടുകൾക്കും ദൈവപിതാവിന്റെ വലിയ പദ്ധതി രക്ഷാകരദൗത്യത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്. യേശുവിന്റെ ഈ യാത്രയിലാണ് പത്തു കുഷ്ഠരോഗികളുമായുള്ള കൂടിക്കാഴ്ച്ച.

യഹൂദരുടെ ഇടയിൽ കുഷ്ഠരോഗികൾ എന്നാൽ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരും, പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ശാരീരികമായ ഒരു കുറവിനുമപ്പുറം ദൈവത്താൽ ശപിക്കപെട്ടവരായി അവരെ കാണുന്ന വേർതിരിവിന്റെ മൂർദ്ധന്യതയിലാണ് യേശു ഈ കുഷ്ഠരോഗികളെ കണ്ടുമുട്ടുന്നത്.ചർമ്മത്തിൽ പാപത്തിന്റെ ബാഹ്യാവസ്ഥയാണ് കുഷ്ഠമെന്ന ചിന്താഗതിയായിരുന്നു അവരുടെയിടയിൽ നിലനിന്നിരുന്നത്.

ഇന്നത്തെ സമൂഹത്തിൽ പോലും ത്വക്ക് രോഗങ്ങളുള്ളവർ നമ്മുടെ അടുക്കലേക്ക് വരുമ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന ഒരു പ്രത്യേക അവസ്ഥയിൽ നിന്നും വിഭിന്നമായിരുന്നില്ല പൂർവ്വകാലഘട്ടങ്ങളിലും. അതോടൊപ്പം  തിന്മയുടെ സാന്നിധ്യത്തിന്റെ അടയാളമായി കുഷ്ഠം ബാധിച്ച ഒരു വ്യക്തിയെ കണ്ടിരുന്ന ഒരു സമൂഹമാണ് പഴയനിയമത്തിൽ ഉൾപ്പെടെ കാണാൻ കഴിയുക. ലേവ്യരുടെ പുസ്തകത്തിൽ കുഷ്ഠരോഗത്തിന്റെ ദയനീയമായ അവസ്ഥയെ പറ്റി സൂചിപ്പിക്കുന്നുണ്ട്. പതിമൂന്നാം അധ്യായത്തിൽ ഇപ്രകാരം വായിക്കുന്നു, "പുരോഹിതൻ, രോഗിയുടെ ചർമ്മത്തിലെ വ്രണം പരിശോധിച്ച് അവനെ അശുദ്ധനാണെന്ന് പ്രഖ്യാപിക്കണം.പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്;അവൻ അശുദ്ധൻ തന്നെ."(ലേവ്യർ 13,14 -15). തുടർന്ന് ഇപ്രകാരം പുരോഹിതൻ വിധിക്കുന്ന വ്യക്തിക്ക് പിന്നീട് സഹിക്കേണ്ടിവരുന്ന അപമാനവും പഴയനിയമത്തിൽ വിവരിക്കുന്നുണ്ട്. ഇപ്രകാരം മരിച്ചവരെ മറ്റുള്ളവരാൽ വെറുക്കപ്പെട്ട് ജീവിതം അപമാനത്താൽ തള്ളിനീക്കുന്ന കുഷ്ഠരോഗികളുടെ അടുത്തേക്കാണ് യേശു കടന്നുവരുന്നത്.

യേശുവിന്റെ ഈ കണ്ടുമുട്ടൽ ആദ്യമായിട്ടല്ല, ലൂക്കയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലും ഇപ്രകാരം കുഷ്ഠരോഗം ബാധിച്ച ഒരു വ്യക്തിയുടെ അടുക്കലേക്ക് കടന്നുചെന്നുകൊണ്ട് കരം നീട്ടി, അവന്റെ മുറിവിൽ തൊട്ടു സൗഖ്യം നൽകുന്ന യേശുവിനെ നമുക്ക് കാണാൻ സാധിക്കും.(ലൂക്ക 5,12 -16). എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ കുഷ്ഠരോഗികളുടെ ഒരു സമൂഹമാണ് തങ്ങളുടെ സൗഖ്യം അപേക്ഷിച്ചുകൊണ്ട് യേശുവിനെ സമീപിക്കുന്നത്. യേശുവിനെ അടുത്തേക്ക് വരാൻ ധൈര്യം കാണിക്കാതെ, അകലെനിന്ന് കൊണ്ട് ഉച്ചത്തിൽ അവർ യേശുവിന്റെ കരുണയ്ക്കായി യാചിക്കുന്നു, 'യേശുവേ ഗുരോ ഞങ്ങളിൽ കനിയണമേ!' കുഷ്ഠരോഗബാധിതരായ മനുഷ്യരുടെ ദുരിതത്തെ ഊന്നിപ്പറയുന്ന ലളിതവും ഹ്രസ്വവുമായ ഒരു നിലവിളിയാണിത്.കർത്താവായ ദൈവത്തോടുള്ള അഭ്യർത്ഥനയായി സങ്കീർത്തനങ്ങളിൽ പലതവണ ആവർത്തിച്ചുള്ള ഒരു നിലവിളിയാണിത് .കരുണയും അനുകമ്പയും നിറഞ്ഞ കർത്താവിന് എല്ലാം സാധ്യമാണെന്ന പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തിലെ ഇസ്രായേൽ ജനതയുടെ നിലവിളിയുമായും നമുക്ക് ഈ കുഷ്ഠരോഗികളുടെ അഭ്യർത്ഥനയെ നോക്കികാണാവുന്നതാണ്.അവരുടെ വിളിയിൽ ഉൾച്ചേർന്നിരുന്നത് ഒന്ന് മാത്രമായിരുന്നു, തങ്ങൾ വിളിക്കുന്നവന്റെ കണ്ണുകൾ തങ്ങളുടെ മേൽ നിപതിക്കുമെന്ന ഒരേയൊരു വിശ്വാസം മാത്രം.

പത്തുപേരടങ്ങുന്ന ഒരു കൂട്ടമായിട്ടാണ് അവർ എത്തിയതെങ്കിലും,ഓരോരുത്തരെയും വ്യക്തിപരമായി വിവേചിച്ചറിയുന്ന ഒരു നോട്ടത്തോടെ, അനുകമ്പയോടെ,കുഷ്ഠരോഗം നിർണയിക്കുന്നതിനും അതിൽ നിന്നുള്ള സൗഖ്യം സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് യേശു പറയുന്നു, "പോയി പുരോഹിതന്മാരുടെ മുമ്പിൽ നിങ്ങളെത്തന്നെ കാണിച്ചുകൊടുക്കുക."ചിലപ്പോൾ യേശുവിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ കുഷ്ഠരോഗികളായ സഹോദരങ്ങളെ ഒഴിവാക്കുന്നതുപോലെ നമുക്ക് തോന്നും.

 എങ്കിലും യേശുവിന്റെ വാക്കുകളിൽ പൂർണ്ണമായി വിശ്വസിക്കുന്ന അവർ തങ്ങൾ പോകുന്ന വഴിയിൽ തന്നെ ശുദ്ധീകരിക്കപ്പെടുന്നു.ഇവിടെ യേശുവിൽ അവർക്കുണ്ടായ വലിയ വിശ്വാസമാണ് അവരെ അത്ഭുതത്തിലേക്ക് നയിച്ച ഘടകം. നമ്മുടെ ജീവിതത്തിലും ഇപ്രകാരം ഒന്നും അസാധ്യമല്ലാത്ത യേശുവിന്റെ ശക്തിയിൽ നാം അടിയുറച്ചുവിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യം ആവർത്തിച്ചു നമ്മോട് നാം തന്നെ ആവർത്തിക്കണം.നമ്മെ ജീവിതത്തിൽ രക്ഷിക്കുന്നതും ഇതേ വിശ്വാസമാണെന്നും സുവിശേഷകർ നമുക്ക് പറഞ്ഞു തരുന്നു.മറിച്ചായിരുന്നെങ്കിൽ 'നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു' എന്ന് ഒരിക്കലും യേശു പറയുമായിരുന്നില്ല.

