മണിപ്പൂർ: സ്ത്രീകൾക്കെതിരായ ഭീകരത -ഡെൽഹി അതിരൂപത മെത്രാൻ അപലപിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജൂലൈ പത്തൊമ്പതാം തിയതി മണിപ്പൂരിൽ നിന്നുള്ള രണ്ട് തദ്ദേശീയ സ്ത്രീകളെ ഒരു കൂട്ടം ജനങ്ങൾ നഗ്നരായി അണിനിരത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാങ്ങ്പോക്പി ജി ല്ലയിൽ മെയ് നാലിനായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ സംസ്ഥാന പോലിസ് അവിടെയുണ്ടായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണെന്നും ലോകം മുഴുവനും ഈ പ്രവർത്തിയെ അപലപിക്കുന്നുവെന്നും ഈ നിഷ്ഠൂരമായ പ്രവർത്തിയെക്കുറിച്ച് തങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ല എന്നും ഡൽഹി അതിരൂപതാ മെത്രാൻ അനിൽ ജോസഫ് ജൂലൈ 20ന് ദേശീയ തലസ്ഥാനത്ത് നടന്ന ഒരു അന്തർമത പ്രാർത്ഥന യോഗത്തിൽ പറഞ്ഞു.
തങ്ങൾ ഇവിടെ സമ്മേളിച്ചിരിക്കുന്നത് കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തങ്ങൾ ഇവിടെയുണ്ടെന്നും സംസ്ഥാനത്ത് സമാധാനം പുലരാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം എന്നും മെത്രാൻ ആഹ്വാനം ചെയ്തു. ഈ പ്രാർത്ഥന യോഗം സംഘടിപ്പിച്ചത് ഡൽഹി അതിരൂപതയുടെ എക്യുമെനിസനത്തിനും അന്തർമത സംവാദത്തിനുമായുള്ള കമ്മീഷനാണ്. മണിപ്പൂരിൽ നിന്നുള്ള 300 ൽ അധികം ആളുകൾ ഈ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തു എന്നാണ് യൂക്കാ ന്യൂസ് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ മെയ് ആദ്യം മുതൽ തുടങ്ങിയ അക്രമം ഇനിയും കെട്ടടങ്ങിയിട്ടില്ല. സർക്കാർ ജോലി, വിദ്യാഭ്യാസം, തദ്ദേശിയർക്ക് അനുകൂലമായ സംരംഭങ്ങൾ എന്നിവയ്ക്ക് മുൻഗണന ലഭിക്കാൻ സഹായിക്കുന്ന മെയ് തേയി ജനതയ്ക്ക് പ്രത്യേക ഗോത്ര പദവി നൽകാനുള്ള കോടതി നിർദേശത്തെ ചൊല്ലി വംശീയമായി കുക്കികളും ഭൂരിപക്ഷം വരുന്ന മെയ്തേയി ഹിന്ദുക്കളും പരസ്പരം പോരാടുകയാണ്.
കുക്കി വംശത്തിൽ ഉള്ളവർ മിക്കവാറും ക്രിസ്ത്യാനികളാണെങ്കിലും മെയ്തികളിലും ക്രിസ്ത്യാനികൾ ഉണ്ട്. വിഭാഗീയ അക്രമങ്ങളിൽ 150 ലധികം പേർ കൊല്ലപ്പെടുകയും 40,000 അധികം പേർ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെ ആരാധനാലയങ്ങലും അഗ്നിക്കിരയായി. ഈ ഭീകര സംഭവങ്ങളെ വടക്ക് കിഴക്കൻ ഇന്ത്യയുടെ ക്രൈസ്തവ ഐക്യ ഫോറം ജൂലൈ 20ന് നടത്തിയ പ്രസ്താവനയിൽ വീഡിയോയിൽ കാണുന്നത് ക്രൂരവും മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നാണ് അപലപിച്ചത്. ജൂലൈ 20ന് ഇന്ത്യയിലെ പരമോന്നത കോടതി സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ ജനക്കൂട്ടത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറൽ ആയതിനുശേഷം പ്രധാനമന്ത്രി മോദി ആദ്യമായി മൗനം വെടിഞ്ഞ് ഇത് ലജ്ജാകരമാണെന്ന് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: