യുവജന സംഗമങ്ങൾ യുവതയുടെ വിളിയെക്കുറിച്ച് തരിച്ചറിവേകുന്നു, മെക്സിക്കൻ മെത്രാൻ വില്ലറെയാൽ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോക യുവജന സംഗമങ്ങൾ പോലുള്ള സമാഗമങ്ങൾ യുവതയെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമെന്ന് മെക്സിക്കോയിലെ മെക്സിക്കോ അതിരൂപതയുടെ സഹായമെത്രാൻ ഹേക്ടോർ പേരെസ് വില്ലറെയാൽ.
ആഗസ്റ്റ് 1 മുതൽ 6 വരെ, പോർട്ടുഗലിൻറെ തലസ്ഥാന നഗരിയായ ലിസ്ബൺ വേദിയാക്കി ആഗോളസഭാതലത്തിൽ, ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ ആചരിക്കപ്പെടുന്ന മുപ്പത്തിയേഴാം ലോകയുവജനസമ്മേളനത്തിൽ സംബന്ധിക്കുന്നതിന് മെക്സിക്കോക്കാരായ യുവതീയുവാക്കൾ പുറപ്പെടുന്ന വേളയിൽ ഫീദെസ് മിഷനറി വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ്, യുവജന അജപാലനച്ചുമതല കൂടിയുള്ള അദ്ദേഹത്തിൻറെ ഈ പ്രതികരണം.
ക്രിസ്തുവിനോടു തങ്ങളെ അടുപ്പിക്കുകയും തങ്ങളുടെ ദൈവവിളിയുടെ പാത തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്ന ഇത്തരം കൂടിക്കാഴ്ചകളിൽ യുവതീയുവാക്കൾ പങ്കെടുക്കേണ്ടത് സുപ്രധാനം തന്നെയാണെന്ന് ബിഷപ്പ് വില്ലറെയാൽ വ്യക്തമാക്കി.
മെക്സിക്കോയിലെ 90 രുപതകളിൽ നിന്നായി ഏതാണ്ട് മുപ്പതിനായിരത്തോളം യുവതീയുവാക്കൾ ഈ യുവജനസംഗമത്തിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
ഈ യുവജന സംഗമത്തിനുള്ള ഒരുക്കത്തിൻറെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിശീലന-പ്രാർത്ഥന-ചൈതന്യവത്ക്കരണപരങ്ങളായ 8 പരിപാടികളിൽ യുവതീയുവാക്കൾ പങ്കെടുത്തുവെന്നും ഈ ആഗോളയുവജനദിനാചാരണാനന്തരം അതിൻറെ ഫലങ്ങളെക്കുറിച്ചു പരിചിന്തനം ചെയ്യുന്നതിന് രണ്ടു സമ്മേളനങ്ങൾ കൂടി ആസൂത്രണം ചെയ്യുമെന്നും ബിഷപ്പ് വില്ലറെയാൽ പറഞ്ഞു.
ഈ യുവജനദിനാചരണത്തിൽ സംബന്ധിക്കുന്നതിന് ഫ്രാൻസീസ് പാപ്പാ പഞ്ചദിന സന്ദർശന പരിപാടിയുമായി ആഗസ്റ്റ് രണ്ടിനായിരിക്കും ലിസ്ബണിൽ എത്തുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: