മരണത്തിന്റെ സംസ്കാരത്തിനെതിരെ പെറുവിലെ മെത്രാൻസമിതി
വത്തിക്കാൻ ന്യൂസ്
ജനിക്കാനും ജീവിക്കാനുമുള്ള ഗർഭസ്ഥശിശുക്കളുടെ അവകാശത്തിനെതിരെയുള്ള ലംഘനങ്ങളും തീരുമാനങ്ങളും അനുവദിക്കുന്ന മരണസംസ്കാരം അംഗീകരിക്കാനാകില്ലെന്ന് പെറുവിലെ മെത്രാൻ സമിതി. 11 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദപരമായ സാഹചര്യത്തെക്കുറിച്ച് പ്രതിപാദിക്കവെയാണ് സഭയുടെ ഉദ്ബോധനത്തെ അധികരിച്ച്, ഗർഭസ്ഥശിശുവിനും അമ്മയ്ക്കും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മെത്രാൻ സമിതി ഓർമ്മിപ്പിച്ചത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് സഭാതലവന്മാർ ചൂണ്ടിക്കാട്ടി.
ഗർഭിണിയായ പെൺകുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതി, ഗർഭസ്ഥശിശുവിന്റെ ജീവനോ, അമ്മയുടെ ശാരീരികാരോഗ്യത്തിനോ വെല്ലുവിളി ഉയർത്തുന്നില്ല എന്ന് ലൊറേറ്റോ എന്ന നഗരത്തിലെ ഒരു മെഡിക്കൽ ബോർഡ് വിധിച്ചിട്ടും, ലിമ നഗരത്തിലെ മെഡിക്കൽ ബോർഡ് ചികിത്സാനുബന്ധിയായ ഗർഭഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു.
"കൊല്ലരുത്" എന്ന് അഞ്ചാം കൽപനയിൽ ദൈവം ആവശ്യപ്പെടുന്നതുപോലെ, ദൈവദാനമായ ജീവിതത്തിനുള്ള അവകാശം അനിഷേധ്യമായ ഒന്നാണെന്നും, അതിനെ ഇല്ലാതാക്കിക്കൊണ്ട് മരണത്തിന്റെ സംസ്കാരത്തിനായി നമ്മുടെ വാതിലുകൾ തുറക്കരുതെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ഗർഭധാരണാവസ്ഥ മുതൽ പന്ത്രണ്ടു വയസുവരെ ഓരോ മനുഷ്യനും കുട്ടിയായി കരുതപ്പെടുന്നു എന്ന് പെറുവിന്റെ നിയമസംഹിതയിൽ പറയുന്നതനുസരിച്ച് ഗർഭസ്ഥശിശുവിനെ ഭരണകൂടം എല്ലാ രീതിയിലും സംരക്ഷിക്കേണ്ടതുണ്ട്.
ആധുനിക ചികിത്സാരീതികളുടെ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച്, ഗർഭിണിയായ പെൺകുട്ടിയുടെയും, ഗർഭസ്ഥശിശുവിന്റെയും ജീവിതം സംരക്ഷിക്കാൻ പൊതുസമൂഹത്തിനും, ആരോഗ്യമന്ത്രാലയത്തിനും കടമയുണ്ടെന്ന് മെത്രാൻസമിതി അഭിപ്രായപ്പെട്ടു. ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള ശ്രമങ്ങൾ പെറുവിൽ കുറച്ചുവർഷങ്ങളായി നടന്നുവരുന്നുവെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു.
പെറുവിൽ മരണത്തിന്റെ സംസ്കാരത്തിലേക്ക് വാതിലുകൾ തുറക്കരുതെന്നും, ബലാൽസംഗത്തിന്റെ മുറിവുകൾ ഉണക്കാൻ പെൺകുട്ടിയെ സഹായിക്കണമെന്നും, ഗർഭച്ഛിദ്രത്തിന് വിധേയയാക്കരുതെന്നും, എന്നാൽ അതേസമയം, ബലാൽസംഗം ചെയ്തയാൾക്കെതിരെ നിയമത്തിന്റെ അധികാരമുപയോഗിച്ച് ശിക്ഷ നൽകണമെന്നും, ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ അനുവദിക്കരുതെന്നും മെത്രാൻസമിതി ആവശ്യപ്പെട്ടു.
- മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: