തിരയുക

വിശുദ്ധ ബലിയർപ്പണമധ്യേ കർദ്ദിനാൾ ജ്ജീവിഷ് വിശുദ്ധ ബലിയർപ്പണമധ്യേ കർദ്ദിനാൾ ജ്ജീവിഷ് 

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ ജ്ജീവിഷ്

പോളണ്ടിലെ, ഐക്യത്തിന്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഐക്യത്തിനും, ഉക്രൈൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.

ഫാ. പവൽ ആന്ദ്രിയാനിക് - മോൺ ജോജി വടകര, വത്തിക്കാൻ ന്യൂസ്

പോളണ്ടിലെ ഷിയെദിലീസെ രൂപതയുടെ കീഴിലുള്ള കോദെൻ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി അയക്കപ്പെട്ട കർദ്ദിനാൾ സ്റ്റനിസ്ളാവ് ജ്ജീവിഷ്, ഐക്യത്തിനായും ലോകസമാധാനത്തിനുമായി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. പോളണ്ടിന്റെ അയൽരാജ്യമായ ഉക്രൈനിൽ ഇപ്പോഴും തുടരുന്ന യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രത്യേക സെക്രട്ടറി കൂടിയായിരുന്ന മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

സ്ലാവ് സഹോദരങ്ങൾ പരസ്പരയുദ്ധത്തിൽ ഏർപ്പെടുകയോ, പരസ്പരം കൊല്ലുകയോ ചെയ്യാൻ പാടില്ലെന്നും, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ആവശ്യപ്പെട്ടു.

വിശുദ്ധ ജോൺപോൾ രണ്ടാമൻ കോദെനിലേക്ക് നടത്തിയ തീർത്ഥാടനത്തിന്റെ അവസരത്തിൽ നടത്തിയ പ്രഭാഷണത്തെ പരാമർശിച്ചുകൊണ്ട്, ഈ സ്ഥലത്തിന് ഐക്യവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമാണുള്ളതെന്ന് കർദ്ദിനാൾ ജ്ജീവിഷ് ആവർത്തിച്ചു. ഇവിടെയാണ് പാശ്ചാത്യ, പൗരസ്ത്യസഭകൾ തമ്മിലുള്ള സമ്മേളനം നടന്നത് എന്ന കാര്യം പരിശുദ്ധ പിതാവ് അന്ന് അനുസ്മരിച്ചിരുന്നു.

യൂറോപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവും, ഉക്രൈനിലെ ജനതയെ, അവരുടെ മണ്ണിൽനിന്നും അകറ്റുന്നതും, ജീവിക്കാനുള്ള അവരുടെ അവകാശത്തിനു നേരെ ഭീഷണിയുയർത്തുന്നതും, അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനുമെതിരെ പ്രവർത്തിക്കുന്നതും, മരണവും നാശവും വിതയ്ക്കുന്നതും ലോകജനതയ്ക്ക് മുൻപിൽ നമുക്ക് അംഗീകരിക്കാനാകില്ലെന്ന് ക്രാക്കോവിയ മുൻ അതിരൂപതാധ്യക്ഷൻ പറഞ്ഞു.

അന്ധമായ വെറുപ്പിനെ ഉപേക്ഷിച്ച്, സാഹോദര്യ സഹവർത്തിത്വത്തിന്റേതായ ഒരു ലോകത്തിന്റെ മാതൃക നൽകാൻ ഏവരെയും ആഹ്വാനം ചെയ്ത കർദ്ദിനാൾ ജ്ജീവിഷ് മാനവികതയുടെ ഭാവിയെ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കാമെന്ന് കൂട്ടിച്ചേർത്തു.

പതിനേഴാം നൂറ്റാണ്ടുമുതൽ തീർത്ഥാടകശ്രദ്ധ നേടിയ ഇടമാണ് കോദെൻ മരിയൻ തീർത്ഥാടന കേന്ദ്രം. ഉർബൻ എട്ടാമൻ പാപ്പായുടെ നിർദ്ദേശപ്രകാരം 1723-ൽ പരിശുദ്ധ അമ്മയുടെ രൂപത്തിൽ കിരീടമണിയിക്കപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2023, 16:56