ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ക്രിസ്തു ദൈവപുത്രനാണെന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം പതിമൂന്ന് മുതൽ ഇരുപതുവരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. സമാന്തരസുവിശേഷകന്മാർ മൂവരും ക്രിസ്തുവിനെക്കുറിച്ച് ശിഷ്യപ്രമുഖനായ പത്രോസ് നൽകുന്ന ഈയൊരു സാക്ഷ്യം തങ്ങളുടെ സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. വിശുദ്ധ മാർക്കോസ് തന്റെ സുവിശേഷത്തിന്റെ എട്ടാം അധ്യായത്തിലും വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിന്റെ ഒൻപതാം അധ്യായത്തിലും പത്രോസിന്റെ വിശ്വാസപ്രഖ്യാപനം എഴുതിച്ചേർക്കുന്നു. എന്നാൽ "നീ ക്രിസ്തുവാണ്" എന്ന മർക്കോസിന്റെ സുവിശേഷത്തിലെയും, "നീ ദൈവത്തിന്റെ ക്രിസ്തുവാണ്" എന്ന ലൂക്കായുടെ സുവിശേഷത്തിലെയും, വിശേഷണങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ ആഴമേറിയ ഒരു വിശ്വാസപ്രഖ്യാപനമാണ് വിശുദ്ധ മത്തായി പത്രോസിന്റെ വാക്കുകളായി എഴുതുക: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്".
അന്യദേവന്മാരുടെ ആരാധനയും, ഐതിഹ്യങ്ങളും നിലനിന്നിരുന്ന, വിജാതീയർ വസിച്ചിരുന്ന, കേസറിയ ഫിലിപ്പി പ്രദേശത്തുവച്ചാണ് യേശു ശിഷ്യന്മാരോട് രണ്ടു ചോദ്യങ്ങൾ ചോദിക്കുന്നത്: മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്? ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? (മത്തായി 16, 13-14). യേശുവിനെ സ്നാപകയോഹന്നാനെന്നും, ഏലിയാ ഇന്നും ജറെമിയ എന്നും പ്രവാചകന്മാരിൽ ഒരുവൻ എന്നും കരുതുന്ന ജനം ദൈവപുത്രനായ അവനെ വിലകുറച്ചു കാണുന്നുവെന്ന് സുവിശേഷം നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത് എന്ന യേശുവിന്റെ ചോദ്യത്തിന് ശിഷ്യന്മാരുടെ എല്ലാവരുടെയും വക്താവായി പത്രോസ്, യേശു മിശിഹാ ആണെന്ന, ദൈവപുത്രനായ രക്ഷകനാണെന്ന സത്യം വിളിച്ചുപറയുന്നു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്". സംശയങ്ങൾക്കിടനൽകാത്ത, യേശു രക്ഷകനാണെന്ന, വിശ്വാസത്തിന്റെ ഒരു ഏറ്റുപറച്ചിലാണ് പത്രോസ് നടത്തുന്നത്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, മത്തായി എഴുതിവയ്ക്കുന്ന പത്രോസിന്റെ ക്രിസ്തുസാക്ഷ്യം, യേശുവിന്റെ പുനരുത്ഥാനത്തിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതാണ്.
നാം മുൻപ് കണ്ടതുപോലെ, മർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, യേശുവിനെ രക്ഷകനും, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമായാണ് മത്തായി അവതരിപ്പിക്കുന്നത്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് തുടർന്നുള്ള പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒന്നാമതായി, പത്രോസിലൂടെ സാക്ഷ്യപ്പെടുത്തപ്പെട്ട സത്യം ആരാണ് അവനിൽ ഉണർത്തിയത് എന്നതിനെക്കുറിച്ച് യേശു വെളിവാക്കുന്ന കാര്യമാണ്. മാനുഷികമായ കഴിവല്ല, ഇതൊരു ദൈവികമായ വെളിപാടാണെന്ന് പത്രോസിന്റെ ക്രിസ്തുസാക്ഷ്യത്തെ യേശു വിശേഷിപ്പിക്കുന്നു: "യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത്!" (മത്തായി 16, 17). മാംസരക്തങ്ങൾ എന്ന് മനുഷ്യരെക്കുറിച്ച് വിശേഷിപ്പിക്കുന്നത്, മനുഷ്യരിലെ മാനുഷികമായ ദൗർബല്യങ്ങളെയും, ബോധ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കാൻ കൂടിയാണ്. വെറുമൊരു സാധാരണക്കാരനായിരുന്ന പത്രോസിന്റെ ബുദ്ധിശക്തിക്കുമപ്പുറമുള്ള ഒരു പ്രഖ്യാപനമാണ് യേശുവിനെക്കുറിച്ച് അവൻ നടത്തുക. ഇത്, ക്രിസ്തുവിന്റെ ഒപ്പം സഞ്ചരിച്ച്, അവന്റെ അത്ഭുതപ്രവർത്തികൾ കാണുകയും, അവന്റെ ഉദ്ബോധനങ്ങൾ ശ്രവിക്കുകയും ചെയ്തതിൽനിന്ന് മാത്രമല്ല ഉളവായത്. യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ പത്രോസിനു മാത്രമായി നൽകപ്പെട്ട ഒരു ദാനമായിരുന്നു ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഈ അറിവ്. താൻ അറിയാതെ, പിതാവായ ദൈവത്താൽ പ്രേരിതനായാണ് പത്രോസ് ക്രിസ്തുവിന് സാക്ഷ്യം നൽകുന്നത്. ദൈവപുത്രനായ ക്രിസ്തുവിലൂടെയാണ് രക്ഷയെന്ന ബോധ്യത്തിൽ റോമക്കാർക്കെഴുതിയ ലേഖനം പതിനൊന്നാം അധ്യായത്തിന്റെ അവസാനഭാഗത്ത്, മാനുഷികമായ പരിമിതികളെ തിരിച്ചറിഞ്ഞ്, ദൈവത്തിന്റെ അറിവിന്റെയും ജ്ഞാനത്തിന്റെയും ആഴത്തെയും കുറിച്ച് പൗലോസ് എഴുതുന്നത് നാം വായിക്കുന്നുണ്ട്. ദൈവമാണ് മനുഷ്യന്റെ ഉള്ളിൽ ദൈവികമായ ജ്ഞാനം നിറയ്ക്കുന്നത് (റോമാ 11, 33-36).
രണ്ടാമതായി, പത്രോസിനെ തന്റെ സഭയുടെ അടിസ്ഥാനശിലയായി യേശു മറ്റു ശിഷ്യന്മാരുടെ, സുവിശേഷവചനങ്ങളിലൂടെ ഇന്ന് ലോകത്തിന് മുഴുവൻ മുൻപിൽ സാക്ഷ്യപ്പെടുത്തുന്നു: "ഞാൻ നിന്നോട് പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല" (മത്തായി 16, 18). വിശ്വാസത്തിലുറച്ച പത്രോസെന്ന പാറമേലാണ് ക്രിസ്തുവിന്റെ സഭ പണിയപ്പെടുന്നത് എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ലോകത്തിന് മുൻപിൽ നിലനിൽക്കുന്നതും വളരുന്നതും ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസത്തിന്റെ ജീവിതസാക്ഷ്യത്തിലൂടെയാണ്. യേശുവിനെ രക്ഷകനും മിശിഹായുമായി അംഗീകരിക്കുകയും സ്വീകരിക്കുകയും ലോകത്തിന് മുൻപിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികൾ പത്രോസെന്ന പാറമേൽ ഉറപ്പിക്കപ്പെട്ട സഭയുടെ വളർച്ചയിൽ പങ്കുചേരുന്നവരായി മാറുന്നു എന്ന് നമുക്കോർക്കാം.
മൂന്നാമതായി ഭൂമിയിലെ സഭയിൽ പത്രോസിനുള്ള പ്രഥമസ്ഥാനം സ്വർഗ്ഗത്താൽ, ദൈവത്താൽ സാക്ഷ്യപ്പെടുത്തപ്പെടുന്നു എന്ന ഒരു കാര്യമാണ് നാം വായിക്കുന്നത്: "സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും. നീ ഭൂമിയിൽ കിട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്തായി 16, 19). ഏശയ്യാ പ്രവാചകന്റെ പുസ്തകം ഇരുപത്തിരണ്ടാം അധ്യായം പത്തൊൻപത് മുതലുള്ള വാക്യങ്ങളിൽ, ദൈവം ഏലിയാക്കിമിനെ വിളിച്ച്, ദാവീദുഭവനത്തിന്റെ താക്കോൽ ഏൽപ്പിക്കുന്ന മനോഹരമായ സംഭവം നാം വായിക്കുന്നുണ്ട്. വാതിൽ തുറക്കാനും അടയ്ക്കാനുമുള്ള അനുവാദം ദൈവമാണ് അവന് നൽകുന്നത് (ഏശയ്യാ 22, 19-23). സഭയിൽ തന്റെ ശിഷ്യനുള്ള അധികാരം ദൈവസന്നിധിയിൽ പോലും അംഗീകരിക്കുന്ന ഒരു ക്രിസ്തു, വിശ്വാസത്തിന്റെ ലോകത്ത്, സഭയുടെ അധികാരത്തെ എടുത്തുപറയുകയാണെന്ന് വ്യക്തം. നയിക്കുവാനും, വളർത്തുവാനും അവകാശവും കടമയുമുള്ള പത്രോസെന്ന ശിഷ്യന്റെ ചിത്രം ആധുനികവിശ്വാസ, ചിന്താരീതികളെ ചിലപ്പോഴെങ്കിലും ചോദ്യം ചെയ്യുന്നുണ്ടാകാം. ക്രിസ്തുവിനെ നാഥനും രക്ഷകനുമായി അംഗീകരിച്ച്, അവൻ നൽകിയ ഉദ്ബോധനങ്ങളുടെ അടിസ്ഥാനത്തിൽ, അവനാൽ സ്ഥാപിക്കപ്പെട്ട സഭയിൽ വളർന്ന്, യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ ജീവിതസാക്ഷ്യം വഴി സഭയെ വളർത്തുന്ന കല്ലുകളായി, സഭാഗാത്രത്തിലെ അംഗങ്ങളായി ജീവിതം നയിക്കാൻ നമുക്കുള്ള വിളിയെക്കൂടി ഈ തിരുവചനവായനകളിൽ നമുക്ക് കാണാൻ കഴിയും. വിശ്വാസമെന്ന പാറമേൽ, തന്റെ സഭയെ പണിതുയർത്തുന്നത് ക്രിസ്തുവാണ്. നരക കവാടങ്ങൾക്ക്, തിന്മയുടെ ശക്തിക്ക് തകർക്കാനാകാത്ത, ശക്തമായ ഒരു കോട്ടയായി യേശു തന്റെ സഭയെ ഉറപ്പിക്കുന്നു.
പത്രോസ് യേശുവിനെക്കുറിച്ച്, ദൈവത്താൽ പ്രേരിതനായി നടത്തുന്ന ഈ വിശ്വാസപ്രഖ്യാപനം, ക്രിസ്തുശിഷ്യരെന്ന നിലയിൽ, നമ്മുടെ ജീവിതത്തിൽ നമുക്ക് സ്വന്തമാക്കാൻ സാധിക്കേണ്ട ഒന്നാണ്. യേശുവിന്റെ പിന്നാലെ സഞ്ചരിക്കുന്ന, ക്രിസ്തുവിന്റെ അനുയായികളായ നാം ക്രിസ്ത്യാനി എന്ന പേര് വിലയുള്ളതാക്കി മാറ്റുന്നത്, നമ്മുടെ ജീവിതസാക്ഷ്യം വഴി, യേശുവിനെ ക്രിസ്തുവായി, രക്ഷകനും മിശിഹായുമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കുമ്പോഴാണ്, ആ വിശ്വാസത്തിന് ചേർന്ന വിധം ജീവിക്കുമ്പോഴാണ്.
മാമ്മോദീസായാൽ സഭയിൽ അംഗമായി,, കൂദാശകൾ സമയാസമയം സ്വീകരിച്ച് മുന്നോട്ട് പോകുന്ന നമ്മോട് ക്രിസ്തു ഇന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: നിനക്ക് ഞാൻ ആരാണ്? നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ഈ ഒരു ചോദ്യത്തിന് ബോധ്യങ്ങളോടെ ഉത്തരം നൽകാൻ നമുക്ക് സാധിക്കണം. തന്റെ ദൗർബല്യങ്ങളിൽ, പ്രലോഭനങ്ങളിൽ, പരിമിതമായ കഴിവുകൾക്കുള്ളിൽ നിന്നുകൊണ്ട് യേശുവിനെ "ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായി" സാക്ഷ്യപ്പെടുത്താൻ പത്രോസിന് സാധിച്ചതുപോലെ, നമുക്കും നമ്മുടെ ജീവിതത്തിൽ രക്ഷകനും നാഥനുമായി യേശുവിനെ അംഗീകരിച്ച് ജീവിക്കുകയും, നമ്മുടെ അനുദിനജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. ക്രിസ്തു സ്ഥാപിച്ച സഭയ്‌ക്കെതിരെ ഈ ലോകത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളുടെയും, നാം കൂടി ഭാഗമായ അവന്റെ ശരീരമായ സഭയിലെ തെറ്റുകളുടെയും, വീഴ്ചകളുടെയും, ദൗർബല്യങ്ങളുടെയും, നമ്മുടെതന്നെ കുറവുകളുടെയും മുന്നിലും, ക്രിസ്തു രക്ഷകനായ മിശിഹാ ആണ് എന്ന് ഏറ്റുപറയാൻ വേണ്ട അനുഗ്രഹത്തിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും, പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തോട് ചേർന്ന്, അവന്റെ പദ്ധതികൾ സ്വീകരിച്ച്, വിശ്വാസസ്ഥിരതയിൽ മുന്നേറാം, ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാം, ക്രിസ്തുവിലേക്ക് ഏവരെയും നയിക്കാം. പത്രോസെന്ന പാറമേൽ പണിയപ്പെട്ട സഭയോട് ചേർന്ന് വളരുകയും, വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം വഴി സഭയെ വളർത്തുകയും ചെയ്യാം. പാറ പോലെ ഉറച്ച വിശ്വാസത്തിന് ഉടമകളാക്കി നമ്മെ ദൈവം മാറ്റട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: