സമാധാനത്തിനുള്ള ആഹ്വാനവുമായി കർദിനാൾ സൂപ്പി വൈറ്റ് ഹൗസിൽ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഉക്രെയ്‌നിന് സമാധാനത്തിന്റെ വഴികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ അയച്ച ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പിയെ ജൂലൈ മാസം പതിനെട്ടാം തീയതി പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്ക് വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിക്കുകയും ഏകദേശം രണ്ടു മണിക്കൂറോളം സംഭാഷണം നടത്തുകയും ചെയ്തു.
റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ ഉക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും, അതിനുള്ള സഹായാഭ്യർത്ഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കൻ സർക്കാർ ഇറക്കിയ പത്ര കുറിപ്പിൽ ഫ്രാൻസിസ് പാപ്പായുടെ ശുശ്രൂഷയ്ക്കും, സമാധാനശ്രമങ്ങൾക്കും പ്രത്യേകമായ നന്ദി പ്രകടിപ്പിക്കുന്നതായും,ഒരു ആർച്ചുബിഷപ്പിനെ കൂടി പുതിയതായി കർദിനാളായി നിയമിച്ചതിലുള്ള സന്തോഷം അറിയിക്കുന്നതായും പറഞ്ഞു.
ഉക്രെയ്നിലെ റഷ്യയുടെ തുടർച്ചയായ ആക്രമണം മൂലമുണ്ടാകുന്ന വ്യാപകമായ ദുരിതങ്ങൾ പരിഹരിക്കുന്നതിന് മാനുഷിക സഹായം നൽകാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും, നാട്ടിലേക്ക് ഉക്രൈൻ ജനതയ്ക്ക് മടങ്ങി വരുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെ പറ്റിയും ഇരുവരും ദീർഘനേരം സംസാരിച്ചു.
പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ചതിനു പുറമെ കർദിനാൾ സൂപ്പി യു.എസ് പാർലമെന്റംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യാപിറ്റോൾ ഹില്ലിലും സന്ദർശനം നടത്തുകയും ഉന്നതരുമായി ചർച്ചകൾ നടത്തുകയും ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: