തിരയുക

സിറിയയിലെ കത്തോലിക്കാ വിശ്വാസികൾ സിറിയയിലെ കത്തോലിക്കാ വിശ്വാസികൾ   (AFP or licensors)

ലോക യുവജന ദിനത്തിന്റെ ആഘോഷം സിറിയയിലും ലെബനനിലും

'സങ്കടമനുഭവിക്കുന്ന സഭകൾക്കുള്ള സഹായം' എന്ന ഉപവി പ്രവർത്തനങ്ങൾക്കായുള്ള സംഘടന സാമ്പത്തിക ബുദ്ധിമുട്ടുകളാലും, മറ്റു യുദ്ധക്കെടുതികളാലും ലിസ്ബണിൽ വച്ച് നടക്കുന്ന ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സിറിയയിലെയും, ലെബനനിലെയും യുവജനങ്ങൾക്കായി പരിപാടികൾ സംഘടിപ്പിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

സാമ്പത്തിക ബുദ്ധിമുട്ടുകളാലും, മറ്റു യുദ്ധക്കെടുതികളാലും ലിസ്ബണിൽ വച്ച് നടക്കുന്ന ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സിറിയയിലെയും, ലെബനനിലെയും യുവജനങ്ങൾക്കായി 'സങ്കടമനുഭവിക്കുന്ന സഭകൾക്കുള്ള സഹായം' എന്ന ഉപവി പ്രവർത്തനങ്ങൾക്കായുള്ള സംഘടനയുടെ നേതൃത്വത്തിൽ പ്രാദേശികമായ സമ്മേളനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു.

ആഗസ്ത് 1 മുതൽ 6 വരെയുള്ള തീയതികളിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം  ലോക യുവജന ദിനത്തിന്റെ മറ്റൊരു ആഘോഷത്തിനായി ലിസ്ബണിലേക്ക് പോകാനുള്ള അവസാന തയ്യാറെടുപ്പിലാണ് ലക്ഷക്കണക്കിന് യുവ തീർത്ഥാടകർ. എന്നാൽ ലോകമെമ്പാടുമുള്ള നിരവധി യുവാക്കൾക്ക് പ്രായോഗികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ കാരണം ഇത് സാധ്യമല്ലായെന്ന യാഥാർഥ്യവും നിലനിൽക്കുന്നു.

ഇതിൽ ഏറെ വിഷമമനുഭവിക്കുന്ന യുവജനങ്ങളാണ് സിറിയയിലും ലെബനനിലും ഉള്ളത്. ഈ വർഷം, ആഗോള യുവജന സംഗമത്തിന്റെ  ഒരംശമെങ്കിലും പങ്കുവയ്ക്കാൻ അവർക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ, അന്താരാഷ്ട്ര പൊന്തിഫിക്കൽ ചാരിറ്റി എയ്ഡ് ടു ചർച്ച് ഇൻ നീഡ് (ACN) സിറിയയിലും ലെബനനിലും ഒരേസമയം നടക്കുന്ന പ്രാദേശിക പരിപാടികൾക്ക് ധനസഹായം നൽകുന്നു.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും അവർക്ക് ആത്മീയ അറിവ് നൽകുന്നതിനും ഈ രാജ്യത്തിന്റെ ഭാവി നേതാക്കളെന്ന നിലയിൽ അവരുടെ പങ്കിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനും ഈ പരിപാടി അനിവാര്യമാണെന്ന് സംഘാടകർ പറയുന്നു.

ഫ്രാൻസിസ് പാപ്പാ  ലിസ്ബണിൽ യുവജനങ്ങളെ കണ്ടുമുട്ടുന്ന അതേ സമയം തന്നെ  മൗണ്ട് ലെബനനിൽ നടക്കുന്ന സമ്മേളനത്തിൽ 1,000-ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശുദ്ധ കുർബാന, കുരിശിന്റെ വഴി, ആരാധന, മതബോധന സമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവയാണ് സംഗമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

1,500 വർഷത്തിലേറെയായി സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ തീർഥാടന കേന്ദ്രങ്ങളിലൊന്ന് എന്ന്  വിശേഷിപ്പിക്കുന്ന സെയ്ദ്നയയിലാണ് സമ്മേളനം നടക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂലൈ 2023, 13:47