ഈ വിശ്വാസത്തോടുകൂടിയ അത്ഭുതത്തോടെ ഇന്നത്തെ വചനം അവസാനിക്കുന്നില്ല. മറിച്ച് സൗഖ്യം പ്രാപിച്ച പത്തുപേരുടെയും പ്രത്യേകത സുവിശേഷകൻ അവതരിപ്പിക്കുന്നു. പത്തുപേരിൽ ഒൻപതുപേർ യഹൂദരും ഒരാൾ മാത്രം സമരിയാക്കാരനുമായിരുന്നു.സമരിയാക്കാരെ വിജാതീയരും,ഭിന്നിപ്പിക്കുന്നവരും  മതഭ്രാന്തന്മാരുമായി കണക്കാക്കി, അവരുടെ ആരാധനാക്രമം പോലും നിയമവിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ലൂക്ക സുവിശേഷകൻ ഈ സമരിയാക്കാരൻ മാത്രമാണ് തിരികെ വന്നു യേശുവിനു തനിക്കു ലഭിച്ച കരുണയെയോർത്ത് നന്ദി പറഞ്ഞുവെന്ന് നമുക്ക് പറഞ്ഞു തരുന്നത്.യേശുവിലുള്ള ദൈവത്തിന്റെ സാന്നിധ്യവും, മഹത്വവും തിരിച്ചറിയുകയും, ഉറക്കെ നിലവിളിക്കുകയും  യേശുവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്  പൂർണ്ണമായി യേശുവിനു സമർപ്പിക്കുന്നു.

തുടർന്ന് യേശു നടത്തുന്ന മൂന്നു ചോദ്യങ്ങൾ എന്നും ക്രിസ്തീയ ജീവിതത്തിൽ പ്രാധാന്യമേറിയതാണ്. നിങ്ങൾ പത്തു പേരല്ലേ ശുദ്ധീകരിക്കപ്പെട്ടത്? മറ്റു ഒൻപതുപേർ എവിടെ ? ഈ വിജാതീയൻ ഒഴികെ മറ്റുള്ളവർക്ക് തിരികെ വന്നു നന്ദി അർപ്പിക്കണമെന്ന് തോന്നിയില്ലേ ?

മറ്റുള്ളവർ അവനോട് നന്ദി പറയാൻ മടങ്ങിവരാത്തതുകൊണ്ടല്ല, മറിച്ച്, രക്ഷയെ, അതായത് കർത്താവിന്റെ കൃപയെ സ്വീകരിക്കാതെ, അവരുടെ വിശ്വാസയാത്ര രോഗശാന്തിയിൽ മാത്രം ഒതുക്കിനിർത്തിയതിനാലാണ് അവൻ നിരാശനായത്. സുഖപ്പെടലിനുമപ്പുറം രക്ഷിക്കപെടുവാനുള്ള യേശുവിന്റെ വിളിയെയാണ് അത്ഭുതങ്ങൾ മാത്രം നോക്കി നടക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ മറന്നുപോകുന്നത്.

ശരീരത്തിലെ രോഗശാന്തി തീർച്ചയായും രോഗത്തിനും മരണത്തിനുമെതിരെയുള്ള ജീവിതത്തിന്റെ വിജയമാണ്, ദൈവം അതിൽ സന്തോഷിക്കുന്നു, എന്നാൽ ഇതിനർത്ഥം രോഗശാന്തി നൽകുന്ന രക്ഷയിലേക്ക് പ്രവേശിക്കുക, മുഴുവൻ വ്യക്തിയുടെയും സമഗ്രതയിലേക്ക് മടങ്ങുക എന്നാണ്. ഈ ദൈവീക സമഗ്രതയിലേക്കുള്ള വിളിയാണ് രക്ഷ. സ്നേഹമുള്ള സഹോദരങ്ങളെ, ഇപ്രകാരം ഈ സമരിയാക്കാരനെ പോലെ നമ്മുടെ ജീവിതത്തിലും യേശുവിനോട് ചേർന്ന് നിന്നുകൊണ്ട് അവന്റെ സൗഖ്യം നുകരുവാനും ഒപ്പം അവനെ തിരിച്ചറിഞ്ഞുകൊണ്ട് രക്ഷയിലേക്കുള്ള മാർഗത്തിൽ മുന്നേറുവാനും സർവശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2023, 09:59