തിരയുക

ക്രിസ്തുവും ശിഷ്യന്മാരും ക്രിസ്തുവും ശിഷ്യന്മാരും 

ഹൃദയനിലങ്ങളിൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുക

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പതിനാറാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 14, 24-43
സുവിശേഷപരിചിന്തനം Mathew 14, 24-43 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെയാണ് മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ നല്ലൊരു ഭാഗം തിരുവചനങ്ങളിലും നാം കാണുന്നത്. തിന്മയുടെ കളകൾ ഹൃദയനിലങ്ങളിൽ പതിക്കാതെ സൂക്ഷിക്കുക. നന്മയുടെ വിത്തുകൾ ഏറെ ഫലം പുറപ്പെടുവിക്കുവാനായി അദ്ധ്വാനിക്കുക. മനുഷ്യപുത്രൻ, ക്രിസ്തു, നമ്മിൽ വിതച്ച നന്മയുടെ ഫലങ്ങളാണ് കൊയ്ത്തുകാലം വരുമ്പോൾ, അന്ത്യവിധിനാളിൽ നമ്മിൽനിന്നും ദൈവം ആഗ്രഹിക്കുന്നതെന്നും, കളകൾ, പിശാച് ലോകത്ത് വിതയ്ക്കുന്ന തിന്മയും അവയനുസരിച്ച് പ്രവർത്തിക്കുന്നവരും, അഗ്നികുണ്ഡത്തിലേക്കെറിയപ്പെടുകയും ചെയ്യുമെന്ന് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം ഇരുപത്തിനാല് മുതൽ നാല്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളിലൂടെ ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുകയാണ്.

തിന്മ അനുവദിക്കുന്ന ദൈവം

എന്തുകൊണ്ടാണ് തിന്മ ലോകത്തിൽ നിലനിൽക്കാൻ ദൈവം അനുവദിക്കുന്നത് എന്ന ഒരു ചോദ്യം പലപ്പോഴും നമ്മുടെ ഉള്ളിൽ ഉയർന്നുവന്നിട്ടുണ്ടാകാം. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിനാലു മുതലുള്ള തിരുവചനങ്ങളിൽ ഈയൊരു ചോദ്യത്തിന് കൂടിയുള്ള ഉത്തരം നമുക്ക് ക്രിസ്തു നൽകുന്നുണ്ട്. വേലക്കാരുടെ ചോദ്യത്തിനുത്തരമായി വീട്ടുടമസ്ഥൻ പറയുന്ന ഉത്തരമാണ് അത്. "കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ" (മത്തായി 13, 29-30). കൊയ്ത്തുകാലത്തിന് മുൻപ് കളകൾ പറിച്ചെടുക്കരുത്. അന്ത്യവിധിയുടെ സമയത്തിന് മുൻപ് തികച്ചും മാനുഷികമായ മാനദണ്ഡങ്ങൾ മാത്രം ഉപയോഗിച്ച് മറ്റുള്ളവരുടെ നിത്യജീവിതത്തിന് അന്ത്യം കുറിക്കുന്ന വിധികളോ ശിക്ഷാനടപടികളോ അരുത്. ദൈവമാണ് യഥാർത്ഥ വിധിയാളൻ. സ്വർഗ്ഗരാജ്യത്തിൽനിന്ന് ഒരുവനെ പുറത്താക്കാൻ തീരുമാനിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. നന്മതിന്മകൾ നിറഞ്ഞ ഈ ലോകത്ത്, അനുതാപത്തിന് ആഹ്വാനം ചെയ്‌തുകൊണ്ടും, ക്ഷമയോടെ കാത്തിരുന്നും പാപികൾക്ക് രക്ഷ അവകാശമാക്കുവാനുള്ള അവസരമേകുകയാണ് സ്നേഹപിതാവായ ദൈവം. കാരുണ്യവാനും എന്നാൽ നീതിമാനുമായ ദൈവമാണ് തിന്മയിൽ തുടരുന്നവരുടെ ശിക്ഷാവിധി നടത്തേണ്ടവൻ. അതുകൊണ്ടുതന്നെ, മനുഷ്യൻ തിന്മയിൽ ജീവിക്കാനോ, തിന്മ പ്രവർത്തിക്കാനോ ദൈവം ആഗ്രഹിക്കുകയോ അനുവദിക്കുകയോ അല്ല, മറിച്ച് ധൂർത്തപുത്രനെപ്പോലെ തന്നിലേക്ക് തിരികെ വരാൻ, ജീവിതം നന്മയിലേക്ക് മാറ്റാൻ അവസരങ്ങളും ഉദ്ബോധനങ്ങളും നൽകി ക്ഷമയോടെ കാത്തിരിക്കുകയാണ് അവൻ. ജ്ഞാനത്തിന്റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം പതിമൂന്ന് മുതലുള്ള വാക്യങ്ങളിലും നാം ഇത് കാണുന്നുണ്ട്. ഇസ്രയേലിന്റെ നാഥനായ കർത്താവിനെപ്പോലെ, എല്ലാവരോടും കരുണ കാണിക്കുന്ന, എന്നാൽ നീതിപൂർവ്വം വിധിക്കുന്ന മറ്റൊരു ദൈവമില്ല. സഹിഷ്‌ണുതയോടെ ഭരിക്കുന്ന, പാപിക്ക് അനുതാപത്തിന് സാധ്യതയനുവദിക്കുന്ന ഒരു ദൈവമാണവൻ (ജ്ഞാനം 12, 13; 16-19). വിതക്കാരനും വിധിയാളനും ദൈവമാണ്. സ്വർഗ്ഗരാജ്യത്തിന്റെ നീതി ഭൂമിയുടെ നീതിക്കതീതമാണ്. വിധിയുടെ ദിനങ്ങൾ താമസിപ്പിക്കുവാനോ, മുൻകൂട്ടി നിശ്ചയിക്കുവാനോ നമുക്ക് അധികാരമില്ല. ദൈവത്തിന് പകരം വിധികർത്താവാകുവാൻ നമുക്ക് അവകാശവുമില്ല.

കടുകുമണിയും പുളിമാവും

നല്ല വിത്തിന്റെയും കളകളുടെയും ഉപമ പറഞ്ഞതിന് ശേഷം യേശു ജനത്തോട് പറയുന്ന അടുത്ത രണ്ട് ഉപമകൾ കടുകുമണിയുടെയും പുളിമാവിന്റെയുമാണ്. രണ്ടിലൂടെയും പൊതുവായ ഒരു ആശയമാണ് ക്രിസ്തു ജനത്തോട് പറയുന്നത്. ആകാശപ്പറവകൾ ചേക്കേറാൻ തക്കവിധം വലിയ മരമായി വളരുന്ന കടുകും, നൂറ് ഇടങ്ങഴി മാവിനെ പുളിപ്പിക്കുവാൻ കഴിവുള്ള ഒരൽപ്പം പുളിപ്പും പഠിപ്പിക്കുന്ന ഒരു സത്യത്തെക്കുറിച്ചുള്ള ചിന്തയാണത്. ഇന്ന് തീരെ ചെറുതും അപ്രധാനവുമെന്ന് കരുതുന്ന പലതും വലുതായി മാറുവാൻ സാധ്യതയുള്ളതാണ്. ഗോതമ്പുവയലിൽ വളരുന്ന ചില കളകൾക്ക് ഒരു പ്രത്യേകതയുണ്ട്. ചെറുതായിരിക്കുമ്പോൾ അവ ഗോതമ്പുചെടികൾ പോലെയിരിക്കും. എന്നാൽ വളർന്ന് വലുതായിക്കഴിയുമ്പോഴാണ് അവയുടെ യഥാർത്ഥ ഭാവവും രൂപവുമൊക്കെ ഗോതമ്പിൽനിന്ന് വ്യത്യസ്ഥമാണെന്ന് നമുക്ക് മനസ്സിലാകുക. പ്രത്യേകിച്ച് അവയുടെ ഫലങ്ങളിൽനിന്ന് ഗോതമ്പേത്, കളയേത് എന്ന് തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ടുതന്നെയാണ് വീട്ടുടമസ്ഥൻ കളകൾ പറിച്ചുകളയാൻ വേലക്കാരെ അനുവദിക്കാത്തതും. നല്ല വിത്തിൽനിന്ന് വളർന്ന ഗോതമ്പുചെടിയേത്, കളയിൽനിന്ന് വിരിഞ്ഞ ചെടിയേത് എന്ന് തിരിച്ചറിയാൻ നല്ല ഒരു കൃഷിക്കാരന്, ചെടികളെക്കുറിച്ച് നല്ല അറിവുള്ള ഒരുവന് മാത്രമേ സാധിക്കൂ. ജീവിതത്തിലേക്ക് കടന്നു വരുമ്പോഴും സ്ഥിതിഗതികൾ വ്യത്യസ്ഥമല്ല. യഥാർത്ഥ നന്മയേത്, തിന്മയേത് എന്ന വ്യത്യാസം തിരിച്ചറിയണമെങ്കിൽ നന്മതിന്മകളെക്കുറിച്ച് വളരെ വ്യക്തമായ ഒരു അറിവുണ്ടാകണം. ജീവിതത്തിൽ ദൈവം വിതയ്ക്കുന്ന നല്ല വിത്തിനൊപ്പം, നിരാശയുടെയും പാപങ്ങളുടെയും അന്ധകാരരാത്രികളിൽ തിന്മയുടെ കളകൾ ഹൃദയനിലങ്ങളിൽ വിതയ്ക്കുവാൻ സാത്താനെ അനുവദിക്കരുത്.

ദൈവത്തിന്റെ ക്ഷമയും നീതിയും

ജനക്കൂട്ടത്തോട് ഉപമകളിലൂടെ സംസാരിച്ച യേശു തന്റെ ശിഷ്യരുടെ അപേക്ഷയനുസരിച്ച് അവർക്ക് ഉപമകൾ വിശദീകരിച്ചു നൽകുന്നതാണ് പതിമൂന്നാം അധ്യായം മുപ്പത്തിയാറുമുതലുള്ള വചനങ്ങളിൽ നാം കാണുന്നത്. തന്നെയും തന്റെ വാക്കുകളെയും വിശ്വസിക്കാത്ത ജനക്കൂട്ടത്തിൽനിന്ന് അകന്ന്, ദൈവികപദ്ധതി വ്യക്തമായി തിരിച്ചറിയാതിരുന്നിട്ടും തന്റെ പിന്നാലെ കൂടിയ ശിഷ്യന്മാർക്ക് ഉപമയുടെ യഥാർത്ഥ അർത്ഥം പറഞ്ഞുകൊടുക്കുകയാണ് യേശു. വയലിന്റെ ഉടമസ്ഥനെപ്പോലെ, തന്നിൽ വിശ്വസിക്കാത്ത, ഹൃദയത്തിൽ നല്ല വിത്തുകൾ സ്വീകരിച്ച് ഫലം പുറപ്പെടുവിക്കുന്നതിന് പകരം മനുഷ്യപുത്രനെ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന, തിന്മയിൽ തുടരുന്ന ജനത്തോട്, ഏറെ ക്ഷമയോടെയാണ് ദൈവം ഇടപെടുന്നത്. അനുതാപത്തിന്റെ, പശ്ചാത്താപത്തിന്റെ എന്തെങ്കിലും ലാഞ്ചനയ്ക്കായി ദൈവം കാത്തിരിക്കുന്നു. എന്നാൽ കൊയ്ത്തുകാലത്തെ സംബന്ധിച്ച്, യുഗാന്തകാലത്തെ സംബന്ധിച്ച് യേശു പറയുന്ന വാക്കുകൾ യഥാർത്ഥ നീതിയെന്തെന്ന് വെളിവാക്കുന്നവയാണ്. ഗോതമ്പു കൊയ്തെടുക്കുന്നതിന് മുൻപ് കളകൾ ശേഖരിച്ച് ചുട്ടുകളയുന്നതുപോലെ,  ദൈവദൂതന്മാർ പാപഹേതുക്കളെയും തിന്മ പ്രവർത്തിക്കുന്നവരെയും ഒരുമിച്ച് കൂട്ടി, അഗ്നികുണ്ഡത്തിലേക്കെറിഞ്ഞുകളയും. സമയത്തിന്റെ പൂർണ്ണതയിൽ നന്മ ചെയ്‌തവർ അനുഗ്രഹീതരാകുകയും, തിന്മ പ്രവർത്തിക്കുന്നവർ ശിക്ഷാർഹരായി മാറുകയും ചെയ്യും.

