തിരയുക

കർദിനാൾ ബ്ലേസ്‌ കുപ്പിച്ച് ഉക്രൈൻ സന്ദർശനവേളയിൽ കർദിനാൾ ബ്ലേസ്‌ കുപ്പിച്ച് ഉക്രൈൻ സന്ദർശനവേളയിൽ   (Copyright: Ukrainian Greek Catholic Church - UGCC)

ഉക്രേനിയൻ ജനതയുടെ നിശ്ചയദാർഢ്യം അഭിനന്ദനാർഹം: കർദിനാൾ കുപ്പിച്ച്

റഷ്യൻ ആക്രമണത്തിൽ തകർന്ന ഉക്രേനിയൻ ജനതയെ ചിക്കാഗോ അതിരൂപതയുടെ അധ്യക്ഷൻ കർദിനാൾ ബ്ലേസ്‌ കുപ്പിച്ച് സന്ദർശിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

യുദ്ധത്തിൽ വിഷമമനുഭവിക്കുന്ന ഉക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിക്കാഗോ അതിരൂപതയുടെ അധ്യക്ഷൻ കർദിനാൾ ബ്ലേസ്‌ കുപ്പിച്ച് ഉക്രൈനിലെ വിവിധ നഗരങ്ങൾ സന്ദർശിച്ചു ആളുകളുമായി ആശയ വിനിമയം നടത്തി. ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക്ക സഭയുടെ  തലവനായ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെയും കീവിൽ കർദിനാൾ സന്ദർശിച്ചു. കീവിനു പുറമെ ഇർപ്പിൻ, ബുക്ക എന്നീ നഗരങ്ങളിലേക്കും  കർദിനാൾ  കടന്നുചെന്നു.

ഉക്രേനിയൻ തലസ്ഥാനം സന്ദർശിച്ചതിനു ശേഷം റഷ്യൻ ഭീകരതയിൽ ഭയക്കാതെ ഒന്നിച്ചു നിൽക്കുന്ന ഉക്രേനിയൻ ജനതയുടെ നിശ്ചയദാർഢ്യത്തെ കർദിനാൾ അഭിനന്ദിക്കുകയും, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുവാൻ അവർ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ മാർഗങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ എപ്രകാരം യുദ്ധാനന്തരം സംജാതമായ മാനസിക പിരിമുറുക്കങ്ങളെ തരണം ചെയ്യുവാൻ മനഃശാസ്ത്രജ്ഞരുമായി  ചേർന്ന്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സാധിക്കുമെന്ന് ചർച്ച ചെയ്തു.ഉക്രൈനിൽ ഈ നാളുകളിലെല്ലാം അക്ഷീണം പലവിധമായ പരിശ്രമങ്ങൾ  ചെയ്യുന്ന കാരിത്താസ് സംഘടനയുടെ അംഗങ്ങളെയും, പട്ടാളക്കാരുടെ ആത്മീയകാര്യങ്ങൾക്ക് നേതൃത്വം നല്കുന്നവരെയും സന്ദർശിക്കുകയും, അവരുമായി സംവദിക്കുകയും ചെയ്തു. 

കർദിനാൾ ബ്ലേസ്‌ കുപ്പിച്ചിന്റെ സന്ദർശനം  ഉക്രേനിയൻ ജനതയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നല്ല ഫലങ്ങൾ ഉണ്ടാക്കുന്നതിനുള്ള വഴികൾ തുറക്കുമെന്ന് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്‌ചുക്ക് അഭിപ്രായപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2023, 13:16