ഇന്നത്തെ ലോകത്തിൽ ഉത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നവർ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഈശോയിൽ ഏറെ സ്നേഹം നിറഞ്ഞവരെ,
നമ്മുടെ കർത്താവായ യേശുമിശിഹായുടെ ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കട്ടെ!
ആത്മീയമായ ഒരുക്കത്തിന്റെയും, പ്രായശ്ചിത്തത്തിന്റെ അനുതാപ വഴികളുടെയും മധ്യത്തിൽ ഒരിക്കൽക്കൂടി നാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാളിൽ പങ്കുകൊള്ളുകയാണ്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുവിന്റെ ഉത്ഥാനം,ഒരു നിമിഷാർദ്ധത്തിൽ സംഭവിച്ച ഒരു അത്ഭുതമായിരുന്നില്ല മറിച്ച്. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാം തിരുവചനത്തിൽ എടുത്തുപറയുന്നതുപോലെ, തന്നിൽ വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി ലോകത്തെ അധികമായി സ്നേഹിച്ച പിതാവായ ദൈവത്തിന്റെ കരുണയുടെ മൂർത്തീമത്ഭാവമായിരുന്നു യേശുവിന്റെ ഉത്ഥാനം. ദൈവമായിരുന്നിട്ടും, ദൈവീകമായ സമാനതകൾ വേണ്ട എന്ന് വച്ച് കൊണ്ട്, ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട്, പാപത്തിന്റെ ഫലമായ മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുവാൻ, ഈ ലോകത്തിന്റെ അധിപനായിരുന്നിട്ടും, ആറടിമണ്ണിൽ അന്തിയുറങ്ങുവാൻ സ്ഥലം വേണ്ടായെന്നു വച്ചുകൊണ്ട് സ്വർഗ്ഗത്തിനും, ഭൂമിക്കും മധ്യത്തിൽ ഉയർത്തപ്പെട്ട കുരിശിൽ മൂന്നാണികളിൽ മരണം വരിച്ചവൻ, അവനിലൂടെ നമുക്ക് നൽകപ്പെട്ട നിത്യരക്ഷയുടെ അടയാളമാണ് ഉത്ഥാനം.
തപസിന്റെയും, പ്രായശ്ചിത്തത്തിന്റെയും യാത്രയിലൂടെ നടന്നു നീങ്ങിയ നമുക്ക് ക്രിസ്തുവിന്റെ ഉത്ഥാനം ആഹ്ലാദത്തിന്റെ പ്രഖ്യാപനമായി മാറണം. ഇന്ന് വചനത്തിൽ നാം ശ്രവിച്ചതുപോലെ അവന്റെ കല്ലറയിങ്കലേക്ക് ഓടിച്ചെന്ന്, അവന്റെ ഉത്ഥാനം ഈ ലോകത്തോട് വിളിച്ചു പറഞ്ഞവരെ പോലെ രണ്ടായിരം വർഷങ്ങൾക്കു ശേഷവും അതേ അനുഭവം നമുക്കും സംജാതമാകണമെങ്കിൽ അവനോട് ചേർന്ന് നിന്നുകൊണ്ട് ജീവിക്കുവാനുള്ള കടമ നാം മറന്നു പോകരുത്. ഉത്ഥാനത്തിരുനാൾ നമുക്ക് നൽകുന്ന സന്ദേശവും ഇത് തന്നെയാണ്.ക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റതുപോലെ എന്നും ജീവിക്കുന്ന ക്രിസ്തുവിനു സാക്ഷികളായി നാം മാറുമ്പോഴാണ് യഥാർത്ഥ ഉത്ഥാനത്തിരുനാളിന്റെ അർത്ഥം നമുക്ക് കൈവരിക്കുവാൻ സാധിക്കുക.
പഴയനിയമ പാരമ്പര്യമനുസരിച്ച്, കുഞ്ഞാടിന്റെ ബലിസമർപ്പണത്തോടെ ആഘോഷിക്കപ്പെടുന്ന പെസഹാ, തന്റെ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിടുതലിന്റെ യഥാർത്ഥ സ്മരണയായിരുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പുതിയ നിയമത്തിലെ പെസഹാ എന്നത് വിശുദ്ധ യോഹന്നാൻ കാട്ടിത്തന്ന 'ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' ആയി ക്രിസ്തു തന്നെത്തന്നെ ചെറുതാക്കുന്ന പ്രജാപതിയാഗത്തിന്റെ ത്യാഗസ്മരണയാണ്. തന്റെ ജീവത്യാഗത്താൽ ഒരു കടന്നുപോകലിനു അവൻ കാരണമാകുന്നു. അടിമത്തത്തിന്റെയും, അന്ധകാരത്തിന്റെയും, പാപത്തിന്റെയും, തത്ഫലമായി മരണത്തിന്റെയും നിഴലിൽനിന്നും മനുഷ്യരാശിയെ മുഴുവൻ മോചിപ്പിച്ച ദൈവീക സ്നേഹത്തിന്റെ ആത്മീയ സമർപ്പണം. തന്റെ പിതാവിന്റെ ഹിതം ഈ ഭൂമിയിൽ നിറവേറ്റുവാൻ മനുഷ്യനായി ഈ ഭൂമിയിൽ ജന്മമെടുത്ത ക്രിസ്തു, മനുഷ്യത്വത്തിന്റെ മാനുഷികഭാവത്തിൽ മനുഷ്യമക്കളോടൊപ്പം നടന്നതും ഉത്ഥാനത്തിന്റെ നിത്യതയിലേക്ക് അവനെ കൈപിടിച്ച് നടത്തുന്നതിനുവേണ്ടിയായിരുന്നു.
അതിനാൽ കൂടെ നടന്നവൻ ഉത്ഥാനത്തിന്റെ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്നത് ഉൾക്കൊള്ളുവാൻ ഈ ഈസ്റ്റർ ദിനം നമ്മെ സഹായിക്കണം. അന്ത്യ അത്താഴ വേളയിൽ തന്റെ സഹോദരങ്ങൾക്ക് അപ്പം പങ്കുവച്ചുകൊടുത്തുകൊണ്ട്, ഇത് എന്റെ ശരീരമാകുന്നു നിങ്ങൾ ഇത് ഭക്ഷിക്കുവിൻ എന്ന് പറഞ്ഞതും, പാനപാത്രം നീട്ടികൊണ്ട് എന്റെ രക്തത്തിൽ നിന്നും നിങ്ങൾ പാനം ചെയ്യുവിൻ എന്ന കർത്താവിന്റെ വാക്കുകൾ പൂർത്തീകരിക്കപ്പെട്ടത്, കുരിശിലെ ബലിയിൽ തന്റെ ജീവൻ പിതാവിന്റെ കൈകളിൽ സമർപ്പിച്ചുകൊണ്ടായിരുന്നു. ' പിതാവേ നിന്റെ കൈകളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു' എന്ന ക്രിസ്തുവിന്റെ അവസാനവാക്കുകൾക്ക് പിതാവായ ദൈവം അവനിലൂടെ മനുഷ്യവർഗത്തിനും, ലോകത്തിനു മുഴുവനുമായി നൽകിയ സമ്മാനമാണ് നിത്യജീവന്റെ രഹസ്യമുൾക്കൊള്ളുന്ന ഉത്ഥാന അനുഭവം. അതിനാൽ ആധികാരികമായ ഒരു ഓർമ്മയായി ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ ജീവിതത്തിൽ നാം ഉൾക്കൊള്ളുകയും , നമ്മുടെ സഹോദരങ്ങൾക്കു ഈ അനുഭവം പങ്കുവയ്ക്കുകയും വേണം.
ഉത്ഥാനത്തിരുനാളിൽ, മനുഷ്യനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും ഐക്യദാർഢ്യവും എല്ലാറ്റിനുമുപരിയായി വെളിപ്പെടുന്നു. ഈ വീക്ഷണത്തിൽ ജീവിക്കുന്ന ഓരോ അസ്തിത്വവും ഉത്ഥാനത്തിരുനാളിന്റെ അടയാളവും പ്രതീകവുമാകുന്നു. അതിനാൽ, ഒരു പുതിയ ലോകത്തിന്റെ പിറവി, പഴയ മനുഷ്യനിൽ നിന്ന് പുതിയ മനുഷ്യനിലേക്കുള്ള മാനസാന്തരം ആഘോഷിക്കുന്ന വിരുന്നാണ് ഈസ്റ്റർ. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിൽ സന്തോഷിക്കാനും, ആ സന്തോഷം ശിഷ്യന്മാരെ പോലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമായി കർത്താവ് നമുക്കായി ഒരുക്കിയ മഹത്തായ ദിവസമാണിത്. ക്രൈസ്തവ വസന്തത്തിന്റെ ആരംഭം എന്നും ഈ ദിവസത്തെ നമുക്ക് വിശേഷിപ്പിക്കാം. പാപം മൂലം കൈവന്ന മരണത്തെ ജയിച്ച് ദൈവവും മനുഷ്യരും തമ്മിലുള്ള പുതിയ ഉടമ്പടിയായ സ്നേഹം പുനഃസ്ഥാപിക്കുന്ന ദിനമാണിത്. വിശുദ്ധ പത്രോസിന്റെ ലേഖനത്തിൽ നാം വായിക്കുന്നതുപോലെ, നിത്യജീവനിൽ പങ്കാളികളാകുന്ന നാം തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയപുരോഹിതവർഗവും, വിശുദ്ധ ജനതയും, അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുതകരമായ വെളിച്ചത്തിലേക്ക് നമ്മെ വിളിച്ചവന്റെ അത്ഭുതകരമായ പ്രവൃത്തികൾ പ്രഖ്യാപിക്കാൻ ദൈവം സ്വായത്തമാക്കിയ ആളുകൾ എന്ന നിലകളിലേക്ക് ഉയർത്തപ്പെടുന്ന മഹാദിനം.(1 പത്രോ2,9)
പ്രിയ സഹോദരങ്ങളെ ,നമ്മുടെ ഉള്ളിൽ, ജ്ഞാനസ്നാനത്തിലൂടെ വിതയ്ക്കപ്പെട്ട പുനരുത്ഥാനത്തിന്റെയും അമർത്യതയുടെയും വിത്തുകളെ പറ്റി ഒരിക്കൽക്കൂടി ബോധവാന്മാരാകുവാനുള്ള സമയം കൂടിയാണ് യേശുവിന്റെ ഉത്ഥാന തിരുനാൾ. പാപം മൂലം ഈ വിത്തുകൾ നശിക്കാതിരിക്കുവാൻ ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്ന് നിന്നുകൊണ്ട് ജീവന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കണം. തുറന്നതും ശൂന്യവുമായ ഒരു കുഴിമാടത്തിന്റെ പരിശോധനയല്ല ഉത്ഥാനത്തിരുനാളിന്റെ അടിസ്ഥാനം മറിച്ച് വിശ്വാസത്തിന്റെ ബോധ്യത്തിൽ ഉയിർത്തെഴുന്നേറ്റ കർത്താവുമായുള്ള കണ്ടുമുട്ടലിൽ ഉരുത്തിരിയുന്ന ജീവിത സാക്ഷ്യമാണ്. മരണത്തിന്മേലുള്ള വിജയത്തോടെ, വിശുദ്ധ തിരുവെഴുത്തുകളിൽ പ്രവാചകന്മാർ സാക്ഷ്യപ്പെടുത്തിയ കാര്യങ്ങൾ പൂർത്തിയാക്കിയ ക്രിസ്തുവിന്റെ ശിഷ്യരായി ഈ ലോകത്തിൽ നാം മാറുമ്പോഴാണ് വിശുദ്ധ പൗലോസ് ശ്ലീഹായെ പോലെ ഇനി ഞാനല്ല ജീവിക്കുന്നത് മറിച്ച് ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നതെന്ന് ബോധ്യത്തോടെ പറയുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
ഇന്നത്തെ രണ്ടാം വായനയിൽ, എപ്രകാരമാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച നമ്മുടെ ജീവിതങ്ങൾ പരിവർത്തനം ചെയ്യപ്പെടേണ്ടതെന്ന് പൗലോസ് അപ്പസ്തോലൻ പറഞ്ഞുതരുന്നുണ്ട്."മുകളിലുള്ള കാര്യങ്ങൾ അന്വേഷിക്കുക" എന്ന അദ്ദേഹത്തിന്റെ ക്ഷണം ചരിത്രത്തിൽ നിന്ന് രക്ഷപ്പെടുക എന്നല്ല, മറിച്ച് ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഇരിക്കുന്ന രാജ്യത്തിലേക്ക് ഒരുവന്റെ നോട്ടം ഉറപ്പിക്കുക എന്നതാണ്. ഈ ഒരു കാഴ്ച്ച നമുക്ക് സംലഭ്യമാകുന്നത്, മാമ്മോദീസ വേളയിൽ നാം സ്വീകരിച്ച പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ നാം ജീവിക്കുമ്പോഴും, മിശിഹായുടെ പെസഹാരഹസ്യങ്ങളിൽ വിശ്വാസത്തോടെ പങ്കുചേരുമ്പോഴുമാണ്. അല്ലെങ്കിൽ ഇന്നും മരിച്ചവരുടെയിടയിൽ ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെ തിരയുന്ന ആത്മീയ അന്ധത ബാധിച്ചവരായി നാം മാറ്റിനിർത്തപ്പെടും. ഇന്ന് നാം നമ്മുടെ സഹോദരങ്ങൾക്ക് ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ നേരുമ്പോൾ, ഉത്ഥിതനായ ക്രിസ്തു മറ്റുള്ളവരിൽ രൂപപ്പെടുവാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും, അവരെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും ചെയ്യുക.
നമ്മുടെ ഉദ്ദേശ്യങ്ങളിൽ, യേശു നമ്മുടെ ലക്ഷ്യമാകട്ടെ; ദൈവീകമായ സ്നേഹത്താൽ സ്നേഹത്തിൽ, നമ്മുടെ സ്നേഹം പൊതിയപ്പെടട്ടെ ; നമ്മുടെ വാക്കുകളിൽ, ദൈവീകമായ പ്രചോദനം ഉൾച്ചേരട്ടെ; നമ്മുടെ പ്രവർത്തനങ്ങളിൽ, ക്രിസ്തുവിന്റെ മാതൃക മറ്റുള്ളവരിൽ പ്രത്യാശയുണർത്തട്ടെ". തീർച്ചയായും, ക്രിസ്തുവിന് വേണ്ടത് ആരാധകരെയല്ല, മറിച്ച് ശിഷ്യന്മാരെയാണ്.
ഒരിക്കൽ കൂടി ഈസ്റ്റർ ആശംസകൾ നേരട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: