തിരയുക

അനുതാപത്തിലേക്ക് ക്ഷണിച്ച് ക്രിസ്തു അനുതാപത്തിലേക്ക് ക്ഷണിച്ച് ക്രിസ്തു 

പശ്ചാത്താപത്തിലേക്കും അനുരഞ്ജനത്തിലേക്കും ക്ഷണിക്കുന്ന ക്രിസ്തു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ശ്ളീഹാക്കാലം ആറാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം അൻപത്തിയേഴു മുതൽ പതിമൂന്നാം അധ്യായം അഞ്ചുവരെ.
സുവിശേഷപരിചിന്തനം Luke 12, 57 - 13, 5 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ശത്രുവുമായി അനുരഞ്ജനപ്പെട്ട് സമാധാനം സ്ഥാപിക്കുക എന്ന ഒരു സന്ദേശമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം അൻപത്തിയേഴുമുതലുള്ള തിരുവചനങ്ങളിൽ കാണുന്നത്.  മനുഷ്യകുലത്തിന് ദൈവവുമായി അനുരഞ്ജനപ്പെടാനുള്ള സാധ്യത തുറക്കുവാനായി ഈ ഭൂമിയിലേക്ക് കടന്നുവന്ന ക്രിസ്തുവാണ് ഓരോരുത്തരും തങ്ങളുടെ പാപത്തെയും വീഴ്ചകളെയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്‌ത്, പശ്ചാത്താപത്തിലൂടെയും, അനുരഞ്ജനത്തിലൂടെയും തിരികെ സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരാൻ മനുഷ്യമക്കളെ ക്ഷണിക്കുന്നത്. സമയത്തിന്റെയും കാലത്തിന്റെയും അർത്ഥങ്ങളെയും അവയിലൂടെ ദൈവം വെളിവാക്കുന്ന സത്യങ്ങളെയും സന്ദേശങ്ങളെയും മനസ്സിലാക്കാനും, ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപ്പെടുത്താനുമുള്ള ഒരു വലിയ വിളിയെക്കുറിച്ചാണ് ഇന്ന് വചനം നമ്മോട് പറയുന്നത്.

ശത്രുവുമായി ഒത്തുതീർപ്പ്

ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം അൻപത്തിയേഴുമുതൽ അൻപത്തിയൊൻപത് വരെയുള്ള തിരുവചനങ്ങളിലൂടെ ഈശോ തന്നെ പിന്തുടരുന്ന ജനത്തെ പഠിപ്പിക്കുന്നത് ജീവിതത്തിൽ മനുഷ്യരുമായും ദൈവവുമായും സൗമ്യതയിലും സമാധാനത്തിലും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിന്റെ അഞ്ചാം അധ്യായം ഇരുപത്തിയഞ്ചും ഇരുപത്തിയാറും തിരുവചനങ്ങളിലും ഈശോയുടെ ഈ ഉദ്‌ബോധനം നാം വായിക്കുന്നുണ്ട്. നിന്റെ ശത്രുവിനോട്, പ്രതിയോഗിയോട് രമ്യതപ്പെട്ടുകൊള്ളുക. ജീവിതത്തിൽ സ്വന്തം കുറ്റങ്ങളും കുറവുകളും അംഗീകരിക്കാനും, അവ മൂലം മുറിവേൽപ്പിക്കപ്പെടുന്ന മനുഷ്യരോട് അനുരഞ്ജനപ്പെടാനും, തെറ്റുകൾ തിരുത്താനും തയ്യാറാവുക. സ്വന്തം പ്രവർത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും ഉത്തരവാദിത്വമുള്ള മനുഷ്യരായി ജീവിക്കുക. അതിലുപരി, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളലുകൾ വീഴാതെ വിശ്വാസജീവിതത്തിൽ മുന്നോട്ടുപോവുക. എന്നാൽ, വിശുദ്ധ ലൂക്കായുടെ തന്നെ സുവിശേഷം പതിനെട്ടാം അധ്യായത്തിന്റെ ആദ്യ വചനങ്ങളിൽ നാം കാണുന്ന വിധവയുടെയും ന്യായാധിപന്റെയും ഉപമയിലെ ന്യായാധിപനെപ്പോലെയാണ് നമ്മിൽ പലരും. ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത മനുഷ്യർ. വീഴ്ചകൾ മനുഷ്യസഹജമാണ്, എന്നാൽ അവ തിരിച്ചറിഞ്ഞ്, തിരുത്തുവാനും, പരിഹാരം ചെയ്യുവാനും തയ്യാറാകുന്നിടത്താണ് നാം യഥാർത്ഥ മാനവികമൂല്യങ്ങളുള്ള മനുഷ്യരായി മാറുക, ദൈവം സൃഷ്‌ടിച്ച, ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള, ദൈവികമായ ഗുണങ്ങളുളള മനുഷ്യരായി മാറുക. തിരികെ ഒന്നും ചെയ്യാൻ സാധിക്കാത്ത, സ്വന്തം അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിവില്ലാത്ത ആളുകളെ നിന്ദിക്കുകയും, സ്വാർത്ഥതാല്പര്യങ്ങൾക്കായി അവരെ ഉപയോഗിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സ്വന്തം കരബലത്താലും, അധികാരബലത്താലും, പിടിപാടുകളാലും മറ്റുള്ളവരെ അടിച്ചമർത്തി നിറുത്തുന്ന മനുഷ്യരുണ്ട്. എന്നാൽ അങ്ങനെയുള്ള മനുഷ്യരോടും യേശുവിന് പറയാനുള്ളത് ഒന്നുമാത്രമാണ്; നിങ്ങളുടെ വഴികൾ തിരുത്തുവാൻ തയ്യാറാവുക. തെറ്റുകൾക്ക് മാപ്പു ചോദിക്കാൻ, പരിഹാരം ചെയ്യാൻ, അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിലേക്ക് വരാൻ തയ്യാറാവുക. മാനുഷികതയുടെ നിയമങ്ങൾക്കും നീതിക്കും അപ്പുറത്തേക്ക് കടക്കുന്ന ദൈവികനീതിയിലേക്ക് വളരുവാൻ തയ്യാറാവുക. ദൈവത്തിന് മുൻപിൽ നിൽക്കുവാനായി മുന്നോട്ട് നയിക്കപ്പെടുമ്പോൾ, നമ്മുടെ കടങ്ങളും, പാപങ്ങളും, വീഴ്ചകളും, അന്യർക്കെതിരായി പ്രവർത്തിച്ച തിന്മകളും, നമ്മെ നിത്യരക്ഷയിൽനിന്നും നിത്യജീവിതത്തിൽനിന്നും അകറ്റുന്ന വിധത്തിലാകാൻ അനുവദിക്കാതിരിക്കുക. തെറ്റുകൾ തിരുത്തുന്നതിൽ താമസം വരുത്താതിരിക്കുക. ഈയൊരു സുവിശേഷവായനയുടെ അവസാനഭാഗത്ത് നാം എപ്പോഴും മനസ്സിൽ കാത്തുസൂക്ഷിക്കേണ്ട ഒരു വചനമാണ്. "അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്ന് പുറത്തുവരുകയില്ല എന്ന് ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്ക 12, 59). എത്രയധികം കഴിവും, സാമർത്ഥ്യവും ഉള്ളവരായിക്കൊള്ളട്ടെ, ദൈവമെന്ന യഥാർത്ഥ ന്യായാധിപനു മുൻപിൽ എല്ലാത്തിനും ഒരിക്കൽ കണക്കുകൾ കൊടുക്കേണ്ടിവരുമെന്ന ബോധ്യത്തിലാണ് നാം ജീവിക്കേണ്ടത്.

പശ്ചാത്താപത്തിനുള്ള വിളി

ലൂക്കയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള വചനങ്ങൾ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ്, അവയിലൂടെ ദൈവം നൽകുന്ന സന്ദേശം മനസ്സിലാക്കാനും, ദൈവത്തോട് അനുരഞ്ജനപ്പെടാനുമുള്ള ഒരു വിളിയാണ്. വിശുദ്ധ ലൂക്കാ മാത്രമാണ് പീലാത്തോസ് ഗലീലിക്കാരായ മനുഷ്യരെ കൊല്ലുന്ന സംഭവവും സീലോഹയിലെ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേർ കൊല്ലപ്പെടുന്ന സംഭവവും രേഖപ്പെടുത്തുന്നത് എന്ന ഒരു പ്രത്യേകതകൂടി ഈ സുവിശേഷഭാഗത്തിനുണ്ട്. ലോകത്ത് സംഭവിക്കുന്ന ഓരോ അപകടങ്ങളെയും, ചില മനുഷ്യർ നേരിടേണ്ടിവരുന്ന ദുരനുഭങ്ങളെയും, നിന്ദനങ്ങളെയുമൊക്കെ സ്വന്തം ഇഷ്ടപ്രകാരം വിശദീകരിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ചില ആളുകളുണ്ട്. യേശുവിന്റെ കാലത്തെ ചിന്താഗതിയിൽ, തങ്ങളുടെ ഭൂതകാലജീവിതത്തിലെയോ, തങ്ങളുടെ മാതാപിതാക്കളുടെയോ തെറ്റുകൾ മൂലമാണ് അംഗവൈകല്യങ്ങൾ ഉണ്ടാകുന്നതും, അപകടങ്ങൾ സംഭവിക്കുന്നതും എന്ന അന്ധവിശ്വാസം നിലനിന്നിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒൻപതാം അധ്യായം ആദ്യവചനങ്ങളിൽ കണ്ടുമുട്ടുന്ന അന്ധനായ ഒരു മനുഷ്യനെക്കുറിച്ച് യേശുവിന്റെ ശിഷ്യന്മാർ തന്നെ ഇതാണ് കരുതിയിരുന്നത് എന്ന് നാം കാണുന്നുണ്ട്. അവർ യേശുവിനോട് ചോദിക്കുന്നുണ്ട്; "റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ? (യോഹ. 9, 2). എന്നാൽ ഇത്തരം സംശയങ്ങളെയും വിശ്വാസരീതിയെയും ക്രിസ്തു നിശിതമായി ഖണ്ഡിക്കുന്നതാണ് ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം വായിക്കുന്നത്. മറ്റുളളവരേക്കാൾ കൂടുതൽ പാപികളായിരുന്നതിനാലല്ല, മറിച്ച് നമുക്കൊക്കെ ഒരു അടയാളമാകാൻ, ഒരു വിളിയാകാൻവേണ്ടിയാണ് ലോകത്ത് ചില കാര്യങ്ങൾ സംഭവിക്കുന്നത്. അനുതാപത്തിനുള്ള ഒരു വിളി, ജീവിതത്തിന്റെ ക്ഷണികതയിലേക്കും നിസ്സാരതയിലേക്കും കണ്ണുകൾ തുറന്ന് ജീവിക്കാനുള്ള ഒരോർമ്മപ്പെടുത്തൽ. സ്വജീവിതത്തിലെ തെറ്റുകളെ തിരിച്ചറിഞ്ഞ്, പശ്ചാത്താപത്തിലേക്കും, ദൈവവും മനുഷ്യരുമായുള്ള അനുരഞ്ജനത്തിലേക്കും കടന്നുവരാനുള്ള ഒരു വിളി. "പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും" (ലൂക്ക 13, 5) എന്ന ക്രിസ്തുവിന്റെ വാക്കുകൾ നമുക്കൊരിക്കലും മറക്കാതിരിക്കാം.

ക്രൈസ്തവജീവിതം

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് ജീവിതത്തിൽ സ്ഥാനം കൊടുത്ത്, ക്രൈസ്തവചൈതന്യത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾ സ്വീകരിച്ച്, സത്യത്തിന്റെയും, നീതിയുടെയും, നന്മയുടെയും പാതയിൽ ജീവിക്കുമ്പോഴാണ് ഒരുവൻ യഥാർത്ഥ ക്രൈസ്തവജീവിതത്തിന്റെ മാതൃക ലോകത്തിന് നൽകുക, ക്രിസ്തുസാക്ഷിയാകുക. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം പത്താം അധ്യായം ഇരുപത്തിമൂന്ന് മുതലുള്ള വാക്യങ്ങളിൽ കാണുന്നതുപോലെ, മറ്റുള്ളവർക്ക് നല്ല സാക്ഷ്യം നൽകി ജീവിക്കാൻ, അയൽക്കാരന്റെ നന്മ ആഗ്രഹിച്ച് ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട് (1 കൊറി 10, 23-31). മറ്റുള്ളവർക്ക് തകർച്ചയ്ക്കും ഇടർച്ചയ്ക്കും കാരണമാകാതെ, ശുദ്ധമായ മനഃസാക്ഷിയോടെ ജീവിക്കാൻ സാധിക്കണം. സ്വന്തം മനഃസാക്ഷിയനുസരിച്ച് ജീവിക്കുന്നത് എപ്പോഴും ശരിയാകണമെന്നില്ല. അതുകൊണ്ടുതന്നെയാണ് വിശുദ്ധ പൗലോസ് കോറിന്തോസുകാരെ ഓർമ്മിപ്പിക്കുന്നത്, "നിന്റെ മനഃസാക്ഷിയല്ല അവന്റേതാണ് ഞാൻ ഉദ്ദേശിക്കുന്നത്" (1 കൊറി 10, 29). ജീവിതത്തിലെ ഓരോ പ്രവൃത്തികളെയും വാക്കുകളെയും വിധികൽപ്പിക്കലുകളെയും ഒക്കെ, സുവിശേഷത്തിന്റെ വെളിച്ചത്തിൽ, യേശുവിന്റെ ഉദ്ബോധനങ്ങളുടെ അർത്ഥം മനസ്സിലാക്കി, ദൈവികമായ ഒരു വിലയിരുത്തലിന് വിധേയമാക്കാൻ നാം തയ്യാറാകണമെന്ന് ഇന്നത്തെ വിശുദ്ധഗ്രന്ഥവായനകളിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുകയാണ്. നിയമാവർത്തനപുസ്‌തകം നാലാം അധ്യായത്തിന്റെ ആദ്യവാക്യങ്ങളിൽ നാം വായിക്കുന്നതുപോലെ, കർത്താവു നൽകിയിരിക്കുന്ന നീതിയുക്തമായ ചട്ടങ്ങളും, നിയമങ്ങളും പാലിച്ച് (നിയമാവർത്തനം 4, 2-8) വിശ്വസ്തതയോടെ ജീവിച്ച്, ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കുന്ന, സഹോദരങ്ങൾക്കും, സമൂഹത്തിനും ലോകത്തിന് മുഴുവനും സന്മാതൃക പകരുന്ന വ്യക്തികളായി നമുക്ക് ജീവിക്കാം. ദൈവം നമ്മുടെ ജീവിതത്തിൽ നൽകുന്ന അടയാളങ്ങളും പ്രചോദനങ്ങളും മനസ്സിലാക്കി, യഥാർത്ഥ ന്യായാധിപനായ അവിടുത്തെ മുൻപിൽ നിർമ്മലമായ വികാരവിചാരങ്ങളോടെയും ഹൃദവിശുദ്ധിയോടെയും ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം. നമ്മുടെ ക്രൈസ്തവജീവിതവഴികളിൽ, ക്രിസ്തുവിന് പ്രിയപ്പെട്ടവരും സ്വീകാര്യരുമായി ജീവിക്കാൻ പരിശുദ്ധ അമ്മയുടെ മാതൃസഹായവും മാധ്യസ്ഥ്യവും തേടാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂലൈ 2023, 14:06