നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മംഗളവാർത്താ ഡൊമിനിക്കൻ സന്യാസിനി സഭയുടെ (Dominican Congregation of Annuniciation) കോസ്റ്റാറിക്കക്കാരായ സന്യാസിനികളായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ നിക്കരാഗ്വയിൽ നിന്ന് ഏപ്രിൽ 12 ബുധനാഴ്ച പുറത്താക്കി. ലാ ഫൌണ്ടസിയോൺ കൊളേജോ സുസാന്നാ ലോപസ് കറാത്സോ വൃദ്ധസദനത്തിൽ ജോലി നോക്കുകയായിരുന്നു സന്യാസിനികൾ. 1958ൽ റിവാസ് ഹൗസിന്റെ ചുമതലയാണ് ഇതിനു മുമ്പ് ഈ സന്യാസിനികൾ വഹിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കോസ്റ്റാറിക്കയിലെത്തിയത്.
ട്രാപ്പിസ്റ്റ് സന്യാസിനികളുടെ മഠം കണ്ടുകെട്ടി
ഏപ്രിൽ 11 ന്, നിക്കാരഗ്വൻ സർക്കാർ ചോണ്ടലെസിലെ സാൻ പെഡ്രോ ദി ലോവാഗോയിൽ സ്ഥിതിചെയ്യുന്ന ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം പിടിച്ചെടുക്കുകയും അത് നിക്കരാഗ്വ Institute of Agricultural technology ക്ക് കൈമാറുകയും ചെയ്തു. ഫെബ്രുവരി 24ന് മഠം വിട്ട അവർ പിറ്റേന്ന് പനാമയിലെത്തി. 2001 ജനുവരി 20 ന് അർജന്റീനയിൽ നിന്ന് നിക്കരാഗ്വയിലെത്തിയ ഈ സഭ കർശനമായി നിയമമനുഷ്ഠിക്കുന്ന സിസ്റ്റർഷ്യൻ സന്ന്യാസിനി സഭയിൽ ഉൾപ്പെട്ടതാണ്.
പുറത്താക്കലുകൾ
കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ നിയമപരമായ പദവി ദേശീയ അസംബ്ലി റദ്ദാക്കിയതിനെത്തുടർന്ന് 2022 ജൂലൈയിൽ നിക്കരാഗ്വയിൽ നിന്ന് അവരെ പുറത്താക്കി.
2022 ആഗസ്റ്റ് 19 മുതൽ വീട്ടുതടങ്കലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 9 മുതൽ 26 വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ട എസ്റ്റെലിയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററും മതഗൽപ രൂപതയുടെ മെത്രാനുമായ മോൺ. റൊളാന്റോ അൽവാരെസിന് വേണ്ടി പ്രാർത്ഥിച്ചതിന് വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ പനാമയിലെ ക്ലാരേഷ്യൻ മിഷനറി ഫാ. ഡൊണാസിയാനോ അലർക്കോണിനെയും ഭരണകൂടം പുറത്താക്കി. പ്രസിഡന്റ് ഒർട്ടേഗ നോയമ്പുകാലത്തെ പരമ്പരാഗത പൊതുപരിപാടികൾ നിരോധിച്ചതിനെ തുടർന്ന് കത്തോലിക്കാ സമൂഹത്തിന് വിശുദ്ധ വാരം വിഷമം പിടിച്ചതായിരുന്നു. മൂവായിരത്തിലധികം പ്രദക്ഷിണങ്ങൾ രാജ്യത്ത് നിരോധിക്കുകയും ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: