വർത്തമാനകാല രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന നടത്തി !
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇന്നത്തെ കാലഘട്ടത്തിൽ സുവിശേഷത്തിനായും, സുവിശേഷ മൂല്യങ്ങൾക്കായും രക്തസാക്ഷിത്വം വരിക്കുകയും, പീഡനങ്ങളേൽക്കുകയും ചെയ്യുന്ന സഹോദരങ്ങളെ സ്മരിച്ചുകൊണ്ട് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവരെ ദേവാലയത്തിൽ ഏപ്രിൽ മൂന്നാം തീയതി ഇറ്റാലിയൻ സമയം വൈകുന്നേരം ആറു മുപ്പതിന് പ്രത്യേക പ്രാർത്ഥന കൂട്ടായ്മ നടന്നു. വൈദികർക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാസറൂസ് യു ഹോംഗ് സിക് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വിവിധ മത, സാമുദായിക അംഗങ്ങൾ പ്രാർത്ഥനയിൽ പങ്കുചേർന്നു.
പ്രാർത്ഥനാവേളയിൽ ഇരുപതാം നൂറ്റാണ്ടിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രക്തസാക്ഷിത്വം വരിച്ച ആളുകളുടെ പേരുകൾ എടുത്തു പറഞ്ഞു. പാവപ്പെട്ടവരുടെയും, അശരണരുടെയും ഉന്നമനത്തിനായി അക്ഷീണം പരിശ്രമിക്കുകയും,വിവിധ രാജ്യങ്ങളിൽ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സാന്ത്.എജിദിയോ സമൂഹമാണ് ഈ പ്രാർത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചത്. "ഇന്ന്, 21-ാം നൂറ്റാണ്ടിൽ, നമ്മുടെ സഭ രക്തസാക്ഷികളുടെ സഭയാണ്" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ടാണ് സാന്ത്.എജിദിയോ സമൂഹം ഇത്തരമൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്.
ലോകത്ത് ഇന്ന് ധാരാളം സ്ഥലങ്ങളിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും, അക്രമത്തിന്റെയും അഴിമതിയുടെയും ഭീകരതയുടെയും ഇരകളാക്കപ്പെട്ടുകൊണ്ട് ജീവിതസ്വാതന്ത്ര്യം പോലും അന്യമാക്കപ്പെടുകയും ചെയുന്ന ധാരാളം ക്രിസ്ത്യാനികളുണ്ട്. വിശുദ്ധകുർബാനയ്ക്ക് പോയതിന്റെ പേരിൽ കൊല്ലപ്പെടുകയും,ക്രിസ്ത്യാനി എന്ന നാമധേയത്തിൽ പേരിൽ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്യുന്ന പള്ളികളും സ്കൂളുകളുമെല്ലാം ഈ കാലഘട്ടത്തിൽ രക്തസാക്ഷിത്വത്തിന്റെ ഉദാഹരണങ്ങളാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: