യുദ്ധകെടുതികളുടെ വിപത്തുകൾ ഓർമ്മിപ്പിച്ച് ആർച്ചുബിഷപ്പ് ഗബ്രിയേൽ കാച്ച
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ജൂലൈ മാസം പതിനെട്ടാം തീയതി ന്യൂയോർക്കിൽ വച്ചുനടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയുടെ 88-ാമത് പ്ലീനറി സമ്മേളനത്തിന്റെ അവസരത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേൽ കാച്ച യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലെ ദാരുണമായ സ്ഥിതിയെക്കുറിച്ച് പ്രസ്താവന നടത്തി സംസാരിച്ചു.
പ്രസ്താവനയുടെ ആമുഖമായി ഉക്രൈനിലെ യുദ്ധത്തെ പറ്റിയുള്ള ഗുരുതരമായ ആശങ്കകളും, ആയുധ ശേഖരണം ഉളവാക്കുന്ന വെല്ലുവിളികളും ആർച്ചുബിഷപ്പ് പങ്കുവച്ചു.എല്ലാ യുദ്ധങ്ങളെയും പോലെ ഉക്രൈനിലെ യുദ്ധവും ഒരു പൂർണ്ണ വിപത്താകുമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഈ ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികൾക്ക് ആതിഥ്യമരുളുകയും പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് നന്ദി പറയുമ്പോൾ തന്നെ, അഭയാർത്ഥികൾക്ക് സുരക്ഷിതവും സ്വമേധയാ ഉള്ളതും മാന്യവുമായ ഒരു തിരിച്ചുവരവ് നടത്താൻ കഴിയുന്നതുവരെ അവർക്ക് മാനുഷിക പിന്തുണ തുടരണമെന്ന് പരിശുദ്ധ സിംഹാസനത്തിനു വേണ്ടി ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
സമാധാനത്തിനായി അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും, ഇക്കാര്യത്തിൽ, മാനുഷികത കേൾക്കാനും തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ള ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തം ഫ്രാൻസിസ് പാപ്പാ കർദിനാൾ മത്തേയോ സൂപ്പിയെ ഏൽപ്പിച്ചത് മാതൃകാപരമാണെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: