തിരയുക

ഖർസൺ നഗരത്തിൽ കഴിഞ്ഞ ദിവസം തകർക്കപ്പെട്ട സാംസ്കാരികഭവനം ഖർസൺ നഗരത്തിൽ കഴിഞ്ഞ ദിവസം തകർക്കപ്പെട്ട സാംസ്കാരികഭവനം 

ഉക്രൈൻ: മാനവികസഹായകേന്ദ്രത്തിനെതിരെ റഷ്യൻ ബോംബാക്രമണം

ഉക്രൈൻ നഗരമായ ഖർസണിലെ സഹായസമഗ്രകൾ ശേഖരിക്കുന്ന കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് സംഘടനകൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിലെ കോറബെൽനീ ജില്ലയിലെ ഖർസൺ നഗരത്തിൽ സാംസ്കാരികഭവനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ സാമൂഹികസംഘടന. ജൂലൈ 18-ആം തീയതി രാത്രിയിലാണ് പ്രാദേശിക ഇവാഞ്ചലിക്കൽ സഭ മാനവികസഹായസമഗ്രികളുടെ ശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിനുനേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തിൽ ഈ സഭാസമൂഹം ഗോഡൗണായി ഉപയോഗിച്ചിരുന്ന രണ്ടാം നിലയിലെ എല്ലാ വസ്തുക്കളും കത്തിനശിച്ചു. എന്നാൽ ഈ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടില്ല.

കുറച്ചുദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ സന്നദ്ധപ്രവർത്തകർ, നിരവധി മാനവികസഹായസമഗ്രികൾ ഇവിടെ എത്തിച്ചിരുന്നുവെന്നും, ഖർസൺ നഗരത്തിൽ അവശേഷിച്ച ആളുകളെസംബന്ധിച്ച് ഒരു പ്രധാനപ്പെട്ട ഇടമായിരുന്നു ആക്രമിക്കപ്പെട്ട ഈ സംസ്‌കാരികഭവനമെന്നും സംഘർഷമേഖലാ പ്രദേശങ്ങളിൽ മാനവികസഹായമെത്തിക്കുന്ന പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ സാമൂഹികസംഘടനയിലെ കൊളൊമ്പ ഓപ്പറേഷന്റെ പ്രവർത്തകൻ ആൽബേർത്തോ കപ്പന്നിനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മുൻപ് റഷ്യൻ ആക്രമണത്തിൽ കാഖോവ്ക ഡാം തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഖർസൺ നഗരത്തിലെ നിരവധിയാളുകൾ ഇവിടം ഉപേക്ഷിച്ച് പോയിരുന്നു. നഗരത്തിൽ തങ്ങിയ ആളുകൾക്കായി കുടിവെള്ളം, വസ്ത്രം ഭക്ഷണം തുടങ്ങിയവ സംഭരിച്ചിരുന്നത് ഖേരസം നഗരത്തിലെ സാംസ്കാരികസദനത്തിലായിരുന്നു. അതിർത്തിമേഖലയായി നിശ്ചയിച്ചിരുന്ന ദ്നിപ്പോ നദിയുടെ മറുകരയുള്ള ഇവിടെ പ്രാദേശിക ഇവാഞ്ചലിക്കൽ സഭയുടെ മേൽനോട്ടത്തിൽ നടന്നുവന്നിരുന്ന ഈ കേന്ദ്രം റഷ്യൻ സേനയ്ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും, പ്രാർത്ഥനയ്ക്കും ഭക്ഷ്യ, ജലവിതരണകാര്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഇവിടം അക്രമിച്ചതുവഴി പൊതുജനങ്ങൾക്കായി മാനവികസഹായമെത്തിച്ചിരുന്ന ഒരു സേവനകേന്ദ്രത്തെയാണ് അവർ അക്രമിച്ചതെന്നും ജോൺ ഇരുപത്തിമൂന്നാമൻ സമൂഹത്തിന്റെ വക്താക്കൾ ആരോപിച്ചു.

ജൂലൈ 19 ബുധനാഴ്ചയാണ് ഖർസൺ നഗരത്തിലെ ഈ ഗോഡൗണിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ജോൺ ഇരുപത്തിമൂന്നാമന്റെ പേരിലുള്ള സാമൂഹ്യസേവനസമൂഹം പത്രക്കുറിപ്പിറക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2023, 16:10