തിരയുക

റോമിലെത്തിയ അഫ്ഗാൻ അഭയാർത്ഥികൾ റോമിലെത്തിയ അഫ്ഗാൻ അഭയാർത്ഥികൾ  (ANSA)

കൂടുതൽ അഫ്ഗാൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്

പാകിസ്താനിലെ ഇസ്ലാമാബാദിൽനിന്ന് 22 അഫ്ഗാൻ അഭയാർത്ഥികൾ ജൂലൈ 20 വ്യാഴാഴ്ച ഇറ്റലിയിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സന്തെജീദിയോ സംഘടനയുടെ ഇടപെടലിന്റെ ഭാഗമായി, ജൂലൈ 20 വ്യാഴാഴ്ച രാവിലെ പാകിസ്താനിലെ ഇസ്ലാമാബാദിൽനിന്ന് 22 അഫ്ഗാൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തി. സന്തെജീദിയോ സംഘടനയും, മറ്റു പല സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മാനവിക ഇടനാഴികൾ വഴി ഈ അഫ്ഗാൻ പൗരന്മാർ ഇറ്റലിയിലെത്തിയത്. അടുത്ത ദിവസങ്ങളിൽ ഇരുപത് അഫ്ഗാൻ അഭയാർത്ഥികൾ കൂടി ഇറ്റലിയിലെത്തും.

റോമിലെ ലിയോണാർദോ ദാവിഞ്ചി അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ ഈ അഭയാർത്ഥികൾ 2021 ഓഗസ്റ്റ് മുതൽ പാകിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ പൗരന്മാരാണ്. തികച്ചും മോശമായ അവസ്ഥയിലാണ് ഇസ്ലാമബാദ് നഗരത്തിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ ഇവർ നാളിതുവരെ കഴിഞ്ഞുവന്നത്.

സന്തെജീദിയോ സംഘടനയുടെ പ്രസിഡന്റ് മാർക്കോ ഇമ്പല്ല്യാസ്സോയുടെ സാന്നിധ്യത്തിൽ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ച പുതിയ അഭയാർത്ഥികളെ ഇറ്റലിയിൽ ഉൾച്ചേർക്കുന്നതിനായി, ലാസിയോ, ലീഗൂറിയ, ലൊംബാർദിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഭാഷാപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അയക്കുമെന്നും സംഘടന വ്യക്തമാക്കി.

ഇതുവരെ യൂറോപ്പിലേക്ക് മാനവിക ഇടനാഴികൾ വഴി എത്തിയ മൊത്തം അഭയാർഥികളുടെ എണ്ണം 6300 ആണ്. ഇവരിൽ 5400 പേരും ഇറ്റലിയിലേക്കാണ് എത്തിയിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജൂലൈ 2023, 16:01