കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്: സന്തെജീദിയോ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലെബനോനിൽനിന്ന് 25 സിറിയൻ അഭയാർത്ഥികൾ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയതായി സന്തെജീദിയോ സംഘടന അറിയിച്ചു. വടക്കൻ ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദീർഘനാളുകളായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന സിറിയക്കാരാണ് റോമിലേക്ക് എത്തിയത്.
2016 മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശ കാര്യമന്ത്രാലയങ്ങളുമായി സന്തെജീദിയോ സംഘാടനം, ഇറ്റലിയിലെ ഇവാഞ്ചെലിക്കൽ സഭകളുടെ കൂട്ടായ്മ, വാൽദേസെ സമൂഹം എന്നിവർ ചേർന്ന് നടത്തിയ കരാർ പ്രകാരം നടപ്പിലാക്കിയ മാനവികഇടനാഴികളിലൂടെയാണ് ഇറ്റലിയിലേക്കുള്ള സിറിയൻ അഭയാർഥികളുടെ പ്രവേശനം സാധ്യമായത്.
ലെബനോനിൽനിന്ന് മാത്രം ഇതുവരെ 2544 അഭയാർത്ഥികളെയാണ് മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലെത്തിച്ചത്. യൂറോപ്പിലേക്ക് മാനവിക ഇടനാഴികൾ വഴി എത്തിയ മൊത്തം എണ്ണം 6300 ആണ്. നിലവിൽ ഇറ്റലിയിൽ എത്തിയിരിക്കുന്ന അഭയാർത്ഥികളെ, വിവിധ അസോസിയേഷനുകളുടെയും, അഭയാർഥികളുടെ ബന്ധുക്കളുടെയും സഹകരണത്തോടെ, ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ താമസിപ്പിക്കുവാനാണ് തീരുമാനം. പിന്നീട് ഇവരെ സമൂഹത്തിൽ പടിപടിയായി സംയോജിപ്പിക്കുകയാണ് ലക്ഷ്യം. സന്തെജീദിയോ സംഘടനയും വാൽദേസെ സമൂഹവും ചേർന്നാണ് മാനവിക ഇടനാഴികൾ വഴിയുള്ള കുടിയേറ്റത്തിന് ധനസഹായമെത്തിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: