ദൈവദാസി എലീസ മർത്തീനെസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവദാസി എലീസ മർത്തീനെസ് ജൂൺ 25-ന്, ഞായറാഴ്ച, വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.
ലെവൂക്കയിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകയായ ദൈവദാസി എലീസ മർത്തീനെസിൻറെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം തെക്കുകിഴക്കെ ഇറ്റലിയിലെ പൂല്യ പ്രദേശത്തെ, സാന്ത മരീയ ദെ ലെവുക്ക എന്ന സ്ഥലത്തെ ചെറുബസിലിക്കയായ “സാന്ത മരിയ ദെ ഫിനീബുസ് തേറെ”യിൽ (Santa Maria de Finibus Terrae) ആയിരിക്കും.
ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആയിരിക്കും വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മത്തിൽ മുഖ്യ കാർമ്മികൻ.
“സകലതും ദൈവത്തിൻറെ പ്രവർത്തിയാണ്, എൻറേതല്ല” എന്ന് ആവർത്തിച്ചുകൊണ്ട് കുട്ടികളും നിസ്സഹായരുമായവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ദൈവദാസി എലീസ മർത്തീനെസിൻറെ ജനനം 1905 മാർച്ച് 25-ന് തെക്കെ ഇറ്റലിയിലെ ലേച്ചെ പ്രവിശ്യയിലെ ഗലത്തീനയിൽ ആണ്. നല്ല ഇടയൻറെ ഉപവിയുടെ നാഥയുടെ നാമത്തിലുള്ള സന്ന്യാസിനീ സമൂഹത്തിൽ ചേർന്ന അവൾ 1928 സെപ്റ്റംബർ 29-ന് സന്ന്യാസവസ്ത്രം സ്വീകരിച്ചു.ലുചീയ എന്ന പേരുസ്വീകരിച്ച അവൾക്ക് അനാരോഗ്യം മൂലം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു.
എന്നാൽ പിന്നീട് 1938 മാർച്ച് 25-ന് മിജ്ജാനൊ ഇടവക വികാരിയായ വൈദികൻ ലൂയീജിയുടെയും ഉജേന്തൊ രൂപതയുടെ മെത്രാൻ ജുസേപ്പെ റുവോത്തൊളൊയുടെയും സഹായത്തോടെ എലീസ മർത്തീനെസ് സ്ത്രീകളുടെ ഒരു ഭക്ത സംഘടനയ്ക്ക് തുടക്കം കുറിച്ചു. അമലോത്ഭവത്തിൻറെ സഹോദരികളുടെ ഭക്ത സഖ്യം എന്നതായിരുന്നു ഇതിൻറെ പേര്. 1941 ആഗസ്റ്റ് 15-ന് ഇതിന് രൂപതാതല അംഗീകാരം ലഭിക്കുകയും ഇതിൻറെ പേര് ലെവൂക്കയിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികളായ സഹോദരികൾ എന്നാക്കി മാറ്റുകയും ചെയ്തു. ഏറെ പ്രതികൂല സഹചര്യങ്ങളെയും ആരോപണങ്ങളെയും നേരിടേണ്ടി വന്ന ദൈവദാസി എലീസ 1991 ഫെബ്രുവരി 8-ന് റോമിൽ വച്ച് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: