ജോൺ പോൾ രണ്ടാമൻ പാപ്പയെ അനുസ്മരിച്ച് പോളണ്ട്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വി. ജോൺ പോൾ രണ്ടാമന്റെ 18ആം ചരമ വാർഷികത്തിൽ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കാനും ആ വ്യക്തിത്വത്തിനെതിരെ രാജ്യത്തെ ചില സംസ്കാരിക, രാഷ്ട്രീയ വിഭാഗങ്ങൾ നടത്തിയ അക്രമണത്തോടു പ്രതികരിക്കുന്നതിനുമായാണ് പോളണ്ടിലെ വിവിധ നഗരങ്ങളിൽ ഞായറാഴ്ച നിരവധി പദയാത്രകളും സമ്മേളനങ്ങളും നടന്നത്. വർസോയിൽ നടന്ന ഏറ്റവും വലിയ പ്രകടനത്തിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. ക്രക്കോവിയയിലും മറ്റു നഗരങ്ങളിലും നടന്ന സമ്മേളനങ്ങളിലും പ്രാർത്ഥനാ ജാഗരണങ്ങളിലും പ്രായഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുകയും ചെയ്തു.
സഭയ്ക്കും ലോകത്തിനു മുഴുവനുമുള്ള സമ്മാനം
സാർവ്വത്രിക സഭയ്ക്കും പോളണ്ടിനും വേണ്ടി ജോൺ പോൾ രണ്ടാമൻ ചെയ്ത കാര്യങ്ങളെ ഇന്ന് നിസ്സാരവൽക്കരിക്കാനും, നിശബ്ദമാക്കാനും, പരിഹസിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നത് അടിവരയിട്ടു കൊണ്ട് പോളണ്ടിലെ മെത്രാൻ സമിതിയുടെ വെബ്ബ് സൈറ്റിൽ മെത്രാൻ സമിതിയുടെ വക്താവായ ഫാ. ലെസ്സെക് ഗസിയാക് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ജോൺ പോൾ രണ്ടാമന്റെ കാലത്ത് വളർന്ന് പക്വത പ്രാപിച്ച തങ്ങളെ പോലുള്ളവർക്ക് പോളണ്ടുകാരനായ പാപ്പാ തന്റെ മാതൃരാജ്യമായ പോളണ്ടിന് തങ്ങൾ സാക്ഷ്യം വഹിച്ച അതിന്റെ പ്രയാസകരമായ ചരിത്ര നിമിഷങ്ങളിൽ ചെയ്ത കാര്യങ്ങളെ നിസ്സാരവൽക്കരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല എന്ന് അറിയിച്ചു.
പോളണ്ടിലേയും ലോകം മുഴുവനുമുള്ള സഭയ്ക്കുമായി അദ്ദേഹം ചെയ്തതിന്റെ ഓർമ്മയും അതേപോലെ തന്നെ നമ്മൾ നേടിയെടുത്തതും ഇനിയും കണ്ടെത്തേണ്ടതുമായ അതിബൃഹത്തായ പൈതൃകത്തെക്കുറിച്ചുള്ള അവബോധവും എല്ലാ ഏപ്രിൽ രണ്ടിനും 21.37ന് അദ്ദേഹമെന്ന ദാനത്തിന് ദൈവത്തിന് നന്ദി പറയാനുള്ള പ്രത്യേക നിമിഷമായി നിലനിൽക്കണം എന്നത് ഉറപ്പാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വ്യക്തിത്വം മാനവികതയ്ക്ക് നൽകിയതും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ പകർന്നു നൽകിയതുമായ നന്മകൾ മാനിക്കാതിരിക്കാൻ കഴിയില്ലയെന്ന് അദ്ദേഹം തുടർന്നു. അതിനാൽ ജോൺ പോൾ രണ്ടാമൻ മാനവരാശിക്ക് നൽകിയ നന്മകൾ നശിപ്പിക്കാനോ റദ്ദാക്കുവാനോ തങ്ങൾ അനുവദിക്കില്ല എന്നും മെത്രാൻ സമിതിയുടെ വക്താവ് കൂട്ടിച്ചേർത്തു.
വിധ്വംസന പ്രവർത്തനങ്ങൾ
ജോൺ പോൾ രണ്ടാമന്റെ ചരമവാർഷികം ഈ വർഷം ചില നശീകരണ പ്രവർത്തനങ്ങൾക്കും അവസരമായി. ക്രക്കോവിലെ ആർച്ച് ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹം സഭയിലെ ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ടു എന്നാരോപിക്കുന്നവരാണ് അതിന് മുൻകൈ എടുത്തത്. ബ്രെസ്ലാവിയയിൽ ജോൺ പോൾ രണ്ടാമന്റെ ചിത്രം വികൃതമാക്കുകയും മധ്യ പോളണ്ടിലെ വൂച്ചിൽ കത്തീഡ്രലിനു മുന്നിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്മാരകം നശിപ്പിക്കപ്പെടുകയും ചെയ്തു. നാശനഷ്ടങ്ങൾ വരുത്തിയവർക്കായി പ്രാർത്ഥിക്കുകയും ഇത്തരം പ്രവർത്തനങ്ങളെ പോളണ്ടിലെ സഭ അപലപിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: