തിരയുക

വിനീതനായ രാജാവ് വിനീതനായ രാജാവ് 

പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈശോയുടെ ജെറുസലേം പ്രവേശനം

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായം ഒന്ന് മുതൽ പതിനേഴ് വരെയുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയ തിരുവചനസന്ദേശം.
സുവിശേഷപരിചിന്തനം Mathew 21, 1-17 - ശബ്ദരേഖ

ഫാ. ആന്റോ തുണ്ടുപറമ്പിൽ CMI

ഈശോയുടെ ആഘോഷമായ രാജകീയമായ ജെറുസലേം പ്രവേശനവും, ദേവാലയത്തിലേക്ക് കടന്നു വരുന്നതും, ഈശോ ദേവാലയം ശുദ്ധീകരിക്കുന്നതുമൊക്കെയുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് ഇന്ന് നമ്മൾ അനുസ്മരിക്കുക. പ്രത്യേകിച്ചും ഈ ഓശാന ആഘോഷത്തോടെ നമ്മൾ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയും, നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട  ദിനങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഓശാന ആഘോഷം നമ്മുടെ ക്രിസ്തീയ വിശ്വാസജീവിതത്തിൽ ഏറെ പ്രാധാന്യം വഹിക്കുന്നുണ്ട്.

ഈശോയുടെ ആഘോഷമായുള്ള ജെറുസലേം പ്രവേശനവും, അവിടെ നടക്കുന്ന സംഭവങ്ങളും പ്രവർത്തികളും സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ അതിൽ അടങ്ങിയിരിക്കുന്ന ദൈവീക അടയാളങ്ങളും, ആന്തരിക അർത്ഥതലങ്ങളും നമുക്ക് മനസ്സിലാകൂ. ആദ്യമായി തന്റെ ജെറുസലേം പ്രവേശനത്തിനായി ഈശോ തെരഞ്ഞെടുക്കുന്നത് ഇതുവരെ ആരും സഞ്ചരിക്കാത്ത ഒരു കഴുതയെയാണ്. അതുതന്നെ ഈ യാത്ര ഒരു വിശുദ്ധ കർമ്മമാണ് എന്ന് വ്യക്തമാക്കുന്നു. കാരണം ശുദ്ധീകരണ കർമ്മത്തിനായി തിരഞ്ഞെടുക്കുന്ന മൃഗം ഇതുവരെ നുകം വെച്ചിട്ടില്ലാത്തത് ആകണമെന്ന് സംഖ്യയുടെ പുസ്തകം 19 ആം അധ്യായം രണ്ടാം തിരുവചനത്തിലും, നിയമാവർത്തന പുസ്തകം ഇരുപത്തിയൊന്നാം അധ്യായം മൂന്നാം തിരുവചനത്തിലും നാം കാണുന്നു. കർത്താവിന്റെ പേടകം വഹിക്കുന്ന വാഹനം പുതിയതായിരിക്കണം, അത്  മറ്റൊന്നിനും ഉപയോഗിച്ചത് ആവരുത് എന്ന് സാമുവലിന്റെ  ഒന്നാം പുസ്തകം, ആറാം അധ്യായം,ഏഴാം തിരുവചനത്തിലും നാം കാണുന്നു. അതിനാൽ ആരും സഞ്ചരിക്കാത്ത കഴുതയെ തിരഞ്ഞെടുക്കുന്നതു വഴി ഈ കർമ്മത്തിന്റെ വിശുദ്ധീകരണ സ്വഭാവം വെളിപ്പെടുത്തുന്നു

രണ്ടാമതായി ജനക്കൂട്ടം ഈശോയെ ഒരു രാജാവിനെപ്പോലെ സ്വീകരിക്കുന്നു. അവർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു എന്നാണ് വചനം നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. ഏഹു, ഇസ്രായേലിന്റെ  രാജാവായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ അവിടെ കൂടിയിരുന്നവർ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ച് അവനു വഴിയൊരുക്കുന്നതായി രാജാക്കന്മാരുടെ രണ്ടാം പുസ്തകം ഒൻപതാം അധ്യായം പതിമൂന്നാം തിരുവചനത്തിൽ നാം കാണുന്നു. ഇപ്രകാരം ക്രിസ്തുവിനെ രാജാവായി തങ്ങളുടെ മധ്യത്തിലേക്ക് സ്വീകരിക്കുന്നതായി ആ പ്രതീകം നമുക്ക് മനസ്സിലാക്കിത്തരുന്നു.

മൂന്നാമതായി യുദ്ധത്തിൽ വിജയിയായി വരുന്ന ശിമയോൻ മക്കബെയൂസിനെ സ്തുതികൾ ആലപിച്ച് ഈന്തപ്പനകൊമ്പുകൾ  ഏന്തി വീണ, കൈത്താളം, തന്ത്രവാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കുന്നതായി മക്കബായരുടെ ഒന്നാം പുസ്തകം 13 ആം അധ്യായം 51 തിരുവചനത്തിൽ നാം കാണുന്നു. ഇതുപോലെയാണ് വിജയിയായ രാജാവിനെ പോലെ ഈശോയെ ജെറുസലേമിലെ ജനങ്ങൾ വരവേൽക്കുന്നത്.

 കർത്താവിനാൽ നയിക്കപ്പെട്ട് മക്കബേയൂസും,അനുയായികളും നഗരവും ദേവാലയവും വീണ്ടെടുക്കുന്നതും, വിദേശിയർ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിക്കുന്നതും, ദേവാലയം ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരണം മക്കബായരുടെ രണ്ടാം പുസ്തകം പത്താം അധ്യായത്തിൽ നാം കാണുന്നു. അതിന്റെ അവസാനത്തിൽ മരിച്ചില്ലകളും ഈന്തപ്പന കൈകളും വഹിച്ചുകൊണ്ട്  അവർ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നുണ്ട്.രാജകീയമായി ദേവാലയത്തിൽ പ്രവേശിക്കുന്ന ഈശോയ്ക്ക്,ദേവാലയം ശുദ്ധീകരിക്കുക എന്ന വ്യക്തമായ ഒരു ലക്ഷ്യമുണ്ട് എന്ന് ഇവിടെ നമുക്ക് മനസ്സിലാക്കാം.

സക്കറിയയുടെ പുസ്തകം ഒമ്പതാം അധ്യായം ഒമ്പതാം തിരുവചനത്തിലെ പ്രവചനം ഇങ്ങനെയാണ്, "സീയോൻ പുത്രി അതിയായി ആനന്ദിക്കുക ജെറുസലേം പുത്രി ആർപ്പു വിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവൻ പ്രതാപവാനും ജയശാലിയും ആണ്. അവൻ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു." ഈ പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈശോയുടെ ജെറുസലേം പ്രവേശനത്തിൽ നമ്മൾ കാണുന്നത്.

രാജാക്കന്മാരുടെ ഒന്നാം പുസ്തകം,  ഒന്നാം അധ്യായം 33 ആം തിരുവചനത്തിൽ രാജാവായി അഭിഷേകം ചെയ്യപ്പെടാൻ സോളമൻ തന്റെ പിതാവായ ദാവീദിന്റെ കഴുതപ്പുറത്ത് വരുന്നത് നാം കാണുന്നു. അതുപോലെ കഴുതക്കുട്ടിയുടെ പുറത്തേറി ജെറുസലേമിലേക്ക് കടന്നു വരുന്ന ഈശോയും ദാവീദിന്റെ പുത്രനായ രാജാവാണ് താനെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് സങ്കീർത്തനം 118 ആം അധ്യായം 26 ആം തിരുവചനം ആലപിച്ചാണ് അവർ ഈശോയെ സ്വീകരിക്കുന്നത്. ജെറുസലേം ദേവാലയത്തിലേക്ക് കടന്നുവരുന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്. 'ദാവീദിന്റെ പുത്രന് ഓശാന' എന്ന് ഒരു ജയ്‌വിളിയുടെ രൂപത്തിൽ ആണ് അവർ പറയുന്നതെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥം, സങ്കീർത്തനം 118 ആം അധ്യായം 25 ആം തിരുവചനത്തിൽ കാണുന്നതുപോലെ 'കർത്താവേ ഞങ്ങളെ രക്ഷിക്കേണമേ. ഇപ്പോൾ ഞങ്ങളെ രക്ഷിക്കേണമേ' എന്നാണ്. എന്തുകൊണ്ടാണ് തങ്ങളെ രക്ഷിക്കേണമേ എന്ന് ജനം നിലവിളിക്കുന്നത്?

'ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ് ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകൾ ആയിരുന്നില്ല' എന്ന് അഹങ്കാരത്തോടെ ഈശോയോട് പറയുന്ന യഹൂദരെ, യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം 33 ആം തിരുവചനത്തിൽ നാം കാണുന്നുണ്ട്. പിന്നെ എന്തിനാണ് ഞങ്ങളെ രക്ഷിക്കണമെന്ന് അവർ നിലവിളിക്കുന്നത്? തീർച്ചയായും ഇസ്രായേൽ പല കാലങ്ങളിൽ, പലതരത്തിൽ അടിമത്തത്തിൽ ആയിരുന്നു. ഈജിപ്തിലും ബാബിലോണിയയിലും അവർ അടിമകൾ ആയിരുന്നു. അവരുടെ ചുറ്റുമുണ്ടായിരുന്ന മറ്റു ജനതകൾ അവരെ പല വിധത്തിൽ ഞെരുക്കിയിരുന്നു. റോമാക്കാരുടെ ഭരണം ഇത്തരത്തിൽ അവരെ അടിമകളാക്കി  മാറ്റിയിരുന്നു എന്നതും ചരിത്ര സത്യമാണ്. എങ്കിലും അവർ അവരുടെ അടിമത്തം തിരിച്ചറിഞ്ഞിരുന്നില്ല എന്നത് വാസ്തവം.

ചിലപ്പോൾ നമ്മളും ഇങ്ങനെയാണ്. പലതും, പല വ്യക്തികളും, സാഹചര്യങ്ങളും, വസ്തുക്കളും, ആശയങ്ങളുമൊക്കെ നമ്മെ അവരുടെ അടിമത്തത്തിന്റെ തടവറയിൽ ആക്കുമ്പോഴും  അത് തിരിച്ചറിയാനാവാത്ത മാനസികാവസ്ഥയിലാണ് നമ്മൾ. ആത്മീയ അന്ധകാരം നമ്മളെ മൂടിയിരിക്കുന്നു. അവിടേയ്ക്കാണ്  ക്രിസ്തു കടന്നു വരേണ്ടത്. അവിടെയാണ് നമ്മൾ ക്രിസ്തുവിന് വഴിയൊരുക്കേണ്ടത്.

 ജനത്തിന്റെ നിലവിളിക്കുള്ള യഥാർത്ഥ ഉത്തരം എന്താണ് എന്ന് ഈശോ കാണിച്ചു തരുന്നുണ്ട്. ക്രിസ്തുവിനെ രാഷ്ട്രീയ വിമോചകനായി കണ്ടാണ് ജനം നിലവിളിക്കുന്നത് എന്നാൽ രക്ഷ എന്നത് രാഷ്ട്രീയ വിമോചനം അല്ല മറിച്ച് ആത്മീയ വിമോചനമാണ് എന്ന് ക്രിസ്തു വ്യക്തമാക്കുന്നു. നിലവിളിക്കുള്ള ഉത്തരം ഒന്നാമതായി ദേവാലയത്തിലേക്ക്, ദൈവസന്നിധിയിലേക്ക് പ്രവേശിക്കുക എന്നതാണ്. രണ്ടാമതായി അത് ദേവാലയത്തെ വിശുദ്ധീകരിക്കുക എന്നതാണ്. എന്റെ  ഹൃദയവും, ശരീരവും, കുടുംബവും ആകുന്ന ദേവാലയത്തെ ഞാൻ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അവർ ദേവാലയത്തെ കച്ചവട സ്ഥലമായി കരുതിയതു പോലെ ചിലപ്പോൾ നാമും  നമ്മുടെ ദേവാലയത്തെയും, ദൈവവുമായുള്ള ബന്ധത്തെയുമൊക്കെ  ഒരു കച്ചവട മനോഭാവത്തോടെ സമീപിക്കാറില്ലേ?

തുടർന്ന്  ഈശോയെ സ്വീകരിക്കുവാൻ ജനം ഇലകളും വസ്ത്രങ്ങളും ഒക്കെ വഴിയിൽ നിരത്തി കാത്തുനിൽക്കുന്നതും ഇന്നത്തെ വചനത്തിൽ നാം കാണുന്നുണ്ട്. ഇതിനെയും പ്രതീകാത്മകമായി നാം മനസ്സിലാക്കണം. 'ഇലകളും,വസ്ത്രവും',  ആദ്യമായി ഈ  പ്രതീകങ്ങളെ നാം കാണുന്നത് ഉല്പത്തി പുസ്തകത്തിലാണ്. അവിടെ പാപം ചെയ്ത മനുഷ്യൻ, തന്റെ നഗ്നത മറക്കാനാണ് ആദ്യമായി ഇല കൂട്ടിത്തുന്നി വസ്ത്രം ഉണ്ടാക്കുന്നത് . തങ്ങളുടെ പാപത്തിന്റെ നഗ്നതയെ മൂടുവാനാണ്  അവർ അത് ചെയ്തതെങ്കിൽ, ഈ ജനക്കൂട്ടം അതെല്ലാം ഈശോയുടെ മുമ്പിൽ വിരിക്കുമ്പോൾ, തങ്ങളെ തന്നെ ദൈവത്തിന്റെ മുമ്പിൽ തുറന്നുവയ്ക്കുന്നതിന്റെ പ്രതീകം കൂടിയാണ് വെളിപ്പെടുത്തുക. ഈ നോമ്പുകാലത്ത് നല്ല  ഒരു കുമ്പസാരം നടത്തേണ്ടതിന്റെയും അപ്രകാരം വിശുദ്ധീകരിക്കപ്പെടേണ്ടതിന്റെയുമൊക്കെ ആവശ്യകത ഇത് നമ്മളെ അനുസ്മരിപ്പിക്കുന്നു. നമ്മുടെ പാപ അവസ്ഥകളെയും, ബലഹീനതകളെയും, കുറവുകളെയുമൊക്കെ കർത്താവിന്റെ മുൻപിൽ തുറന്നു വയ്ക്കാൻ കൂടി ഈ ഓശാനതിരുനാൾ നമ്മെ ക്ഷണിക്കുന്നു.

പെസഹാ കുഞ്ഞാടായ ക്രിസ്തു തന്നെത്തന്നെ സമർപ്പിക്കുന്നതായും ഇവിടെ നമുക്ക് കാണാം കാരണം പെസഹായ്ക്ക് ബലിയർപ്പിക്കപ്പെടേണ്ട കുഞ്ഞാടിനെ നാല് ദിവസം മുമ്പ് തിരഞ്ഞെടുക്കണമെന്ന് ദൈവം കൽപ്പിക്കുന്നുണ്ട്. നാല് ദിവസം മുമ്പ് നടക്കുന്ന ഈ ഓശാന അനുഭവം ഈശോ തന്നെത്തന്നെ പെസഹ കുഞ്ഞാടായി സമർപ്പിക്കുന്നതിന്റെ അടയാളം കൂടിയാണ്.

പ്രിയപ്പെട്ടവരെ, ഈ ഓശാന ആഘോഷം ബാഹ്യമായുള്ള ആർഭാടങ്ങൾക്കുമപ്പുറം  നമ്മുടെ രാജാവും, രക്ഷകനുമായി ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുവാനും, ആ ക്രിസ്തുവിന്റെ മുമ്പിൽ നമ്മെ തന്നെ തുറന്നു വയ്ക്കുവാനുമായുള്ള അവസരമായി നമുക്ക് പ്രയോജനപ്പെടുത്താം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2023, 17:14