തിരയുക

ഫ്രാൻസീസ് പാപ്പായുടെ സ്നേഹാശ്ലേഷത്തിൽ ഒരു മുത്തശ്ശി ഫ്രാൻസീസ് പാപ്പായുടെ സ്നേഹാശ്ലേഷത്തിൽ ഒരു മുത്തശ്ശി 

മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായമേറിയവർക്കും വേണ്ടിയുള്ള ദിനാചരണം, പാപ്പായുടെ ദിവ്യബലി!

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച രാവിലെ അർപ്പിക്കപ്പെടുന്ന സാഘോഷമായ വിശുദ്ധ കുർബ്ബാനയിൽ ആറായിരത്തോളം പേർ പങ്കെടുക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ ദിവ്യബലി അർപ്പിക്കും.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുടെ സഹകാർമ്മികത്വത്തിൽ ഫ്രാൻസീസ് പാപ്പാ മുഖ്യകാർമ്മികനായി അർപ്പിക്കുന്ന ഈ വിശുദ്ധ കുർബ്ബാനയിൽ മുത്തശ്ശീ മുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളുമുൾപ്പടെ ആറായിരത്തോളം പേർ പങ്കെടുക്കും.

പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്റ്റ് 1-6 വരെ നടക്കുന്ന മുപ്പത്തിയേഴാം ലോകയുവജന സംഗമത്തിൽ പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്തു പങ്കെടുക്കാൻ പോകുന്ന  അഞ്ചു യുവതീയുവാക്കൾക്ക് പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചു വയോധികർ യുവജന തീർത്ഥാടന കുരിശ്, ഈ ദിവ്യബലിയുടെ അവസാനഭാഗത്ത്, പ്രതീകാത്മകമായി കൈമാറും. ഇവരിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വയോധികയും യുവതിയും യഥാക്രമം ഇന്ത്യക്കാരികളായ ഉപവിയുടെ പ്രേഷിത സന്ന്യാസിനീസഹോദരി, 82 വയസ്സു പ്രായമുള്ള, മാർട്ടിൻ ഡി പോറസും, ഇറ്റലിയിലെ ബൊളോഞ്ഞയിൽ സർവ്വകലാശാല വിദ്യാർത്ഥിനിയായ 22 വയസ്സുള്ള അലീഷ ബെന്നിയും ആണ്.

യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്ന യുവതയ്ക്കായി പ്രാർത്ഥിക്കാനും ആശീർവാദത്താൽ അവരെ അനുഗമിക്കാനും പാപ്പാ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായംചെന്നവർക്കും നല്കിയ ക്ഷണത്തിനുള്ള പ്രത്യുത്തരത്തിൻറെ അടയാളം കൂടിയാണ് ഈ കുരിശുകൈമാറ്റച്ചടങ്ങ്.

“അവിടത്തെ കാരുണ്യം തലമുറകൾ തോറും” ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ അമ്പതാമത്തെതായ ഈ വാക്യം ആണ് പാപ്പാ മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന മൂന്നാം ലോക ദിനത്തിന് വിചിന്തന പ്രമേയമായി നല്കിയിരിക്കുന്നത്.

യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ, അതായത്, പരിശുദ്ധ മറിയത്തിൻറെ മാതാപിതാക്കളായ വിശുദ്ധരായ അന്നയുടെയും യൊവാക്കിമിൻറെയും തിരുന്നാളിനോടു അടുത്തു വരുന്നതും ജൂലൈമാസത്തിലെ നാലാമത്തെതുമായ ഞായറാഴ്ചയാണ് അനുവർഷം ഈ ദിനാചരണം. 2021-ലാണ് ഫ്രാൻസീസ് പാപ്പാ ഈ ദിനാഘോഷം ഏർപ്പെടുത്തിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2023, 11:30