നന്മതിന്മകളെ അവയുടെ ഫലങ്ങളിൽനിന്ന് തിരിച്ചറിയുക

ഉഴുതുതയ്യാറാക്കി ഗോതമ്പു വിതച്ച നിലത്ത് കള വിതച്ചു കടന്നുപോകുന്നവൻ ശത്രുവാണ്. ദൈവവചനത്തിന്റെയും, നന്മയുടെയും ഗോതമ്പുമണികളെക്കൂടി ഇല്ലാതാക്കാൻ, വിതക്കാരന്റെ ഉപമയിൽ കാണുന്നതുപോലെ, ഗോതമ്പുമണികളെ ഞെരുക്കി, അവയെ വളരാൻ അനുവദിക്കാതിരിക്കാനാണ് ശത്രു തിന്മ വിതയ്ക്കുന്നത്. തിന്മയെ ഇല്ലാതാക്കാനുള്ള ശ്രമത്തിനിടയിൽ നന്മയുടെ വിത്തുകളും ഇല്ലാതാക്കപ്പെടുമെന്ന ശത്രുവിന്റെ ദുർമോഹവും ഇതിനുപിന്നിൽ കാണാം. എന്നാൽ നന്മതിന്മകളെ വേർതിരിക്കാനും, തിന്മയെ ഇല്ലാതാക്കാനും ദൈവത്തിന് അവസരം കൊടുക്കുകയാണ് വേണ്ടതെന്ന് ഈ സുവിശേഷഭാഗത്തിലൂടെ ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുകയാണ്. റോമക്കാർക്കെഴുതിയ ലേഖനം എട്ടാം അധ്യായം ഇരുപത്തിയാറും ഇരുപത്തിയേഴും വാക്യങ്ങളിൽ വിശുദ്ധ പൗലോസ് ഉദ്ബോധിപ്പിക്കുന്നതുപോലെ, നമ്മുടെ ബലഹീനതകളിലും അജ്ഞതകളിലും ആത്മാവ് നമുക്ക് സഹായമേകട്ടെ, നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ. ലോകമാകുന്ന വിളനിലത്ത്, നന്മയുടെ ഫലങ്ങൾ പുറപ്പെടുവിച്ച് ക്രിസ്തുസാക്ഷ്യം നല്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. ദൈവരാജ്യം പ്രഘോഷിച്ച ക്രിസ്തു, യുഗാന്ത്യത്തിന്റെ ദിനത്തിലാണ് യഥാർത്ഥ നന്മതിന്മകളുടെ വേർതിരിവും  വിധിനിർണ്ണയവും നടക്കുകയെന്ന് വെളിവാക്കുന്നു. കർത്താവയയ്ക്കുന്ന കൊയ്ത്തുകാർ, ദൈവദൂതന്മാർ, നമ്മിൽ നല്ല ഗോതമ്പുചെടികളെയും ഫലങ്ങളെയും കണ്ടെത്തട്ടെ. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാം. തിന്മ പ്രവർത്തിക്കുന്നവരെ മാനുഷികവും, പരിധികൾ നിറഞ്ഞതുമായ നമ്മുടെ വിധിവാചകങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം അങ്ങനെയുള്ള വ്യക്തികളെയും ദൈവത്തിന് സമർപ്പിക്കാൻ നമുക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മയെപ്പേലെ, സഭയിലിന്നോളം നല്ല ഫലങ്ങൾ പുറപ്പെടുവിച്ച് മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ച വിശുദ്ധരെപ്പോലെ, ദൈവത്തിന് പ്രിയപ്പെട്ട മക്കളായി, വിശുദ്ധിയിൽ ജീവിക്കാൻ വേണ്ട അനുഗ്രഹത്തിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2023, 17:41